ന്യൂഡൽഹി: ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസ് പദ്ധതിക്ക് (ആർസിഎസ്) അടുത്ത മാസം 15നു തുടക്കമാകും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിക്കു പച്ചക്കൊടി കാട്ടിയതായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു. രാജ്യത്തു വ്യോമഗതാഗത ശൃംഖല വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ കുറഞ്ഞ ചെലവിൽ വിമാനയാത്രകൾ നടത്താൻ കഴിയും. കൂടിയ യാത്രാനിരക്ക് 2500 രൂപയായി നിജപ്പെടുത്താനാണ് തീരുമാനം.

200 മുതൽ 800 വരെ കിലോമീറ്റർ ദൈർഘ്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു വിമാന സർവീസ് നടത്തുന്നതിന് 390 റൂട്ടുകളാണു വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റർ എന്ന ചുരുങ്ങിയ ദൂരപരിധി കുറയ്ക്കണമെന്നു ചെറു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കു മൂന്നു വർഷത്തേക്കു സർക്കാർ സബ്‌സിഡി നൽകും. സബ്‌സിഡി കാലാവധി ഉയർത്തണമെന്ന കമ്പനികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും. മൂന്നു വർഷത്തിനു ശേഷവും നഷ്ടം നേരിടുന്ന റൂട്ടുകളിൽ സർവീസ് തുടരില്ല. പദ്ധതിയുടെ ഭാഗമായി 60 വിമാനത്താവളങ്ങൾ നവീകരിക്കും. ഇതിൽ 50 എണ്ണം സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ളവയാണ്. ഇവയുടെ നവീകരണത്തിനു കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും ചൗബേ വ്യക്തമാക്കി.

സംസ്ഥാനങ്ങളും വിമാന കമ്പനികളും മുന്നോട്ടുവച്ച നിർദേശങ്ങൾ കൂടി കണക്കിലെടുത്താവും പദ്ധതി നടപ്പാക്കുക. പദ്ധതി സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കാൻ ഈ മാസം 31 വരെ സമയമനുവദിച്ചിട്ടുണ്ട്. പദ്ധതിയിൽ പങ്കാളികളാകാൻ താൽപര്യമുള്ള സംരംഭകരിൽ നിന്നു 15നു ശേഷം അപേക്ഷ ക്ഷണിക്കും. രാജ്യത്തെ പല ചെറിയ വിമാനത്താവളങ്ങളും പ്രവർത്തന ക്ഷമമല്ല. വൻകിട വിമാനത്താവളങ്ങളുമായി മത്സരിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.

രാജ്യത്തെ ഉൾനാടൻ മേഖലകളെ വ്യോമമാർഗം ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി, പരമാവധി ആളുകൾക്കു പ്രയോജനം ലഭിക്കുംവിധം രൂപകൽപന ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.