കൊൽക്കത്ത: എയർ ഇന്ത്യ വീണ്ടും യാത്രക്കാർക്ക് പണി കൊടുത്തു.144 സീറ്റുകൾ മാത്രമുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തത് 194 യാത്രക്കാർ.കൊൽക്കത്ത-ഗുവാഹത്തി ഫ്‌ളൈറ്റിൽ ശനിയാഴ്ചയാണ് സംഭവം. യാത്രാവിമാനത്തിൽ ഉൾക്കൊള്ളാവുന്നതിലധികം യാത്രക്കാർ എത്തിയതോടെ എയർ അന്ത്യ അധികൃതരും വലഞ്ഞു. എന്തായാലും ഒടുവിൽ യാത്രക്കാരെയെല്ലാം തങ്ങളുടെ ചെലവിൽ ഹോട്ടലിൽ താമസ സൗകര്യമൊരുക്കിയ ശേഷം രണ്ടു വിമാനങ്ങളിലായി അവരെ കയറ്റിവിട്ട് തടിയൂരുകയായിരുന്നു കമ്പനി.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ജീവനക്കാരുടെ ഔദ്യോഗിക വിശദീകരണം ഇങ്ങനെ; 'തികച്ചും അസാധാരണ സാഹചര്യമായിരുന്നു അത്.സാധാരണ എല്ലാ ദിവസവും രണ്ടുമൂന്നു ശതമാനം അധികം ബുക്കിങ്ങ് നടക്കാറുണ്ട്.പക്ഷേ കഴിഞ്ഞ ദിവസം അത് 31 ശതമാനം വരെയായി.മാത്രമല്ല റിസർവേഷൻ സിസ്റ്റത്തിലുണ്ടായ തകരാർ കാര്യങ്ങൾ തകിടം മറിച്ചു'.

ഇതോടെ യാത്രക്കാർ ബഹളം വച്ചു.പ്രതിഷേധം ശക്തമായതോടെ തങ്ങളുടെ പിഴവ് സമ്മതിച്ച കമ്പനി അധികൃതർ ഒരു ഹോട്ടലിൽ യാത്രക്കാർക്കുള്ള താമസ സൗകര്യമൊരുക്കി. പിന്നീട് രണ്ടു വിമാനങ്ങളിലായി യാത്രക്കാരെ അയയ്ക്കുകയായിരുന്നു.ഞായറാഴ്ച പുലർച്ചയോടെയാണ് ഇതിൽ ഒരു വിമാനം പറന്നു പൊങ്ങിയത്. എന്തായാലും സംഗതി വിവാദമായതോടെ എയർ ഇന്ത്യ അധികൃതർ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഒരാഴ്ച മുമ്പ് എയർ ഇന്ത്യ വിമാനത്തിൽ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തന രഹിതമായതിനെത്തുടർന്ന് യാത്രക്കാർക്ക് ശ്വാസം മുട്ട് അനുഭവിച്ചിരുന്നു. 168 യാത്രക്കാരുമായി ബംഗാളിൽ നിന്നു ഡൽഹിയിലേക്ക് പറന്ന ഐഎ 880 വിമാനത്തിലായിരുന്നു ദുരിതയാത്ര. വിമാനം പുറപ്പെട്ട ശേഷമാണ് എയർ കണ്ടീഷൻ സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചത്. ഈ സംഭവത്തിലും യാത്രക്കാരുടെ പരാതിയിൽ എയർ ഇന്ത്യ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.