സിഡ്‌നി: ഓസ്‌ട്രേലിയായിലെ കുടിയേറ്റക്കാരിൽ രണ്ടാമത് എത്തി നിൽക്കുന്ന കേരളീയരെ പരിഗണിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അലംഭാവം കാണിക്കുന്നതായി ഒഐസിസി ദേശീയ കമ്മറ്റി കുറ്റപ്പെടുത്തി. ബഹുഭൂരിപക്ഷം വരുന്ന കേരളീയ സമൂഹത്തിനായി എയർ ഇന്ത്യ കേരളത്തിലേക്ക് സർവ്വീസ് തടങ്ങണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ മാനേജർ മധു മാത്തന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജോർജ്ജ് തോമസും വൈസ് പ്രസിഡന്റ് ജോജി ജോണും നിവേദനം സമർപ്പിച്ചു.

ടൂറിസത്തിന്റെ വികസന സാധ്യതകൾ ധാരാളമായി പരിഗണിക്കുന്ന കേരളത്തിലേക്ക് എയർ ഇന്ത്യാ ഡ്രീംലൈനർ തുടങ്ങിയാൽ മറ്റ് പല സർവ്വീസുകളുടെയും കുത്തകയും അതിലൂടെ വരുന്ന ചാർജ് വർദ്ധനയും ഒഴിവാക്കുവാൻ കഴിയുമെന്നും നിവേദനത്തിൽ പറയുന്നു. മെൽബൺ-സിഡ്‌നി-ന്യൂഡെൽഹി സർവ്വീസുകൾ വളരെ നാളുകളേക്കുള്ള ബുക്കിംഗുകൾ നേരത്തെ തന്നെ മുഴുവനായും യാത്രക്കാർ കൈക്കലാക്കി. കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോഴിക്കോട് സർവ്വീസുകൾ മെൽബൺ, സിഡ്‌നി, പെർത്ത്, ഡാർവ്വിൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധൃതഗതിയിൽ ആരംഭിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഈ ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രിയേയും വകുപ്പിനേയും അറിയിക്കുമെന്നും ഈ ആവശ്യം നീതിയുടെ പോരാട്ടമാണ് എന്നും എയർ ഇന്ത്യാ മാനേജർ പറഞ്ഞു. ഇപ്പോൾ നടത്തുന്ന ഡ്രീംലൈനർ ട്രിപ്പിന് നല്ല പ്രതികരണമാണ് എന്നും എയർ ഇന്ത്യയെ നല്ല നിലയിൽ കൊണ്ടു പോകുവാൻ കഴിയുന്നതിൽ സന്തോഷവും നന്ദിയും ഉണ്ടെന്നും എയർ ഇന്ത്യാ വക്താവ് അറിയിച്ചു.