വിമാന കമ്പനികളുടെ സീസൺ കൊയ്തുകൾ കഴിഞ്ഞതോടെ  കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ വമ്പൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് രംഗത്ത്. റിയാദിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ നിരക്കിൽ ആണ് എയർ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചത്.  

റിയാദിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, മുംബൈ സെക്ടറുകളിലേക്കാണ് എയർ ഇന്ത്യ നിരക്ക് കുറച്ചത്.  പ്രതിവാരം മൂന്ന് സർവീസ് നടക്കുന്ന റിയാദ്  കോഴിക്കോട് സെക്ടറിൽ ഡിസംബർ 17 വരെ നികുതി കൂടാതെ 500 റിയാലും മടക്കയാത്രയുൾപ്പെടെയുള്ള ടിക്കറ്റിന് 600 റിയാലുമാണ് പുതിയ നിരക്ക്. ഇതേ റൂട്ടിൽ രണ്ടാംഘട്ട നിരക്കിളവ് ഡിസംബർ 25 മുതൽ 2015 മാർച്ച് 31 വരെയാണ്. ഈ സമയത്ത്  മടക്കയാത്രക്കും 500 റിയാൽ മാത്രമായിരിക്കും നിരക്കെന്നും എയർ ഇന്ത്യ അറിയിച്ചു.

റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ 17 വരെ 400 റിയാലും മടക്കയാത്രയുൾപ്പെടെ 500 റിയാലുമാണ് നിരക്ക്. ഡിസംബർ 25 മുതൽ 2015 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇതേ റൂട്ടിൽ നിരക്ക് 300 റിയാലും മടക്കയാത്ര നിരക്ക് 400 റിയാലുമായി കുറയും. റിയാദ്  മുംബെ റൂട്ടിൽ 2015 വരെ നിരക്ക് 250 ആയാണ് കുറച്ചത്. ഈ റൂട്ടിൽ മടക്കയാത്രാ നിരക്ക് 300 റിയാൽ മാത്രമാണ്. മുഴുവൻ റൂട്ടുകളിലും പ്രാദേശിക നികുതിയുൾപ്പെടാതെയുള്ള നിരക്കുളിലാണ് ഇളവ് ലഭിക്കുക.

കേരളത്തിലേക്കുള്ള മുഴുവൻ സെക്ടറുകളിൽ വൺവേക്ക് 385 റിയാലും മടക്കയാത്രക്ക് 742 റിയാലുമാണ് നികുതി. ടിക്കറ്റ് നിരക്കിനോടൊപ്പം ഇതും കൂടി നൽകണം. ഡിസംബർ 18 മുതൽ 24 വരെയുള്ള തിയ്യതികളിൽ സാധാരണ നിരക്ക് തന്നെയാകും പ്രാബല്യത്തിലുണ്ടാവുക യെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എകോണമി കഌസിൽ 40 കിലോ, ബിസിനസ് കഌസിൽ 50 കിലോ, ഫസ്റ്റ് കഌസിൽ 60 കിലോ എന്നിങ്ങനെയുള്ള ലഗേജ് ആനുകൂല്യവും യാത്രക്കാർക്ക് ലഭിക്കും.

ബുധൻ, വെള്ളി ദിവസങ്ങളിലെ തിരുവനന്തപുരം സർവീസും ആഴ്ചയിൽ മൂന്ന് ദിവസം നടത്തുന്ന റിയാദ്  കോഴിക്കോട് സർവീസും
വൈകിട്ട് 3.45ന് പുറപ്പെട്ട് 22.50നാണ് എത്തുക. 06.40 ന് പുറപ്പെട്ട് 13. 20ന് മുംബൈയിലത്തെുന്ന വിമാനം എല്ലാ ദിവസവും സർവീസ് നടത്തും. വിമാന കമ്പനികളുടെ സീസൺ കൊയ്ത്ത് കഴിഞ്ഞതോടെ മത്സരം മുറുകിയ സാഹചര്യത്തിലാണ് യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ വമ്പൻ നിരക്കിളവ് പ്രഖ്യാപിച്ചത്.