മസ്‌ക്കറ്റ്: ഓഫ് സീസൺ ആയതോടെ ഗൾഫ് രാജ്യങ്ങളിലെ മിക്ക എയർലൈനുകളും ടിക്കറ്റ് നിരക്കുകൾ വെട്ടിച്ചുരുക്കുന്നു. യൂറോപ്പ്, ഏഷ്യാ, മിഡ്ഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളിലാണ് ഗൾഫ് എയർലൈനുകൾ പരമാവധി വെട്ടിക്കുറച്ചിരിക്കുന്നത്.
ദേശീയ വിമാന സർവീസായ ഒമാൻ എയർ സോഹാർ-മസ്‌ക്കറ്റ് സൗജന്യ യാത്രയുൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേക നിരക്കുകൾ മുന്നോട്ടു വയ്ക്കുന്നു. മുസാൻഡം പെനുൻസുലയിലേക്ക് പരമാവധി യാത്രക്കാരെ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെ സലാലയിലേക്കും മാൽഡ്വീവ്‌സിലേക്കും പ്രത്യേക പാക്കേജുകളാണ് ഓഫർ ചെയ്തിരിക്കുന്നത്.

ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖത്തർ എയർവേസും മസ്‌ക്കറ്റിൽ നിന്ന് വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് 35 ശതമാനം വരെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നു മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ജെറ്റ് എയർവേയ്‌സ് അഞ്ച് ദിവസത്തെ പ്രത്യേക ടിക്കറ്റ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുകയാണ്. മസ്‌കറ്റിൽ നിന്നുള്ളവർക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട് അനുവദക്കുന്നുണ്ട്. ജെറ്റ് എയർവേയ്‌സ് ഡോട്ട് കോമിലൂടെ ബുക്ക് ചെയ്ത് എല്ലാ വിമാനങ്ങൾക്കും ഇത് ബാധകമാക്കുകയും ചെയ്തു.

ഇന്ത്യൻ, ഏഷ്യ, സാർക് മേഖലയിലെ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. ജനുവരി 1418നും ഇടയിലാണ് ഓഫർ ടിക്കറ്റ് വിൽപന. ജനുവരി 14 മുതലുള്ള യാത്രകൾക്ക് ഇത് ബാധകമാകുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട അന്തർദേശീയ നെറ്റ് വർക്കിലെ ഡയറക്ട് ഫ്‌ലൈറ്റുകൾക്കാണ് ഈ ഓഫർ ബാധകമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ കുറവിൽ യാത്രചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച സമയം ജനുവരിയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. ക്രിസ്തുമസും ന്യൂയറും കഴിഞ്ഞ് നിരക്കുകൾ കുറയും. എല്ലാ സ്‌കൂളുകളും ജനുവരി ആദ്യം തുറക്കുകയും ചെയ്യും ഇത് മൂലം വളരെകുറച്ച് പേരായിരിക്കും യാത്രകൾക്കുണ്ടാവുക. ജനുവരി മുതൽ മെയ്‌ വരെ യാത്രകൾക്ക് കുറഞ്ഞ നിരക്കാകും പൊതുവെ.