സ്മാർട്ട് ദുബായ്ക്ക് പൊൻതൂവലായി ആകാശടാക്‌സികളും പറക്കാനൊരുങ്ങുന്നു.ആകാശ ടാക്‌സികൾ ഈ വർഷം അവസാനത്തോടെ പരീക്ഷണ പറക്കൽ ആരംഭിക്കാനൊ രുങ്ങുകയാണ്. ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികൾ നിർമ്മിക്കാൻ ദുബൈ ആർ ടി എ ജർമൻ കമ്പനിയുമായി കരാർ ഒപ്പിട്ടു.

രണ്ട് യാത്രക്കാരെ വഹിച്ച് പറക്കുന്ന സ്വയം നിയന്ത്രിത ആകാശ ടാക്‌സികൾ ആണ് ഓടിത്തുടങ്ങുക. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പറന്നുയരുന്ന ഈ ടാക്‌സികൾക്ക് ആകാശത്തിലൂടെ പരമാവധി 100 കിലോ മീറ്റർ വേഗത കൈവരിക്കാനാകും. 40 മിനിറ്റ് ചാർജ് ചെയ്താൽ 30 മിനിറ്റ് പറക്കാം. സുരക്ഷ ഉറപ്പാക്കാൻ 18 റോട്ടറുകളുണ്ട്. ഏതെങ്കിലും റോട്ടറിന് തകരാറ് സംഭവിച്ചാലും ലാൻഡിങ് തടസപ്പെടില്ല. 9 ബാറ്ററികളിലാണ് ഇവ പ്രവർത്തിക്കുക.

രണ്ട് മീറ്റർ ഉയരവും ഏഴ് മീറ്റർ നീളവുമുള്ള ആകാശ ടാക്‌സികൾ സർവീസ് നടത്തുന്ന സ്ഥലങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. സ്വയം നിയന്ത്രിക്കുന്ന ഓട്ടോപൈലറ്റ് സംവിധാനമായതിനാൽ ഇത് ഓടിക്കാൻ ലൈസൻസുള്ളവർ വേണ്ടതില്ല. ആകാശടാക്‌സിയുടെ അന്താരാഷ്ട്ര അംഗീകാരങ്ങളും നിയമസംവിധാനങ്ങളും പൂർത്തായാക്കാനാണ് ആർടിഎ കാത്തിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സർവീസ് എന്നതിനാൽ നിയമങ്ങളും ആദ്യത്തേതായിരിക്കും.