ലണ്ടൻ: മാഞ്ചസ്റ്ററിൽ നിന്നും ഇബിസയിലേക്കുള്ള വിമാനത്തിൽ നിന്നും 20നും 25നും ഇടയിൽ പ്രായമുള്ള നാല് യുവതികളെ പിടിച്ച് പുറത്താക്കിയതായി റിപ്പോർട്ട്. വിമാനത്തിലെ യാത്രക്കാരുടെ നേരെ ഭീഷണിയും വംശീയ വെല്ലുവിളിയും നടത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നാണിത്. യാതക്കാരുടെ പരാതിയെ തുടർന്ന് ക്യാപ്റ്റൻ പൊലീസിനെ വിളിച്ച് വരുത്തുകയും ഇവരെ പുറത്താക്കുകയുമായിരുന്നു.

ഇവർ വിമാനത്തിൽ നടത്തിയ പ്രകടനങ്ങളുടെ ചിത്രങ്ങൾ ആംബർ എലൗസി എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം അരങ്ങേറിയിരുന്നത്.തന്റെ സുഹൃത്ത് നീങ്ങിയിരിക്കാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ അവർ തട്ടിക്കയറി അപമാനിച്ചുവെന്നും പരാതി നൽകിയപ്പോൾ കാണിച്ച് തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആംബർ വെളിപ്പെടുത്തുന്നത്.

വംശീയത ഉയർന്ന് പൊങ്ങുന്ന വാക്കുകൾ ഉച്ചത്തിൽ പറഞ്ഞായിരുന്നു ഈ യുവതികൾ എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്. അവരുടെ അടുത്ത് വന്ന എല്ലാവരെയും കടുത്ത വാക്കുകൾ ഉപയോഗിച്ച് ഇവർ ആട്ടിയകറ്റുകയായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്.ഇതേ യുവതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ ആംസ്ട്രർഡാമിലേക്കുള്ള ഒരു വിമാനത്തിൽ വച്ചും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിൽ ഒരു പറ്റം യുവതികൾ പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് തങ്ങളെ വിളിച്ച് വരുത്തിയിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇബിസയിലേക്കുള്ള വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയ നാല് യുവതികളെ നീക്കം ചെയ്തിട്ടുണ്ടെന്ന് മൊണാർക്ക് എയർലൈൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 158 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരുടെയും ക്രൂസിന്റെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനാൽ ഇത്തരം ചെറിയ പ്രശ്‌നങ്ങൾ പോലും വച്ച് പൊറുപ്പിക്കാനാവില്ലെന്നുമാണ് മൊണാർക് എയർലൈൻസ് പ്രതികരിച്ചിരിക്കുന്നത്.