കൊച്ചിയിൽനിന്നും തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റിലേക്ക് ഒരു അഡീഷനൽ ഫ്‌ലൈറ്റ് അനുവദിച്ച് കൊണ്ട് എയർ ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വന്നു. ഇതോടെ, മസ്‌കറ്റിലേക്കുള്ള കൊച്ചി ഫ്‌ലൈറ്റുകളുടെ എണ്ണം നാലായി. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് കൊച്ചി മസ്‌കറ്റ് സർവീസുകൾ നടക്കുക.

തിരുവനന്തപുരത്തു നിന്ന് മസ്‌കറ്റിലേക്കും ഒരു അഡീഷനൽ ഫ്‌ലൈറ്റ് അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ചകളിലാണ് ഇവ സർവീസ് നടത്തുക. മംഗലാപുരത്തുനിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും ശനിയാഴ്ചകളിൽ ഓരോ അഡീഷനൽ ഫ്‌ലൈറ്റുകൾ സർവീസ് നടത്തും.

എന്നാൽ സർവ്വീസുകൾ അനുവദിച്ച് പ്രവാസികൾക്ക് താങ്ങായി മാറിയ എയർ ഇന്ത്യ എക്സ്‌പ്രസ് അധിക ലഗേജിനുള്ള തുക 50 ദിർഹമായി ഉയർത്തിയിട്ടുണ്ട്. 20 കിലോയുടെ സൗജന്യ ബാഗേജിന് പുറമെ കൊണ്ടുപോകാവുന്ന 10 കിലോ ലഗേജിനാണ് 50 ദിർഹം ഈടാക്കുന്നത്. നേരത്തേ ഇത് 30 ദിർഹമായിരുന്നു. പുതുക്കിയ നിരക്ക് ദിവസങ്ങൾക്കുമുമ്പേ നിലവിൽ വന്നു.

ശൈത്യകാല ഷെഡ്യൂൾ ഇന്നലെ മുതൽ പ്രാബല്യത്തിൽവന്നു. ഇതുപ്രകാരം കോഴിക്കോട്ടുനിന്നുള്ള വിമാനം രാത്രി 10.35ന് വിമാനത്താവളത്തിലെത്തും. തുടർന്ന് 11.35ന് തിരിച്ചുപോകും. കൊച്ചി വിമാനം ഉച്ചയ്ക്ക് 2.55ന് വന്ന് വൈകിട്ട് അഞ്ചിന് തിരിച്ചുപോകും. തിരുവനന്തപുരം വിമാനം വൈകിട്ട് 7.45ന് വന്ന് 8.45ന് തിരികെ പോകും. മംഗലാപുരത്തുനിന്നുള്ള വിമാനം രാവിലെ 11.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് 12.20ന് പോകും. പുലർച്ചെയുള്ള വിമാനം 1.20ന് വന്ന് 2.30ന് തിരികെ പോകും.