ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പിനിക്ക് ഇനി ലാഭക്കണക്കുകൾ പറായം. എട്ട് വർഷത്തിന് ശേഷം എയർഇന്ത്യ ലാഭത്തിലാകുന്നു. വിമാന ഇന്ധനത്തിന്റെ വിലക്കുറവ് ഇതിന് ഒരുപരിധി വരെ കാരണമാണ്. എന്നാൽ നരേന്ദ്ര മോദി സർ്ക്കാരിന്റെ ചെലവ് ചുരുക്കലും പരിഷ്‌കരണ നടപടികളും കോടികളുടെ നഷ്ടക്കണക്കിൽ നിന്ന് എയർഇന്ത്യയെ ഉർത്തെഴുന്നേൽപ്പിന് സജ്ജമാക്കിയെന്നാണ് റിപ്പോർട്ട്.

ഈ സാമ്പത്തിക വർഷം എട്ട് കോടിയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എട്ട് വർഷത്തിനിടെ ആദ്യമായാണ് എയർഇന്ത്യ ലാഭക്കണക്ക് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 2,636.18 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് മുമ്പത്തെ വർഷം പ്രവർത്തന നഷ്ടം മൂവായിരം കോടിയോട് അടുത്തായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റേയും ഇടപെടലാണ് ഇതിന് കാരണം. 2012 മുതൽ എയർഇന്ത്യയെ ലാഭത്തിലാക്കാൻ ചില ഇടപെടലുകൾ തുടങ്ങിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിന് വേഗം വച്ചു. ഇതാണ് ഫലം കാണുന്നത്.

ആഭ്യന്തര വിദേശ സർവ്വീസുകൾ നടത്തുന്നതിന് പൊതുമേഖലയിൽ രണ്ട് വിമാന സർവ്വീസുകൾ ഉണ്ടായിരുന്നു. എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും. ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുന്നതിനായി 2007-08ൽ രണ്ട് കമ്പനികളും ഒരുമിപ്പിച്ചു. എന്നാൽ ഇത് എയർഇന്ത്യയെ നഷ്ടത്തിലേക്ക് കൊണ്ടു പോയി. സ്വകാര്യ വിമാനക്കമ്പിനികളുടെ സജീവത കൂടിയായതോടെ ആഭ്യന്തര സർവ്വീസിൽ എയർഇന്ത്യ പിന്നോക്കം പോവുകയും ചെയ്തു. വിദേശ സർവ്വീസകുൾ നടത്താൻ ബജറ്റ് എയർലൈനുകളുമെത്തി. ഇതോടെ കടവും ബാധ്യതയും കുമിഞ്ഞു കൂടി. യാത്രക്കാർക്ക് സേവനങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയും വിനയായി. ഇന്ത്യയുടെ പൊതുമേഖലാ സർവ്വീസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ഇടപെടലിന് കേന്ദ്ര സർക്കാരെത്തി. ഈ സാമ്പത്തിക വർഷം എട്ട് കോടിയുടെ ലാഭമുണ്ടാക്കാനാകുമെന്ന് വ്യോമയാന സഭമന്ത്രി മഹേഷ് ശർമ്മ രാജ്യസഭയിലാണ് വ്യക്തമാക്കിയത്.

ഡിസംബറിൽ എയർ ഇന്ത്യ 14.6 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. 2070 കോടി രൂപയാണു വരുമാനം. ഏറെക്കാലമായി നഷ്ടം മാത്രമാണണ് എയർ ഇന്ത്യ നേരിട്ടുകൊണ്ടിരുന്നത്. 2013 ഡിസംബറിൽ 1944 കോടി രൂപ വരുമാനവും 169 കോടി രൂപ നഷ്ടവുമായിരുന്നു. ഈ സാമ്പത്തികവർഷം 16500 കോടി രൂപ യാത്രക്കാരിൽ നിന്നു വരുമാനമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. 21500 കോടി ആകെ വരുമാനം നേടാമെന്നും ഉപസ്ഥാപനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ 25000 കോടി രൂപ വിറ്റുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. ഡിസംബറിന് ശേഷം സ്ഥിരമായി തന്നെ ലാഭം നിലനിർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എയർഇന്ത്യ ലാഭത്തിലേക്ക് പോകുന്നതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചത്. പ്രതീക്ഷിക്കുന്ന ലാഭമാണ് എട്ട് കോടി. എന്നാൽ ഡിസംബറിലെ നേട്ടം മാർച്ച് മാസം വരെ നിലനിർത്തുമെന്നാണ് എയർഇന്ത്യ നൽകുന്ന സൂചന.

എയർ ഇന്ത്യ യുടെ ഇപ്പോഴത്തെ സിഎംഡി ആയ അശ്വനി ലോഹാനിയുടെ ഇടപെടലും നിർണ്ണായകമായി. 2015ലാണ് മോദി അശ്വനി ലോഹാനിയെ സിഎംഡിയായി നിയോഗിച്ചത്. 1980 ബാച്ചിലെ ഈ ഐ ആർ എസ് ഓഫീസറുടെ ഇടപെടലും എയർഇന്ത്യയുടെ രക്ഷയ്ക്ക് കാരണമായി. ഒരു കൊല്ലം കൊണ്ട് മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് അവർ ചുമതല ഏറ്റെടുത്തത്. കൃത്യമായ ഇടപെടലിലൂടെ അവർ അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ചെലവ് ചുരുക്കലും പരിഷ്‌കരണവും യാഥാർത്ഥ്യമാക്കുകയായിരു്‌നു അവർ. മധ്യപ്രദേശ് ടൂറിസത്തിന് ലോക മാപ്പിൽ ഇടം നേടിക്കൊടുത്ത അശ്വനി ലോഹനിയുടെ മികവ് മനസ്സിലാക്കിയുള്ള തീരുമാനം ഫലം കാണുകയായിരുന്നു.

