- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയുടെ ടിക്കറ്റിൽ മാലിദ്വീപിലേക്ക് പറക്കാൻ എത്തിയ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് മടക്ക ടിക്കറ്റ് എയർ ഇന്ത്യയുടേതല്ലെന്ന പേരിൽ; മടങ്ങിവരാൻ ഇൻഡിഗോ എയർവെയ്സിന്റെ ടിക്കറ്റ് മതിയാവില്ലെന്ന് ജീവനക്കാർ; കഷ്ടപ്പെടുത്തിയത് ബിസിനസ് വിസയുള്ള ഡോക്ടറെ എന്ന് ട്രാവൽ ഏജൻസി ജിഎം പൂജ; ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രശ്നം മാത്രമെന്നും എയർ ഇന്ത്യ
തിരുവനന്തപുരം: വിദേശത്ത് നിന്നും തിരികെ വരാനുള്ള യാത്ര മറ്റൊരു വിമാന കമ്പനിയിലൂടെയായതിനാൽ യാത്രക്കാരിയെ യാത്ര ചെയ്യാൻ എയർ ഇന്ത്യാ ജീവനക്കാർ അനുവദിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ ജി.എസ് മിനുവിനെയാണ് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് എയർ ഇന്ത്യാ ജീവനക്കാർ തടഞ്ഞത്. മാലി ദ്വീപിലേക്ക് പോകുവാനായാണ് ഡോ.മിനു തിരുവനന്തപുരത്തെത്തിയത്. എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ചെക്ക് ഇൻ സമയത്ത്, തിരികെ വരാനുള്ള ടിക്കറ്റ് കാണിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. തിരികെ വരാനുള്ള യാത്ര ബുക്ക് ചെയ്ത ഇൻഡിഗോ എയർവേയ്സിന്റെ ടിക്കറ്റ് കാണിച്ചു. ഇതോടെയാണ് യാത്ര ചെയ്യാൻ കഴിയില്ല എന്ന് ജീവനക്കാർ അറിയിച്ചത്. എയർ ഇന്ത്യയിൽ പോകുന്നവർ തിരികെയും എയർ ഇന്ത്യയിൽ തന്നെ മടങ്ങുമെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നാണ് ജീവനക്കാർ പറഞ്ഞത്.
എയർ ഇന്ത്യയുടെ കർശന നിർദ്ദേശം ഉള്ളതിനാലാണ് ഇങ്ങനെയെന്നാണ് ജീവനക്കാർ അറിയിച്ചത്. ഒടുവിൽ ഫ്ളോർ മാനേജറെ കണ്ടപ്പോൾ വളരെ മോശമായി പെരുമാറി എന്നും അവർ പറയുന്നു. ഏറെ നേരം വാഗ്വാദങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ജോലി സംബന്ധമായി എത്രയും വേഗം മാലി ദ്വീപിൽ എത്തേണ്ടതായിരുന്നതിനാൽ ഗത്യന്തരമില്ലാതെ ഇൻഡിഗോയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് എയർ ഇന്ത്യയുടെ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാണ് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. അവർ വളരെ വേഗം തന്നെ എയർ ഇന്ത്യയുടെ ഇ-മെയിലിലേക്ക് ടിക്കറ്റ് അയച്ചു. എന്നാൽ അവിടെ കൊണ്ടും ജീവനക്കാരുടെ ക്രൂരത തീർന്നില്ല. മാലി ദ്വീപിൽ താമസിക്കാൻ എടുത്തിരിക്കുന്ന ഹോട്ടൽ ബുക്കിങ് വിവരങ്ങൾ വേണമെന്നായി. നിയമാനുസരണമുള്ള ബിസിനസ് വിസയുള്ള ഡോക്ടറോടാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത്. അവിടെയും ഡോക്ടറെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിച്ചു.
ഇതോടെ മാനസികമായും ശാരീരികമായും താൻ തളർന്നു പോയി എന്നും ഒരു സ്്ത്രീയാണെന്നുള്ള പരിഗണന പോലും തരാതെ യാതൊരു സഹായവും അവർ ചെയ്തില്ല എന്നും ഡോക്ടർ എയർ ഇന്ത്യക്കും ഏവിയേഷൻ ഡിപ്പാർട്ട്മെന്റിനും നൽകിയ പരാതിയിൽ പറയുന്നു. എയർ ഇന്ത്യ തന്നെ ചതിക്കുകയായിരുന്നു എന്നും പോകുന്ന അതേ വിമാനത്തിൽ തന്നെ തിരികെ വരണമെന്ന് ഒരു നിയമവുമില്ലെന്നും അവർ പറയുന്നു. കൂടാതെ തന്നോട് മോശമായി പെരുമാറിയ തിരുവനന്തപുരം എയർപോർട്ടിലെ എയർ ഇന്ത്യയുടെ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും തനിക്കേറ്റ അപമാനത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എയർ ഇന്ത്യക്കും ഏവിയേഷൻ ഡിപ്പാർട്ട്മെന്റിനും പുറമേ ശശി തരൂർ എംപിക്കും പ്രതിപക്ഷ നേതാവിനും പരാതി ഇ-മെയിൽ അയച്ചിട്ടുണ്ട്.
