തിരുവനന്തപുരം : കോവിഡിന്റെ ആലസ്യം മാറി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ വർഷം ഏപ്രിലിൽ 67919 യാത്രക്കാരാണുണ്ടായിരുന്നതെങ്കിൽ ഈ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി. ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 4000ന് മുകളിലെത്തി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പിന്നിലെ അദാനി ഗ്രൂപ്പാണ് വിമാനത്താവള നടത്തിപ്പിനു പിന്നിലും. വിഴിഞ്ഞത്തെ പണികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ ആകാശത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലേക്ക് അദാനി എത്തുന്നത്.

കഴിഞ്ഞ മെയ്‌ മുതലുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇങ്ങനെ- മെയ്‌-21356, ജൂൺ-21489, ജൂലായ്- 29592, ഓഗസ്റ്റ്- 59429, സെപ്റ്റംബർ- 85919, ഒക്ടോബർ- 102931,നവംബർ- 111295, ഡിസംബർ-132165, ജനുവരി-109441, ഫെബ്രുവരി-93180. എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എത്തിഹാദ്, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്സ്, സലാം എയർ, ഫ്‌ളൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്സ്, മാൽദ്വീവിയൻ എയർവേയ്സ്, സ്‌കൂട്ട്, ശ്രീലങ്കൻ എയർലൈൻസ് എന്നിവയാണ് നിലവിൽ തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്നത്.

ആഴ്ചയിൽ 24 സർവീസുകളുമായി എയർ ഇന്ത്യ എക്സ്‌പ്രസാണ് മുന്നിൽ. തായ് എയർഏഷ്യ ബാങ്കോക്കിലേക്ക് സർവീസിന് അനുമതി നേടിയിട്ടുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകൾ 348ൽ നിന്ന് 540 ആയി ഉയർന്നിട്ടുണ്ട്. പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 95 ൽ നിന്ന് 138 ആയി. ഷാർജയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ- 30എണ്ണം. ദോഹ (18), മസ്‌ക?റ്റ് , ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സർവീസുകൾ കൂടും.

ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ഉടൻ ആരംഭിക്കും. പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ 79ൽ നിന്ന് 132 ആയി ഉയരും. ബംഗളൂരുവിലേക്കാണ് (27) കൂടുതൽ സർവീസുകൾ. മുംബായ് (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവിടങ്ങളിലേക്കും സർവീസുകൾ കൂടും. കൊൽക്കത്ത, പൂണെ, ദുർഗാപൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ഉടൻ തുടങ്ങും.

വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പണമെറിഞ്ഞ് പണമുണ്ടാക്കാനുള്ള നീക്കത്തിലാണ്. വിമാനത്താവളത്തിൽ വമ്പൻ അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കി, യാത്രക്കാരെ കൂടുതലായി ആകർഷിച്ച് വിമാനത്താവളം ലാഭത്തിലാക്കാനാണ് ശ്രമം. വിമാനത്താവളം ലോകനിലവാരത്തിലാക്കാൻ വമ്പൻ വികസനപദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് അദാനി. എയർപോർട്ട് അഥോറിറ്റി കൈയൊഴിഞ്ഞിരുന്ന വിമാനത്താവളം ഏറെ വർഷങ്ങളായി മുരടിപ്പിലായിരുന്നു. ഇവിടെ നിന്നുള്ള സർവീസുകൾ മിക്കതും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റി.

പുതിയ വിമാനക്കമ്പനികൾ തിരുവനന്തപുരത്തേക്ക് പറക്കാതായി. യൂസർ ഫീസ് ഉയർന്നതായതിനാൽ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തെ കൈവിട്ട അവസ്ഥയിലായിരുന്നു. എന്നാൽ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഇതിനെല്ലാം പരിഹാരമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും കിട്ടിയതോടെ കപ്പൽ-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. ലോകമെങ്ങും തുറമുഖ നടത്തിപ്പുള്ള അദാനിക്ക്, വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്സ് ബിസിനസിൽ കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും അദാനി ലക്ഷ്യമിടുന്നു.

വിമാനത്താവളത്തിന്റെ വികസനത്തിന് പദ്ധതികളുണ്ടാക്കാനും മാസ്റ്റർപ്ലാൻ തയ്യാറാക്കാനും സിംഗപ്പൂരിലെ വൻ കമ്പനിയെ അദാനി നിയോഗിച്ചുകഴിഞ്ഞു. നിലവിലെ 33,300ചതുരശ്രഅടി അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ നിർമ്മാണമടക്കം 600കോടിയുടെ വികസനപദ്ധതികൾ നേരത്തേ എയർപോർട്ട് അഥോറിറ്റി പ്രഖ്യാപിച്ചിരുന്നെങ്കിലും, നടത്തിപ്പ് സ്വകാര്യവത്കരിച്ചതോടെ മുടങ്ങിപ്പോയിരുന്നു. വികസനപദ്ധതികൾ ഉപേക്ഷിക്കില്ലെന്നും പതിറ്റാണ്ടുകളായുള്ള മുരടിപ്പ് മാറി ലോകോത്തര സൗകര്യങ്ങളോടെ വിമാനത്താവളത്തെ വളർത്തുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവളത്തിനടുത്തെ മലബാർ ഗ്രൂപ്പിന്റെ മാൾ ഓഫ് ട്രാവൻകൂർ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനുള്ള പ്രാഥമിക ചർച്ച അദാനി ഗ്രൂപ്പ് നടത്തിക്കഴിഞ്ഞു.

