- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശ യുദ്ധരംഗത്ത് ചൈനയെയും കടത്തിവെട്ടിയ ഇന്ത്യ വീണ്ടും കരുത്തുകൂട്ടുന്നു; 114 യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന; ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 96 വിമാനങ്ങൾ നിർമ്മിക്കുക ഇന്ത്യയിൽ; 18 എണ്ണം വിദേശത്തു നിന്നും വാങ്ങും; ഇന്ത്യയുമായി ഇടപാടിന് അവസരം തേടി മിഗും, ഡാസോയും അടക്കമുള്ള പ്രമുഖ കമ്പനികൾ
ന്യൂഡൽഹി: വ്യോമയുദ്ധ മേഖലയിൽ ഇന്ത്യ അതിശക്തരാണ്. ചൈനയെയും കടത്തിവെട്ടിയവർ. ആഗോള തലത്തിൽ വ്യോമ രംഗത്ത് കൂടുതൽ കരുത്തരാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി വീണ്ടും വൻ യുദ്ധവിമാന ഇടപാടിനാണ് വഴിയൊരുങ്ങുന്നത്. 114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനാണ് ഇന്ത്യൻ വ്യോമസേന തയ്യാറെടുക്കുന്നത്.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയിൽ 96 എണ്ണം നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. 18 വിമാനങ്ങൾ വിദേശത്തുനിന്നു വാങ്ങാനും തീരുമാനമായി. 'ബൈ ഗ്ലോബൽ ആൻഡ് മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഇവ സ്വന്തമാക്കുന്നത്. യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യൻ കറൻസിയിലും ബാക്കി വിദേശ കറൻസിയിലുമാകും നൽകുക.
60 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും. ഇവയ്ക്ക് ഇന്ത്യൻ കറൻസിയിൽ മാത്രമാവും പണം ചെലവിടുക. ഇതുവഴി പദ്ധതിയിൽ 60 ശതമാനം മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
വ്യോമയാര രംഗത്തെ പ്രമുഖ കമ്പനികൾ തന്ന ഇന്ത്യൻ ഇടപാടിന് തയ്യാറായി രംഗത്തുവരുമെന്നാണ് കരുതുന്നത്. ബോയിങ്, മിഗ്, ഇർകുട് കോർപ്പറേഷൻ, ഡാസോ ഏവിയേഷൻ തുടങ്ങി രാജ്യാന്തര രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ ടെൻഡർ നടപടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം
അടുത്തിടെ വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ 2022 ലെ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ഇന്ത്യൻ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ്, ഇസ്രയേലി എയർഫോഴ്സ്, ഫ്രഞ്ച് എയർ ആൻഡ് സ്പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യൻ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോർട്ടിലുള്ളത്.
നിലവിൽ WDMMA 98 രാജ്യങ്ങളിലെ സൈന്യത്തൊയാണ് ട്രാക്ക് ചെയ്യുന്നത്. ഡേറ്റ ശേഖരിക്കുന്നതിൽ 124 സൈനിക വിമാന സർവീസുകളും ഉൾപ്പെടും. മൊത്തം 47,840 സൈനിക എയർക്രാഫ്റ്റുകളാണ് ട്രാക്ക് ചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമയാന സേവനങ്ങളെ വിവിധ പാരാമീറ്ററുകൾ അടിസ്ഥാനമാക്കി വിലയിരുത്തുകയും അവയുടെ നിലവിലെ ശക്തികളും അന്തർലീനമായ പരിമിതികളും സംഗ്രഹിക്കുന്ന ഒരു പൂർണ റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.
ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർഫോഴ്‌സിന് (യുഎസ്എഎഫ്) ആണ് ഏറ്റവും ഉയർന്ന ടിവിആർ സ്‌കോർ (242.9 ), റഷ്യയുടെ ടിവിആർ സ്‌കോർ 114.2 ആണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ വ്യോമസേനയുടെ ടിവിആർ സ്‌കോർ 69.4 ആണ്.
റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോൾ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എൽസിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യൻ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളിൽ ഒന്നായിമാറ്റുമെന്നാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്