കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ വേനൽക്കാല ഷെഡ്യൂൾ പുറത്ത് വന്നപ്പോൾ കുവൈത്ത് കോഴിക്കോട് റൂട്ടിൽ അഞ്ച് സർവ്വീസാക്കി ഉയർത്തിയത് പ്രവാസികൾക്ക് ഗുണമാകുന്നു.ജൂൺ എട്ടുമുതൽ കോഴിക്കോട് കുവൈത്ത് റൂട്ടിൽ ആഴ്ചയിൽ അഞ്ചു ദിവസം സർവ്വീസ് നടത്തുക. നിലവിൽ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണു സർവീസ്. തിങ്കൾ, ബുധൻ ദിവസങ്ങൾ കൂടി ഉൾപ്പെടുത്തിയാണു വേനൽക്കാല ഷെഡ്യൂളിലുള്ളത്.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 11.30നു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 1.50നു കുവൈത്തിൽ എത്തും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു പകൽ 11.50നു പുറപ്പെട്ട് ഉച്ചയ്ക്കു 2.10നു കുവൈത്തിൽ എത്തും. കുവൈത്തിൽനിന്നു കോഴിക്കോട്ടേക്കു ഞായറാഴ്ചകളിൽ ഒരു സർവീസും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ടു സർവീസും ഉണ്ടാകും..

ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.10നു കുവൈത്തിൽനിന്നു പുറപ്പെടുന്ന വിമാനം രാത്രി 10.15നു കോഴിക്കോട്ടെത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇതേസമയത്തുള്ള സർവീസിനു പുറമേ രണ്ടാമത്തെ സർവീസ് രാത്രി 2.50നു പുറപ്പെട്ടു രാവിലെ 9.50നു കോഴിക്കോട്ടെത്തും. യാത്രക്കൂലിയിൽ കുറവില്ല. കുവൈത്തിൽനിന്നു പുറപ്പെടുന്ന വിമാനത്തിനു കോഴിക്കോട്ടേക്കു ടിക്കറ്റ് ലഭിക്കാവുന്ന കുറഞ്ഞ നിരക്ക് 115 ദിനാറാണ്. പുലർച്ചെ പുറപ്പെടുന്ന വിമാനത്തിനാ ണെങ്കിൽ 87 ദിനാറിനു മുകളിൽ ആയിട്ടുണ്ട് നിരക്ക്. റിട്ടേൺ ടിക്കറ്റ് ലഭിക്കാവുന്ന കുറഞ്ഞ നിരക്ക് 170 ദിനാറിനു മുകളിലുമാണ്