ന്യൂഡൽഹി: യുക്രെയ്‌നിൽനിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.

യുക്രൈനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനത്തിൽ 219 യാത്രക്കാരാണുള്ളത്. ഇതിൽ 19 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വിമാനത്തിൽ 17 മലയാളികൾ ഡൽഹിയിലെത്തും. സംഘത്തിൽ വിദ്യാർത്ഥികൾക്കൊപ്പം യുക്രെയ്‌നിൽ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്. നിലവിൽ ഏകദേശം 16000ത്തോളം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകൾ. ഇതിൽ 2300ഓളം പേർ മലയാളികളാണെന്നാണ് വിവരം.

യുക്രെയ്‌നിൽനിന്നെത്തുന്ന ഇന്ത്യക്കാർക്ക് പുറത്തിറങ്ങാൻ മുംബൈയിൽ പ്രത്യേക സൗകര്യമൊരുക്കി. വാക്‌സീൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങൾ തൽസമയം അറിയിക്കാൻ വാട്‌സാപ് ഗ്രൂപ്പ് തയാറാക്കി. അതേസമയം രക്ഷാദൗത്യവുമായി ഒരു വിമാനം കൂടി ഡൽഹിയിൽനിന്നു തിരിച്ചു.



പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് റുമാനിയയിലേക്ക് എത്തിയത്. ഹംഗറിയിലെ ബുഡാപെസിലേക്ക് ഒരു എയർ ഇന്ത്യ വിമാനം വൈകാതെ പുറപ്പെടും. കഴിയുന്നത്ര വേഗത്തിൽ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുക്രൈന്റെ കിഴക്കൻ മേഖലയിലാണ് യുദ്ധം കൂടുതൽ ശക്തം. പടിഞ്ഞാറൻ മേഖലകളിൽ വലിയ യുദ്ധത്തിന്റെ സാഹചര്യമില്ല. അതിനാൽ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരെ ആദ്യം ഒഴിപ്പിക്കുന്നതിനാണ് വിദേശകാര്യ മന്ത്രാലയം മുൻഗണന നൽകുന്നത്.

യുക്രൈനിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ മറ്റു രാജ്യങ്ങളും പ്രധാനമായും ഹംഗറി, പോളണ്ട്, റുമാനിയ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ രക്ഷാദൗത്യം പൂർത്തിയാകാനും കൂടുതൽ സമയമെടുത്തേക്കും.

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും.

അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് ഇവർ. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ അറിയിച്ചു.

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി , മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്തിക്കുമെന്ന് നോർക്ക നേരത്തെ അറിയിച്ചിരുന്നു.

അതേസമയം യുക്രൈനിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി കേരള ഹൗസിൽ താമസം , ഭക്ഷണം , യാത്രാ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും. റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാർത്ഥികളുടെ ആർടിപിസിആർ പരിശോധന സൗജന്യമാക്കി. മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം , കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. നോർക്കയും ടൂറിസം വകുപ്പും ചേർന്നാണ് ഒരുക്കങ്ങൾ തയ്യാറാക്കിയത്.