- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിപ്പൂർ വിമാനാപകടത്തിൽ ഇൻഷുറൻസ് തുകയായി ലഭിക്കുക 374 കോടി രൂപ; ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ; പണം എയർ ഇന്ത്യ എക്സ്പ്രസിന് അടുത്ത ആഴ്ച്ച നൽകുമെന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി: കരിപ്പൂരിൽ അപകടത്തിൽപെട്ട ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഇൻഷുറൻസ് തുകയായി 374 കോടി രൂപ ലഭിക്കും. വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇൻഷുറൻസ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്തയാഴ്ച തന്നെ എയർ ഇന്ത്യ എക്സ്പ്രസിന് ഇടക്കാല പേയ്മെന്റ് അല്ലെങ്കിൽ 'ഓൺ അക്കൗണ്ട് പേയ്മെന്റ്' നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "ലീഡ് റീഇൻഷുറർ ആവശ്യപ്പെട്ട രേഖകൾ എയർലൈൻ സമർപ്പിക്കേണ്ടതുണ്ട്. അത് ചെയ്തുകഴിഞ്ഞാൽ ക്ലെയിം പ്രോസസ്സ് ചെയ്യും. എയർ ഇന്ത്യ എക്സ്പ്രസിന് ക്ലെയിം പേയ്മെന്റ് ലീഡ് പ്രൈമറി ഇൻഷുറർ നൽകുകയും ലീഡ് റീഇൻഷുററിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും," ഉദ്യോഗസ്ഥർ ചേർത്തു.ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്നും, ആവശ്യപ്പെട്ട മിക്ക പേപ്പറുകളും എയർലൈൻ സമർപ്പിച്ചിട്ടുണ്ടെന്നും ഇടക്കാല തുക ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്