- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയർഇന്ത്യ വൺ വിമാനത്തിന്റെ ചുമതലകൾ ഇനി വ്യോമസേനക്ക്; അടിയന്തര രക്ഷാദൗത്യങ്ങൾക്ക് കേന്ദ്രം ആശ്രയിക്കുക സ്വകാര്യ വിമാനങ്ങളെ; വിൽപ്പന കരാർ പ്രകാരം 125 വിമാനങ്ങൾ ടാറ്റയ്ക്ക് ലഭിക്കും; കെട്ടിടങ്ങളും മറ്റു വസ്തുക്കളും കേന്ദ്രസർക്കാറിന്; എയർഇന്ത്യ 'ടാറ്റ' പറയുമ്പോൾ സംഭവിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യാ രാജ്യത്തിന്റ ദേശീയ വിമാന കമ്പനിയായിരുന്നു എയർ ഇന്ത്യ. പല ഘട്ടങ്ങളിൽ പല നാടുകളിൽ നിന്നുള്ള ദൗത്യങ്ങൾ ഏറ്റെടുത്ത ചരിത്രം കൂടിയുണ്ട് എയർഇന്ത്യക്ക്. അതുകൊണ്ടു തന്നെ എയർഇന്ത്യ സ്വകാര്യ വൽക്കരിക്കപ്പെടുമ്പോൾ ഭാവിയിലെ ഇത്തരം ദൗത്യങ്ങൾക്ക് എന്തു സംഭവിക്കും എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. അതിന് ൂകടി കേന്ദ്രസർക്കാർ ഇനി പരിഹാരം കാണേണ്ടി വരും. ഇതിൽ പ്രധാനമായ കാര്യം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയർ ഇന്ത്യ വണിന് എന്തു സംഭവിക്കും എന്നതാണ്.
ഇവർ വിദേശയാത്രകൾക്കായി കഴിഞ്ഞ വർഷം വരെ ഉപയോഗിച്ചിരുന്നത് എയർ ഇന്ത്യ വിമാനങ്ങളാണ് (ബോയിങ് നിർമ്മിത 747 400 മോഡൽ). ഇവർ യാത്ര ചെയ്യുമ്പോൾ 2 വിമാനങ്ങൾ എയർ ഇന്ത്യ വിട്ടുനൽകുകയായിരുന്നു രീതി. ഈ വിഭാഗത്തിലുള്ള 4 വിമാനങ്ങളാണ് എയർ ഇന്ത്യയുടെ പക്കലുള്ളത്. വിഐപികളുടെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കി ഉൾഭാഗത്തു താൽക്കാലിക മാറ്റങ്ങൾ വരുത്തിയാണു വിമാനങ്ങൾ നൽകിയിരുന്നത്. അവ പറത്തിയിരുന്നത് എയർ ഇന്ത്യയുടെ പൈലറ്റുമാരായിരുന്നു.
കഴിഞ്ഞ വർഷം ഇതിൽ മാറ്റം വന്നു. ഇവരുടെ യാത്രയ്ക്കു വേണ്ടി മാത്രമായി 777 300 ഇആർ വിഭാഗത്തിലുള്ള 2 വിമാനങ്ങൾ ഇന്ത്യ ബോയിങ്ങിൽനിന്നു വാങ്ങി. അവ പറത്തുന്നതിന്റെ ചുമതല വ്യോമസേനാ പൈലറ്റുമാർക്കാണ്. വിമാനത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയിരുന്നത് എയർ ഇന്ത്യയിലെ എൻജിനീയർമാരായിരുന്നു. അതിന്റെ ചുമതല ഇനി വ്യോമസേന ഏറ്റെടുത്തേക്കും. 'എയർ ഇന്ത്യ വൺ' എന്നാണ് വിഐപികൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ വിശേഷണം (കോൾ സൈൻ). എയർ ഇന്ത്യ ടാറ്റയുടെ സ്വന്തമാകുന്നതോടെ ഈ കോൾ സൈനിൽ മാറ്റം വന്നേക്കുമെന്നാണ് അറിയുന്നത്.
വിദേശത്തു നിന്ന് അടക്കം കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും പലപ്പോഴായി കേന്ദ്രസർക്കാർ ആളുകളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയെയാണ് ആശ്രയിച്ചിരുന്നത്. കേന്ദ്രത്തിൽനിന്നു പണം ഈടാക്കിയാണ് കോവിഡ് വേളയിൽ എയർ ഇന്ത്യ രക്ഷാദൗത്യ സർവീസുകൾ നടത്തിയത്. ഭാവിയിൽ ഇത്തരം സർവീസുകൾക്കായി എയർ ഇന്ത്യയടക്കമുള്ള സ്വകാര്യ വിമാന കമ്പനികളെ കേന്ദ്രം സമീപിക്കും. ഏറ്റവും കുറഞ്ഞ ചെലവിൽ ഹജ് വിമാന സർവീസ് നടത്താൻ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ വിമാന കമ്പനിക്കു അതിനുള്ള അവകാശം കേന്ദ്രം കൈമാറും. അടുത്ത വർഷത്തോടെ ഹജ് സർവീസുകൾക്കുള്ള സബ്സിഡി കേന്ദ്രം നിർത്തലാക്കും.
125 വിമാനങ്ങൾ ടാറ്റയ്ക്ക്, ഭൂമിയും വസ്തുക്കളും കേന്ദ്രത്തിന്
എയർ ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ 125 വിമാനങ്ങൾ ടാറ്റയ്ക്കു ലഭിക്കും. പാട്ടത്തിനെടുത്ത 32 എണ്ണം ഉൾപ്പെടെ എയർ ഇന്ത്യയ്ക്ക് 101 വിമാനങ്ങളാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിന് 24 എണ്ണവും. വിമാനങ്ങൾക്കു പുറമേ മുപ്പതിലധികം രാജ്യങ്ങളിലെ 103 നഗരങ്ങളിലേക്കുള്ള റൂട്ടുകളും ആ വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ടുകളും ടാറ്റയ്ക്കു ലഭിക്കും. ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ, ന്യൂയോർക്ക്, പാരിസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് പാർക്കിങ് സ്ലോട്ടുണ്ട്.
ഇന്ത്യയ്ക്കകത്ത് 58 സ്ഥലങ്ങളിലേക്കുള്ള നൂറോളം റൂട്ടുകളും ടാറ്റയ്ക്കു ലഭിക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകളും പാർക്കിങ് സ്ലോട്ടുകളും ലഭിക്കുന്നതു ടാറ്റയ്ക്കു നേട്ടമാകും. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ എന്നിവ കേന്ദ്ര സർക്കാർ ഏറ്റെടുക്കും. 9 തരം വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. എയർബസ് 319, എ 320 214, എയർബസ് 321, ബോയിങ് 747 400, ബോയിങ് 777 200, ബോയിങ് 777 300 ഇആർ, ബോയിങ് 787 ഡ്രീംലൈനർ, എടിആർ 42 320, എടിആർ 72 600 എന്നീ മോഡൽ വിമാനങ്ങളാണു നിലവിൽ സർവീസ് നടത്തുന്നത്. ഏറ്റവുമധികമുള്ളത് ബോയിങ് ഡ്രീംലൈനർ 27 എണ്ണം; ഇതിൽ ആറെണ്ണം എയർ ഇന്ത്യയുടെ സ്വന്തമാണ്. ബാക്കിയുള്ളവ പാട്ടത്തിനെടുത്തതും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 വിമാനങ്ങളും ബോയിങ് 737 800 മോഡലാണ്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്തുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഒഴിവാക്കിയേക്കും. എയർ ഇന്ത്യയുടെ കടം വീട്ടാൻ വിമാനങ്ങളിൽ ചിലതു വിൽക്കാനും നടപടിയെടുത്തേക്കും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ കൂടി ചേരുമ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാന സർവീസുകളുടെ എണ്ണം നാലാകും; ഭാഗിക ഉടമസ്ഥാവകാശമുള്ള വിസ്താര, എയർ ഏഷ്യ എന്നിവയാണു മറ്റുള്ളവ. ഇന്ത്യയ്ക്കകത്ത് 150ൽ അധികം റൂട്ടുകളിൽ ഇവ നാലും ചേർന്നു സർവീസ് നടത്തുന്നുണ്ട്. പരസ്പരം മത്സരിക്കുന്ന നില വരാത്ത രീതിയിൽ അവയുടെ സർവീസ് സമയങ്ങളും റൂട്ടുകളും നിശ്ചയിക്കേണ്ടി വരും.
അതേസമയം എയർ ഏഷ്യയെ എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നത് ടാറ്റയുടെ പരിഗണനയിലുണ്ട്. വിസ്താരയുടെ കാര്യത്തിൽ, സഹ ഉടമസ്ഥാവകാശം വഹിക്കുന്ന സിംഗപ്പൂർ എയർലൈൻസ് ലയനത്തിന് എതിരാണ്. എയർഇന്ത്യയെ വാങ്ങുന്ന 'ടാറ്റ'യ്ക്ക് ഓഹരിനിക്ഷേപമുള്ള എയർ ഏഷ്യയും വിസ്താര എയർലൈൻസും നഷ്ടത്തിലാണ്. ടാറ്റ ഗ്രൂപ്പ്-സിംഗപ്പുർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താരയുടെ കടബാധ്യത 11,491 കോടി രൂപയാണ്. എയർ ഏഷ്യയുടെ 2020-21ലെ നഷ്ടം 1,532 കോടിയുമാണ്. ഇതെല്ലാം എയർ ഇന്ത്യയുടെ ഭാവിയെ ആശങ്കപ്പെടുത്തുന്നതാണ്.
രാജ്യത്തെയും വിദേശത്തെയും ഇതര വ്യോമയാന കമ്പനികളും നഷ്ടത്തിലാണ്. കൂടുതൽ കമ്പനികൾ വരുന്നതോടെ മത്സരം നടക്കുമെന്നും യാത്രക്കാരെ ആകർഷിക്കാൻ നിരക്കുകൾ കുറയ്ക്കുമെന്നും വാദിച്ചാണ് 1990കളിൽ രാജ്യത്ത് വ്യോമയാനമേഖല സ്വകാര്യസംരംഭകർക്ക് തുറന്നുകൊടുത്തത്. പ്രചാരണഘോഷത്തോടെ വന്ന സഹാറ, കിങ് ഫിഷർ, ജെറ്റ് എയർവെയ്സ്, എയർ ഡെക്കാൺ, എയർ കാർണിവൽ തുടങ്ങിയവയെല്ലാം പൂട്ടി. സ്വകാര്യ വ്യോമയാന കമ്പനികൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 50,000 കോടിയിൽപ്പരം രൂപയുടെ കിട്ടാക്കടം വരുത്തിയിട്ടുമുണ്ട്.
പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ സാമൂഹ്യബാധ്യത നിറവേറ്റാൻ വരുമാനം കുറഞ്ഞ സർവീസുകളും എയർഇന്ത്യ നടത്തുന്നുണ്ട്. ഇതൊക്കെ പുതിയ മാനേജ്മെന്റ് അവസാനിപ്പിക്കുന്നത് സാമൂഹികപ്രത്യാഘാതം സൃഷ്ടിക്കും. വരുമാനമുയർത്താനുള്ള പ്രധാന വഴി നിരക്ക് വർധനയാണ്. കമ്പനികളെ സഹായിക്കാൻ ആഭ്യന്തരയാത്ര നിരക്കുകൾ 15 ശതമാനം വർധിപ്പിക്കാൻ കേന്ദ്രം അനുമതി നൽകി. ഭാവിയിലും ഇത് ആവർത്തിക്കും. ടാറ്റ മികച്ച രീതിയിൽ നടത്തിവന്നത് സർക്കാർ ഏറ്റെടുത്ത് നശിപ്പിച്ചതാണെന്ന വാദവും ഉയരുന്നുണ്ട്.
മറുനാടന് ഡെസ്ക്