ടെൽ അവീവ്: ഇസ്രയേലിലേക്ക് തങ്ങളുടെ ആകാശത്തുകൂടെ വിമാനം പറത്താൻ മറ്റു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സൗദി ഇന്ത്യയ്ക്കുവേണ്ടി ആ കടുംപിടിത്തം ഉപേക്ഷിച്ചതോടെ ഇന്ത്യ-ഇസ്രയേൽ വിമാന സർവീസിന് തുടക്കമായി. ഇതോടെ ഈ സംഭവം ഇസ്രയേലും സൗദിയും തമ്മിലുള്ള പിണക്കം ഇല്ലാതാക്കാനും മഞ്ഞുരുകലിനും കാരണമായി എന്ന നിലയിൽ വിലയിരുത്തലുകളും വരുന്നു.

ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു നേരിട്ടു വിമാന സർവീസ് തുടങ്ങുമെന്നു കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനമായിരുന്നു അത്. ന്യൂഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ടെൽ അവീവിലേക്കു നേരിട്ടു വിമാന സർവീസ് ആരംഭിക്കുമെന്നായിരുന്നു ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അന്ന് മോദിയുടെ പ്രഖ്യാപനം.

ഈ പ്രഖ്യാപനം ഇന്ന് സഫലമായതോടെ ആ വിമാനയാത്ര ചരിത്രയാത്രയായി. അതിലപ്പുറം ഇത് ഇസ്രയേലും സൗദിയും തമ്മിലുണ്ടായിരുന്ന പിണക്കം നീങ്ങാനും കാരണമാകുകയും ചെയ്യുന്നു. സൗദിയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന്റെ മഞ്ഞുരുകുന്നു എന്ന നിലയിൽ വിലയിരുത്തലുകളും ഉയർന്നുകഴിഞ്ഞു. ഇത്തരത്തിലൊരു ഔദ്യോഗിക ബന്ധം ഇസ്രയേലും സൗദിയും തമ്മിൽ ആദ്യമായാണെന്നു ഗതാഗത മന്ത്രി യിസ്രയേൽ കാട്‌സ് പറഞ്ഞു. 'ചരിത്ര മുഹൂർത്തം' എന്ന് ഈ യാത്രയെ മന്ത്രി വിശേഷിപ്പിച്ചു. ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ അടുത്തിടെ മുംബൈയിലേക്കു സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ സൗദിയുടെയും ഇറാന്റെയും ആകാശപാത ഒഴിവാക്കി ചാവുകടലിനു മുകളിലൂടെയായിരുന്നു യാത്ര. എന്നാൽ ഇന്ന് ഇന്ത്യൻ വിമാനത്തിന് സൗദി യാത്രാനുമതി നൽകിയത് മറ്റ് ലോകരാജ്യങ്ങളും വളരെ മികച്ചൊരു തീരുമാനമായാണ് വിലയിരുത്തുന്നത്.

മുമ്പ് പലരാജ്യങ്ങളുടേയും ശത്രുത അലിഞ്ഞ് ഇല്ലാതാകാൻ ഇന്ത്യയുടെ പ്രധാനമന്ത്രിമാർ ആയിരുന്ന ജവഹർ ലാൽ നെഹ്‌റുവിന്റേയും മകൾ ഇന്ദിരാഗാന്ധിയുടേയും ഇടപെടലുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നത് ചരിത്രം. ചേരിചേരാ നയവും മറ്റും ഒരുകാലത്ത് രാജ്യാന്തര സൗഹൃദങ്ങളുടെ അന്തർധാരകൾ തീർത്തിരുന്നു. അത്തരത്തിൽ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുമായി നിരന്തരം ബന്ധംപുലർത്തുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അദ്ദേഹത്തിന്റെ ഇടയ്ക്കിടെയുള്ള വിദേശ സന്ദർശനങ്ങൾ രാജ്യത്ത് വലിയ ചർച്ചയാവുമ്പോഴും രാജ്യാന്തര നയതന്ത്രത്തിൽ ഈ യാത്രകൾ ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ഉദാഹണം കൂടിയായി ഇപ്പോഴത്തെ ഈ സംഭവം.

ഇസ്രയേലിലേക്കും അവിടെനിന്നുമുള്ള യാത്രയ്ക്കു തങ്ങളുടെ ആകാശപാത വിലക്കിയുള്ള സൗദിയുടെ തീരുമാനവും ഇതോടെ നീങ്ങി. അധികാരമേറ്റതിന് പിന്നാലെ സ്വന്തം രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയുടേയും ഇന്ത്യയുടേയും അഭ്യർത്ഥന സ്വീകരിച്ചാണ് തങ്ങളുടെ ആകാശപാത തുറന്നുകൊടുക്കാൻ തയ്യാറായത്.

അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഈ യാത്രയുടെ വ്യോമയാന കരാറും ഒപ്പിട്ടിരുന്നു. രണ്ടു വർഷത്തോളമായി നയതന്ത്രതലത്തിൽ ഈ യാത്രയ്ക്കുള്ള ശ്രമം നടന്നുവരികയായിരുന്നു. ഇന്ത്യയും ഇസ്രയേലും തമ്മിൽ മാത്രമല്ല എല്ലാ അറബ് രാജ്യങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ ഈ വിമാനയാത്ര സഹായിക്കുമെന്നു ടൂറിസം മന്ത്രി യാരിവ് ലെവിനും പ്രതികരിക്കുകയും ഇക്കാര്യത്തിൽ അദ്ദേഹം ഇന്ത്യയ്ക്കു നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ഫ്‌ളൈറ്റുകൾ ഇസ്രയേലിലേക്കും തിരിച്ചും സർവീസ് നടത്തും. സൗദിയിലൂടേ പറക്കുന്നതിനാൽ ഏഴേകാൽ മണിക്കൂർ കൊണ്ടു യാത്ര തീരും. മറ്റു മാർഗങ്ങളേക്കാൾ 2 മണിക്കൂർ 10 മിനിറ്റ് സമയം കുറവാണിത്. ന്യൂഡൽഹിയിൽനിന്നു വ്യാഴാഴ്ച ഉച്ചയ്ക്കു 12.30നാണ് എഐ139 ഫ്‌ളൈറ്റ് പറന്നുയർന്നത്. രാത്രി എട്ടേകാലോടെ ടെൽ അവീവിൽ ഇറങ്ങി. 30 മിനിറ്റ് വൈകിയാണ് ഈ ബോയിങ് ഡ്രീംലൈനർ വിമാനം ലാൻഡ് ചെയ്തത്.

ഇസ്രയേലിനെ സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധവുമില്ല. അറബ് രാജ്യങ്ങളിലേക്ക് ഇസ്രയേലിൽനിന്നു നേരിട്ടു വിമാനമുള്ളത് ഈജിപ്തിലേക്കും ജോർദാനിലേക്കും മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ആയതിന് ശേഷം ട്രംപ് ഇരു രാജ്യങ്ങളും സന്ദർശിച്ച വേളയിൽ മാത്രമാണ് ഒരു വിമാനം സൗദി-ഇസ്രയേൽ റൂട്ടിൽ ആദ്യമായി പറന്നത്. എന്നാൽ ഒരു യാത്രാവിമാനത്തിന് ഇത്തരത്തിൽ സൗദിയിലൂടെ ഇസ്രയേലിലേക്ക് പറക്കാൻ അനുവാദം കിട്ടിയത് ഇതാദ്യമാണെന്ന പ്രത്യേകതയാണ് ഇന്ത്യൻ വിമാനത്തിന്റെ യാത്രയ്ക്ക് ഉള്ളത്.