ദമാം: ദമാമിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ ലോ കോസ്റ്റ് സർവീസിന് തുടക്കമായി. ആഴ്ചയിൽ മൂന്ന് ദിവസമാകും സർവീസ് ഉണ്ടാകുക. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ആദ്യ വിമാനം ദമാമിൽ നിന്ന് പറന്നുയർന്നതോടെ സർവീസിന് തുടക്കമായി

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് എയർഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുന്നത്. 170 സീറ്റുകൾ ഉള്ള ഐ481 വിമാനമാണ് സർവീസ് നടത്തുന്നത്. കൊച്ചിയിൽ നിന്ന് രാത്രി രണ്ടിന് പുറപ്പെട്ട വിമാനം പുലർച്ചെ നാല് മണിയോടെ ദമാമിൽ എത്തി. എയർ ഇന്ത്യയുടെ ഏക ബജറ്റ് എയർലൈൻസാണിത്. യാത്രക്കാർക്ക് മുപ്പത് കിലോ സാധനങ്ങൾ കൊണ്ടു പോകാം. ഇതിന് പുറമെ ഹാന്റ്ബാഗിൽ ഏഴ് കിലോവരെയാകാമെന്നും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിൽ നിന്നുള്ളവരുടെ യാത്രാ ക്ലേശത്തിന് ഇതോടെ ഒരു പരിധിവരെ പരിഹരമാകും.

ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 625 റിയാലാണ് ടിക്കറ്റ് നിരക്ക്. പോയി വരണമെങ്കിൽ 1100 റിയാൽ മതിയാകും. ഇതോടെ മംഗലാപുരം, കോഴിക്കോട് കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. റമദാൻ-സ്‌കൂൾ അവധിയാഘോഷിക്കാൻ നാട്ടിൽ പോകാനൊരുങ്ങുന്നവർക്ക് പുതിയ സർവീസ് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.