അബുദാബി: എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു. 153 യാത്രക്കാരാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ഇന്നു പുലർച്ചെ കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അനശ്ചിതമായി വൈകുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പകരം യാത്രാസംവിധാനമോ താമസസൗകര്യമോ ഇല്ലാതെ ദുരിതത്തിലാണ്.

പുലർച്ചെ 12.30ന് കോഴിക്കോട്ടേക്കു തിരിക്കേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. ഐഎക്‌സ് 348 വിമാനം ഇന്ന് രാത്രി ഒൻപതരയോടെ മാത്രമേ കോഴിക്കോട്ടേക്കു പുറപ്പെടൂ എന്നാണ് അധികൃതർ പറയുന്നത്.

മരണവീട്ടിലേക്കു പുറപ്പെട്ട പാലക്കാട് സ്വദേശിക്ക് യാത്ര മുടങ്ങിയ അവസ്ഥ വരെയുണ്ടായി. ഭാര്യയുടെ അമ്മ മരിച്ചതിനെത്തുടർന്ന് അവധിയെടുത്തു പെട്ടെന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നു ഇൗ യാത്രക്കാരൻ. കുറച്ചു മണിക്കൂറുകൾ മാത്രമാണ് അവധി ലഭിച്ചത്. എന്നാൽ, വിമാനം വൈകിയതോടെ യാത്ര റദ്ദാക്കാൻ ഇയാൾ നിർബന്ധിതനാകുകയായിരുന്നു.

ദൂരസ്ഥലത്തുനിന്നു യാത്രയ്ക്കായി എത്തിയവരെല്ലാം വിമാനത്താവളത്തിൽ എത്തിയശേഷമാണ് യാത്ര വൈകുമെന്ന കാര്യം അറിഞ്ഞത്. മറ്റൊരു നിവൃത്തിയുമില്ലാതെ വിമാനത്താവളത്തിലെ സോഫയിലും തറയിലും മറ്റും കിടന്നാണ് പലരും നേരം വെളുപ്പിച്ചത്. താമസ സൗകര്യത്തിനായി എയർ ഇന്ത്യാ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണു യാത്രക്കാരുടെ പരാതി. ഭക്ഷണമോ, വെള്ളമോ പോലും അധികൃതർ നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു.