തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ വ്യാമയാന നയം എയർകേരള പദ്ധതി യാഥാർത്ഥ്യമാകുന്നതിന് തടസ്സമാണെന്ന് തുറന്ന് പറഞ്ഞ് പിണറായി സർക്കാർ. അന്താരാഷ്ട്ര സർവ്വീസ് തുടങ്ങുന്നതിന് കുറഞ്ഞത് 20 വിമാനങ്ങൾ വേണമെന്ന വ്യവസ്ഥയാണ് തിരിച്ചടിയാകുന്നത്. എയർകേരള പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുകയാണെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് മുഖ്യമന്ത്രി നൽകുന്നത്. നിയമസഭയിൽ രേഖമൂലമാണ് പ്രവാസികളുടെ സ്വപ്‌ന പദ്ധതിയായ എയർകേരളയിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ഇനിയൊരു ചർച്ചയും സംസ്ഥാന സർക്കാർ നടത്തില്ലെന്നാണ് സൂചന.

കുറഞ്ഞ ചെലവിൽ മലയാളികൾക്ക് ഗൾഫിലേക്ക് യാത്ര ചെയ്യാനും തിരിച്ചുവരാനുമാണ് എയർകേരളാ പദ്ധതിയിലൂടെ കേരളം ശ്രമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ ഇതിനായി സമ്മർദ്ദം ചെലുത്തി. എന്നാൽ കുറഞ്ഞത് അഞ്ച് കൊല്ലം ആഭ്യന്തര സർവ്വീസ് നടത്തി പ്രവർത്തന പരിചയം ഉള്ളവർക്കേ അന്താരാഷ്ട്ര സർവ്വീസ് അനുവദിക്കൂവെന്നായിരുന്നു മന്മോഹൻ സർക്കാരിന്റെ വ്യോമഗതാഗത നയം. കേരളം ആഭ്യന്തര സർവ്വീസ് നടത്താൻ താൽപ്പര്യം കാട്ടാത്തതു കൊണ്ട് തന്നെ അനുമതിക്ക് അപേക്ഷിക്കാനും കഴിഞ്ഞില്ല. എന്നാൽ അധികാരത്തിലെത്തിയ മോദി ഈ നയം തിരുത്താൻ തീരുമാനിച്ചു. ഇതോടെ കേരളത്തിന് പ്രതീക്ഷയേറി. എന്നാൽ മോദിയുടെ നയത്തിലെ പുതിയ നിബന്ധന കേരളത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ല. ഇത് ചൂണ്ടിയാണ് പ്രവാസികൾ ഏറെ ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്നത് നടക്കാത്ത സ്വപ്‌നമാകുന്നുവെന്ന് പിണറായി വിശദീകരിക്കുന്നത്.

അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കാൻ അഭ്യന്തര സർവിസിൽ അഞ്ചുവർഷത്തെ പ്രവർത്തന പരിചയവും 20 എയർ ക്രാഫ്റ്റുകൾ സ്വന്തമായി ഉണ്ടാകണമെന്നതുമാണ് ഇതുവരെയുള്ള ചട്ടം. ഇതാണ് എയർ കേരള ആരംഭിക്കാൻ പ്രധാന തടസമായിട്ടുണ്ടായിരുന്നത്. എന്നാൽ പുതിയ വ്യോമയാന നയത്തിൽ ഈ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. പ്രധാനമായും അഞ്ചുവർഷത്തെ പ്രവർത്തന പരിചയം എന്ന നിബന്ധനയാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. കുറഞ്ഞത് 20 വിമാനങ്ങൾ സ്വന്തമായി ഉണ്ടാകുകയോ അല്ലെങ്കിൽ സർവിസിന്റെ 20 ശതമാനം ആഭ്യന്തര സർവിസ് നടത്തുകയോ ചെയ്യണമെന്നാണു പുതിയ നിർദ്ദേശം. ഇത്തരത്തിലുള്ള 22 നിർദ്ദേശങ്ങളാണ് പുതിയ വ്യോമയാനനയത്തിൽ ഉള്ളത്.