എണ്ണവില ഇടിഞ്ഞതും എയർഇന്ത്യയുടെ പ്രവർത്തന ചെലവ് കുറച്ചു. ഇതും ലാഭക്കണക്കിനെ സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കൂടുതൽ ചെലവു ചുരുക്കൽ നടപടികളുമായി എയർ ഇന്ത്യ രംഗത്ത് വന്നിരുന്നു. നഷ്ടത്തിലുള്ള സർവീസുകൾ പുനഃസംഘടിപ്പിച്ചും, ലാഭ സാധ്യതയുള്ള പുതിയ സർവീസുകൾ ആരംഭിച്ചും പ്രതിസന്ധിയിൽ നിന്നും കരകയറാനും കമ്പനി നടപടികളെടുത്തു. 31,000 കോടി രൂപയായിരുന്നു എയർഇന്ത്യയുടെ 2013-2014 സാമ്പത്തിക വർഷത്തിലെ നഷ്ടം. 40,000 കോടി വായ്പയുടെ പലിശയിനത്തിലേക്കാണ് വരുമാനത്തിന്റെ ഏറിയ പങ്കും ചിലവഴിക്കപ്പെടുന്നത്. നവീകരണ പദ്ധതികളുടെ ഭാഗമായി 2012ൽ കേന്ദ്രസർക്കാർ അനുവദിച്ച 30,000 കോടിയിൽ 18000 കോടിയും കഴിഞ്ഞ വർഷം ചിലവഴിക്കപ്പെട്ടതായാണ് കണക്കുകൾ.

ചെലവു ചുരുക്കലിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 23 ബുക്കിങ്ങ് ഓഫീസുകൾ എയർഇന്ത്യ അടച്ചുപൂട്ടിയിരുന്നു. ഇതിനു പുറമെ, വിദേശത്തടക്കമുള്ള വിവിധ ബുക്കിങ്ങ് ഓഫീസുകൾ കൂടി അടച്ചുപൂട്ടാനുള്ള ആലോചനയിലാണ് കമ്പനി.ഡൽഹിയെ ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസ് കമ്പനി ഇതിനോടകം നിർത്തലാക്കി. ഇത് സിഡ്‌നിയിലേക്ക് ആഴ്‌ച്ചയിൽ നാലുതവണയും മെൽബണിലേക്ക് മൂന്നുതവണയുമായി ചുരുക്കി. കൂടുതൽ ലാഭകരമായ സ്ഥലങ്ങളിലേക്ക് സർവ്വീസ് തുടങ്ങി. ആഭ്യന്തര സർവ്വീസുകളുടെ എണ്ണവും ഗണ്യമായി കൂട്ടി.

2012ൽ 30,231 കോടി രൂപയാണ് എർഇന്ത്യയുടെ പുനരുദ്ധാരണ പാക്കേജായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എന്നാൽ ആദ്യ നാല് കൊല്ലം അതും ഫലം കണ്ടില്ല. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ചെലവ് ചുരുക്കൽ പദ്ധതി കൊണ്ടു വന്നു. ആദായകരമായ സർവ്വീസുകൾ കൂട്ടി. ഇതോടെയാണ് ലഭക്കണക്കിലേക്ക് കാര്യങ്ങളെത്തിയത്. കിങ് ഫിഷർ പോലുള്ള ആഭ്യന്തര വിമാനക്കമ്പികൾ നഷ്ടത്തിലായതും പ്രതിസന്ധി അവിടെ രൂക്ഷമയാതും എയർഇന്ത്യയ്ക്ക് താങ്ങായി. ഇത് തന്നെയാണ് ലഭക്കണക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. എയർഇന്ത്യയുടേയും ഇന്ത്യൻ എയർലൈൻസിന്റേയും സംയോജനത്തിന് ശേഷം ആദ്യമായാണ് ഇത് സംഭവിച്ചതെന്നതും പ്രസക്തമാണ്. വരും വർഷങ്ങളിലും ലാഭക്കണക്ക് തുടർന്നാൽ പൊതുമേഖലാ വിമാനക്കമ്പനിക്ക് ഏറെ ദൂരം കുതിച്ചു പറക്കാനാകും.

എയർഇന്ത്യയുടെ ഉപസ്ഥാപനമായ എയർഇന്ത്യാ എക്സ്‌പ്രസും ലാഭത്തിലാണ്. എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടായി. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സപ്റ്റംബർ വരെയുള്ള 6 മാസം എയർ ഇന്ത്യ എക്സ്‌പ്രസ്സിന് 1546.16 കോടിയുടെ വരുമാനമുണ്ടായി. ടിക്കറ്റ് വില്പനയിലൂടെ മാത്രം ലഭിച്ച വരുമാനമാണിത്. ചരക്ക് നീക്കം, അധിക ബാഗേജ് എന്നിവയിലൂടെയുള്ള വരുമാനം കൂടാതെയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ വരുമാനം 1406.4 കോടിയായിരുന്നു. ഏപ്രിൽ മുതൽ സപ്തംബർ വരെ 14.5 ലക്ഷം യാത്രക്കാർ എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ വിമാനങ്ങളിൽ യാത്ര നടത്തി. മുൻ വർഷം ഇത് 13.4 ലക്ഷമായിരുന്നു. ഇതിനെ തുടർന്ന് എല്ലാ വിമാനങ്ങളിലും 3 സീറ്റുകൾ വീതം വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ 186 സീറ്റുകൾ എന്നത് 189 സീറ്റുകളായി.

എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സർവ്വീസ് നടത്തുന്നുണ്ട്. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്.