എയർപോർട്ട് അഥോറിറ്റിയുമായുള്ള കരാറനുസരിച്ച്, തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും 168രൂപ വീതം അദാനി വിമാനത്താവള അഥോറിറ്റിക്ക് നൽകണം. 44.93ലക്ഷം യാത്രക്കാരാണ് ഇവിടെയുള്ളത്. പാട്ടക്കരാർ പ്രകാരം 75കോടിയിലേറെ അദാനി പ്രതിവർഷം നൽകേണ്ടിവരും. ആഭ്യന്തര യാത്രക്കാർക്ക് 450, രാജ്യാന്തര യാത്രക്കാർക്ക് 950രൂപ യൂസർഫീസുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനവുമുണ്ട്. 2021വരെ ഇതിൽ വർദ്ധനവരുത്താനാവില്ല. യൂസർഫീസ് കൂടുതലായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ്‌നിരക്ക് കൂടുതലാണ്. ഇനിയും നിരക്കുയർത്തുന്നത് യാത്രക്കാരെ അകറ്റും. 50വർഷത്തേക്ക് വിമാനത്താവളവും ഭൂമിയും കൈയിലുള്ളതിനാൽ വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ച് അദാനിക്ക് പിടിച്ചുനിൽക്കാനാവും.

ഡ്യൂട്ടിഫ്രീ ഷോപ്പുകൾ വിസ്തൃതമാക്കുക, ആഭ്യന്തര ടെർമിനലിലും ബാർതുറക്കുക, മുക്കിലും മൂലയിലും പരസ്യം അനുവദിക്കുക എന്നിവയാണ് മാർഗ്ഗങ്ങൾ. വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടിഫ്രീഷോപ്പ് ഏറ്റെടുത്ത് വലുതാക്കാം. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടുനടത്തുന്നു. പ്രതിവർഷം ലാഭം 250കോടിയാണ്. ഡ്യൂട്ടിഫ്രീ കരാറുകാരനെ ഏൽപ്പിച്ചാൽ 50ശതമാനം ലാഭം അദാനിക്ക്കിട്ടും. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തരടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം അദാനിക്ക് കൂട്ടാനാവും. ഷോപ്പിങ്, സേവന കേന്ദ്രങ്ങൾ തുറന്നും പണമുണ്ടാക്കാം. ട്രോളിയിൽ വരെ പരസ്യംപതിക്കാം. ഗ്രൗണ്ട്ഹാൻഡ്ലിങ് ഇനത്തിലും റോയൽറ്റി കിട്ടും. വാണിജ്യ-പരസ്യ മാർഗ്ഗത്തിലൂടെ 700കോടിയാണ് നെടുമ്പാശേരിയിലെ വരുമാനം. വിഴിഞ്ഞം തുറമുഖനടത്തിപ്പിനു പുറമെ വിമാനത്താവളം കൂടി കിട്ടുന്നതോടെ അദാനി തിരുവനന്തപുരത്ത് വൻശക്തിയായി മാറുമെന്നുറപ്പാണ്.

ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ വിദേശകമ്പനിക്ക് ഉപകരാർ നൽകി,? വിമാനത്താവള നടത്തിപ്പിൽ തങ്ങൾക്ക് പരിചയമില്ലെന്ന ആക്ഷേപം മറികടക്കാനാണ് അദാനിയുടെ ശ്രമം. ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയെയാണ് നിലവിൽ പരിഗണിക്കുന്നത്.

240നഗരങ്ങളിലേക്ക് സർവീസുള്ള,? യൂറോപ്പിലെ പഞ്ചനക്ഷത്ര വിമാനത്താവളമായ മ്യൂണിക്കിലെ രണ്ടാം ടെർമിനൽ ലോകോത്തരമാണ്. വിമാനത്താവള നടത്തിപ്പിൽ വിപുലമായ പരിചയമുള്ള ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാനാവും. അദാനിയുടെ നിയന്ത്രണത്തിലുള്ള മംഗളുരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളിൽ നിന്നും സർവീസ് തുടങ്ങും.

കരാറനുസരിച്ച്, ഓരോയാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പ് വിമാനത്താവള അഥോറിറ്റിക്ക് നൽകണം. പ്രതിവർഷം 75കോടി പാട്ടത്തുകയിനത്തിൽ കണ്ടെത്തണം. പുറമെ, വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. അതിനാൽ സർവീസുകൾ വർദ്ധിപ്പിച്ച് യാത്രക്കാരുടെ എണ്ണംകൂട്ടി ലോകോത്തരസൗകര്യങ്ങളൊരുക്കും. കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ വരുന്നതോടെ, ടിക്കറ്ര് നിരക്ക് കുറയും.