ഡോക്ടർ മിനുവും ഭർത്താവും ഉൾപ്പെടുന്ന കുടുംബം ഏറെ നാളായി മാലിദ്വീപിൽ സ്ഥിരതാമസമാണ്. നാട്ടിലെത്തിയതിന് ശേഷം തിരികെ മാലി ദ്വീപിലേക്ക് പോകുന്നതിനായാണ് എയര് പോർട്ടിൽ എത്തിയത്. എന്നാൽ അവിടെ വച്ച് അപമാനമേൽക്കേണ്ടി വന്ന ആഘാതത്തിലാണ് മിനു ഇപ്പോഴും. അതേ സമയം ഡോക്ടർ മിനുവിന് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഏൽക്കേണ്ടി വന്ന ദുരിതത്തെ പറ്റി ടിക്കറ്റ് ബക്ക് ചെയ്തുകൊടുത്ത ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ പൂജാ രാജേന്ദ്രൻ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർ തിരികെ വരാനും എയർ ഇന്ത്യാ ടിക്കറ്റ് തന്നെ ബുക്ക് ചെയ്യണമെന്നും അല്ലെങ്കിൽ യാത്ര തടസപ്പെടുമെന്നും കാട്ടിയാണ് തന്റെ ഫെയ്സ് ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട എയർ ഇന്ത്യ അധികൃതർ ഭീഷണിപ്പെടുത്തി ഫെയ്സ് ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് പൂജ പറയുന്നു. കൂടാതെ തന്റെ സ്ഥാപനത്തിന്റെ ക്യാപിങ് റദ്ദ് ചെയ്ത് പ്രതികാരം വീട്ടി എന്നും അവർ ആരോപിച്ചു.
അതേ സമയം ഡോക്ടർ മിനുവിന് എയർപോർട്ടിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ല എന്ന് എയർ എന്ത്യ അധികൃതർ മറുനാടനോട് പ്രതികരിച്ചു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നതു മാത്രമാണ് സത്യം. സാധാരണ വിമാന സർവ്വീസ് ആംഭിക്കാത്തതിനാൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യാത്രാ നിയമങ്ങൾ കർശനമാണ്. എയർ ബബിൾ കരാർ പ്രകാരമാണ് (കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മിൽ ഏർപ്പെടുന്ന താൽക്കാലിക ഇടപാടാണ് വ്യോമഗതാഗത ബബിളുകൾ.) ഇപ്പോൾ സർവ്വീസ് നടത്തുന്നത്. മാലി ദ്വീപിൽ എത്തിയ ശേഷം ഏതെങ്കിലും കാരണവശാൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ തിരികെ അതേ വിമാനത്തിൽ തന്നെ പോരേണ്ടതായി വരും. അതിനാലാണ് റിട്ടേൺ ടിക്കറ്റും യാത്ര ചെയ്യുന്ന വിമാന കമ്പനിയുടേത് തന്നെ എടുക്കണമെന്ന് നിർദ്ദേശിക്കുന്നത്. വിവരങ്ങൾ യാത്രക്കാരിയായ ഡോ.മിനുവിനോട് പറഞ്ഞപ്പോൾ അവർ മറ്റൊരു ടിക്കറ്റ് എടുക്കാൻ തയ്യാറായി. എന്നാൽ ഈ സമയം മാലിദ്വീപ് കൺട്രീ മാനേജരുമായി ഫോണിൽ സംസാരിച്ച് അവർക്ക് പോകുന്നതിന് തടസമില്ലെന്ന് വ്യക്തത വരുത്തി. അപ്പോഴേക്കും എയർ ഇന്ത്യയുടെ മടക്ക ടിക്കറ്റ് മിനു ബുക്ക് ചെയ്തിരുന്നു. ഈ ടിക്കറ്റ് എയർ ഇന്ത്യ തന്നെ ക്യാൻസൽ ചെയ്താണ് യാത്ര തുടരാൻ അനുവദിച്ചത് എന്നും അധികൃതർ വ്യക്തമാക്കി.
എയർപോർട്ടിൽ നിന്നും സന്തോഷത്തോടെയാണ് ഡോ.മിനു യാത്രയായത് എന്നും പിന്നീട് ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു പരാതിക്ക് പിന്നിലെന്നും അറിയില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. ഫെയ്സ് ബുക്കിൽ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ വീഡിയോയിലൂടെ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും എയർ ഇന്ത്യയെ അപമാനപ്പെടുത്തിയതിന് പരാതി നൽകുമെന്നും അധികൃതർ പറഞ്ഞു. കമ്പനിയെ പറ്റി മോശമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാലാണ് ക്യാപിങ് നിർത്തിയത് എന്നും അവർ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.