ജിദ്ദ: മലബാറിൽനിന്നുള്ള ഗൾഫ് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി വിമാനക്കമ്പനികൾ കോഴിക്കോട്ടേക്കുള്ള ബുക്കിങ് നിർത്തി തുടങ്ങി. കരിപ്പൂർ വിമാനത്താവളം റൺവേ അറ്റകുറ്റപ്പണികൾക്കായി ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചതോടെയാണ് കോഴിക്കേട്ടേക്ക് മെയ് ഒന്നു മുതൽ എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്‌സ് വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചിരിക്കുന്നത്.

എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവീസുകളെല്ലാം കൊച്ചിയിലേക്ക് മാറ്റിയപ്പോൾ സൗദി എയർലൈൻസും എമിറേറ്റ്‌സും ബുക്കിങ് പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. സൗദിയയുടെയും എമിറേറ്റ്‌സിന്റെ യും സർവീസുകൾ കൊച്ചിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. കൊച്ചിയിലേക്ക് സർവീസ് മാറ്റുന്നതിന് ഇരു വിമാനത്താവളങ്ങളുടെയും അനുമതി ആവശ്യമാണ്.

കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജംബോ വിമാനങ്ങൾക്കാണ് കരിപ്പൂരിൽ ഇറങ്ങാൻ മെയ് ഒന്നു മുതൽ ഒക്ടോബർ 31 വരെ അനുമതി നിഷേധിച്ചിരിക്കുന്നത്. കരിപ്പൂരിലേക്ക് എയർ ഇന്ത്യ, സൗദിയ, എമിറേറ്റ്‌സ് കമ്പനികളുടെ വലിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. അതേസമയം, താരതമ്യേന ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന ജെറ്റ് എയർവേസ്, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ, ഖത്തർ എയർവേസ്, ഒമാൻ എയർ തുടങ്ങിയ എയർലൈൻസുകളുടെ കരിപ്പൂരിലേക്കുള്ള സർവീസുകൾ റദ്ദാക്കേണ്ടിവരില്ല.