അധികാരത്തിലെത്തിയപ്പോൾ തന്നെ എയർകേരളയോട് പിണറായിക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ആദ്യം കെ.എസ്.ആർ.ടി.സി നന്നാക്കി കാണിച്ചിട്ട് മതി എയർകേരളയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് തീരുമാനമായി നിയമസഭയിൽ അവതരിപ്പിക്കുകയാണ് മുക്യമന്ത്രി ഇന്ന് ചെയ്തത്. ഇതോടെ പ്രവാസികളുടെ അവസാന പ്രതീക്ഷയും പൊലിയുകയാണ്. സാമ്പത്തിക വശങ്ങളും സാമൂഹിക സാഹചര്യവും പരിഗണിച്ചാണ് വിമാനക്കമ്പനി വേണ്ടെന്ന തീരുമാനത്തിൽ പിണറായി എത്തുന്നത്.

2012 ൽ നടന്ന എമർജിങ് കേരളയിലെ നിർദ്ദേശമനുസരിച്ച് 200 കോടി രൂപ മൂലധനം സമാഹരിച്ച് വിമാനക്കമ്പനി ആരംഭിക്കാനാണു തീരുമാനം. ഇതിൽ 26 ശതമാനം സർക്കാർ ഓഹരിയും ബാക്കി പ്രവാസികളിൽ നിന്ന് ഓഹരിയായി പിരിച്ചെടുക്കാനുമാണ് തീരുമാനം. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവിസ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇപ്പോൾ കൂടുതൽ വിമാനങ്ങൾ വേണമെന്നാണ് ആവശ്യം. മാത്രമല്ല പ്രവർത്തന ചെലവിലും വർധനവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനക്കമ്പനി ആരംഭിക്കാൻ തീരുമാനിച്ചതെങ്കിലും ഈ ലക്ഷ്യം പ്രാവർത്തികമാക്കാൻ കഴിയുന്ന സാഹചര്യമല്ലയുള്ളത്. 20 വിമാനങ്ങൾ വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുകയെന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ നടക്കുന്നതുമല്ല.

കൂറ്റൻ മൂലധനവുമായി വിമാന സർവ്വീസ് തുടങ്ങി വിമാന ടിക്കറ്റിൽ ഇളവു നൽകുന്നത് കമ്പനിയെ വലിയ സാമ്പത്തിക ബാധ്യതയിലേക്കായിരിക്കും തള്ളിവിടുക. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യ സാമ്പത്തികപ്രതിസന്ധി നേരിടുകയും വിമാനക്കമ്പനികൾ മൊത്തത്തിൽ ലാഭത്തിലല്ല എന്ന റിപ്പോർട്ടുകളുമാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ പുതിയ വിമാന കമ്പനിക്ക് കമ്പോളത്തിലെ മത്സരങ്ങളെ അതിജീവിച്ച് പിടിച്ചുനിൽകാൻ കഴിയുമോ എന്നതും ആശങ്കയുളവാക്കുന്നതാണ്. ഇതെല്ലാം പരിഗണിച്ചാണ് പിണറായി സർക്കാർ തീരുമാനം എടുക്കുന്നത്.

അടുത്ത കാലത്തായി വിമാന ഇന്ധന വിലയിൽ ഗണ്യമായ കുറവുണ്ടായതാണ് തകർച്ചയുടെ വക്കിലായിരുന്ന വിമാന കമ്പനികൾക്ക് ആശ്വാസം. സർക്കാർ മുതൽ മുടക്കിന്റ 26 ശതമാനം സർക്കാരും കൊച്ചി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) കമ്പനിയുമാണ് മുതൽ മുടക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലാഭം ഉറപ്പില്ലാത്തതിനാൽ സിയാലിന് താൽപ്പര്യം കുറവായിരുന്നു. ഇതും സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.