കോഴിക്കോട്: വിമാനത്തിൽ യാത്ര ചെയ്യുന്നവർ എന്തു വിശ്വസിച്ച് ഉള്ളിലിരിക്കും. അധികൃതരുടെ കൃത്യമായ പരിശോധന നടക്കാത്തതിനാൽ ഷാർജയിൽ നിന്നു കോഴിക്കോട്ടേക്കു പൈലറ്റ് വിമാനം പറത്തിയതു മദ്യപിച്ചു ലക്കുകെട്ട്.

എയർ ഇന്ത്യയുടെ ഷാർജ-കോഴിക്കോട് വിമാനമാണ് പൈലറ്റ് അടിച്ചുഫിറ്റായി പറത്തിയത്. ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ പൈലറ്റ് ബ്രീത്ത് അനലൈസർ ടെസ്റ്റിൽ പരാജപ്പെടുകയായിരുന്നു.

സാധാരണ ബ്രീത്ത് അനലൈസർ കഴിഞ്ഞാണ് വിമാനം എടുക്കാനായി പൈലറ്റ് എത്തുന്നത്. എന്നാൽ ഇക്കുറി വിമാനം പറത്തി എത്തിയശേഷമാണ് പരിശോധന നടത്തിയത്. നേരത്തേയും മദ്യപിച്ച് വിമാനം പറത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതിനാലാണ് പൈലറ്റിനെ വീണ്ടും എയർ ഇന്ത്യ പരിശോധനക്ക് വിധേയനാക്കിയത്.

ഷാർജയിൽ നിന്ന് കോഴിക്കോടെത്തിയ വിമാനം വീണ്ടും അടുത്ത സ്ഥലത്തേക്ക് ഷെഡ്യൂൾ ഉണ്ടായിരുന്നു. എന്നാൽ പൈലറ്റ് മദ്യപിച്ചതിനാൽ തന്നെ അതിന് സാധിച്ചില്ല. പകരക്കാരനാവാൻ മറ്റൊരു പൈലറ്റിനെ ലഭിച്ചതുമില്ല. സംഗതി വിവാദമായതോടെ കോഴിക്കോടേക്ക് പൈലറ്റുമായി മറ്റൊരു വിമാനം വഴിതിരിച്ച് വിട്ടാണ് എയർ ഇന്ത്യ പ്രശ്നം പരിഹരിച്ചത്.

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു. ഇതിന് മുമ്പും പൈലറ്റ് ഇത് ആവർത്തിച്ചിച്ചുള്ളതിനാൽ മുന്നറിയിപ്പ് നൽകി വിടാനാവില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. സാധാരണഗതിയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം പൈലറ്റ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് അപൂർവ്വമാണ്. ആദ്യമായി മദ്യപിച്ചെന്ന് കണ്ടെത്തിയാൽ മൂന്ന് മാസം ലൈസൻസ് സസ്പെൻഷനും രണ്ടാമത്തെ തവണ ആവർത്തിച്ചാൽ അഞ്ച് വർഷം ലൈസൻസ് സസ്പെൻഷനുമാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്.

മൂന്ന് മാസം സസ്പെൻഷന് ശേഷം തെറ്റ് തുടർച്ചയായി ആവർത്തിച്ചാൽ മൂന്ന് വർഷം വരെ ലൈസൻസ് റദ്ദാക്കുകയാണ് നിലവിൽ ചെയ്യാറുള്ളത്.