സിംഗപ്പുർ യാത്ര ചെലവുകുറഞ്ഞതും എളുപ്പവുമാകുന്ന കാലം വിദൂരമല്ല. സിംഗപ്പുരിലെ ബജറ്റ് എയർലൈൻസായ സ്‌കൂട്ട് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുകയാണ്. സിംഗപ്പുർ എയർലൈൻസിന്റെ ബജറ്റ് എയർ വിഭാഗമാണ് സ്‌കൂട്ട്. അമൃത്സറിലേക്കാണ് പുതിയതായി സർവീസ് നടത്തുന്നത്.

ചെന്നൈയിലേക്ക് നിലവിൽ ദിവസേന സിംഗപ്പുർ സർവീസുണ്ട്. സിംഗപ്പുർ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനമായ ടൈഗർ എയർവേയ്‌സാണ് ഇത് നടത്തുന്നത്. ഈ സർവീസും സ്‌കൂട്ട് ഏറ്റെടുക്കും. ചെന്നൈ-സിംഗപ്പുർ റൂട്ട് വൻവിജയമാണെന്നു കണ്ടാണ് കുറച്ചുകൂടി വലിയ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന സ്‌കൂട്ട് ഈ രംഗത്തേയ്ക്ക് കടക്കുന്നത്.

180 സീറ്റാണ് ടൈഗർ എയർവേസിലുള്ളത്. എന്നാൽ, സ്‌കൂട്ടിൽ 335 സീറ്റുകളുണ്ട്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണ് ടൈഗർ എയർവേസിൽ നിന്ന് സ്‌കൂട്ടിലേക്ക് സർവീസ് മാറ്റുന്നതെന്ന് സ്‌കൂട്ടിന്റെ ഇന്ത്യയിലെ മേധാവി ഭരത് മഹാദേവൻ പറഞ്ഞു. ചെന്നൈയിൽനിന്ന് ദിവസേന ഒരു സർവീസാണ് സ്‌കൂട്ട് നടത്തുക.

അമൃത്സറിലേക്ക് ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. 375 സീറ്റുള്ള വിമാനമാകും ഈ റൂട്ടിൽ ഉഫയോഗിക്കുക. ചെന്നൈയിൽ സർവീസ് അവസാനിപ്പിക്കുന്ന ടൈഗർ എയർ ആഴ്ചയിൽ 12 ദിവസം സർവീസ് നടത്തും. ഇക്കൊല്ലം തന്നെ മറ്റ് സെക്ടറുകളിലേക്കും സർവീസ് നടത്താൻ സ്‌കൂട്ട് ആലോചിക്കുന്നുണ്ട്. ജയ്‌പ്പുരിനൊപ്പം കൊച്ചിയും പരിഗണനയിലുണ്ട്.