- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗ്നൽ കിട്ടാതെ വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങി; സംഘർഷ വിവരം അറിയാതെ യാത്രക്കാരുടെ ബന്ധുക്കൾ ആശങ്കയോടെ പുറത്തു നിന്നു; അകത്ത് ചേരിതിരിഞ്ഞ് സർവ്വതും തല്ലി തകർത്ത് ജീവനക്കാരും സിഐഎസ്എഫും; എയർപ്പോർട്ട് ഉദ്യോഗസ്ഥരുടെ അഹന്ത കരിപ്പൂരിനെ വിറപ്പിച്ചത് ഇങ്ങനെ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ കൊലപാതകത്തിന് കാരണമായത് പതിറ്റാണ്ടുകൾ നീണ്ട വടംവലി. സംഘർഷത്തിന് അയവ് വന്നതോടെ വിമാനത്താവളം തുറക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളാണ് സംഘർഷത്തിന് അയവ് വരുത്തിയത്. പ്രശ്‌ന പരിഹാരത്തിനായി സിഐഎസ്എഫിന്റേയും എയർപോർട്ട് അഥോറിട്ടിയുടേയും
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ കൊലപാതകത്തിന് കാരണമായത് പതിറ്റാണ്ടുകൾ നീണ്ട വടംവലി. സംഘർഷത്തിന് അയവ് വന്നതോടെ വിമാനത്താവളം തുറക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളാണ് സംഘർഷത്തിന് അയവ് വരുത്തിയത്. പ്രശ്‌ന പരിഹാരത്തിനായി സിഐഎസ്എഫിന്റേയും എയർപോർട്ട് അഥോറിട്ടിയുടേയും ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തും. കേന്ദ്ര സർക്കാരും അതീവ ഗൗവരത്തോടെയാണ് പ്രശനത്തെ കാണുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്. ഏഴ് മണിക്കൂർ നീണ്ട സംഘർഷത്തിൽ വലഞ്ഞത് സാധാരണക്കാരായ വിമാനയാത്രക്കാരും അവരുടെ ബന്ധുക്കളുമാണ്.
വിമാനത്താവളത്തിൽ രാത്രിവൈകിയും സംഘർഷം ഒഴിഞ്ഞില്ല. തടിച്ചുകൂടിയ ജനങ്ങൾക്കു നേരെ പലതവണ പൊലീസും സിഐഎസ്.എഫും ലാത്തിവീശി. സംസ്ഥാനപൊലീസിന്റെയും വിമാനത്താവള സുരക്ഷാ സേനയുടെയും നിയന്ത്രണത്തിലായിരുന്നു വിമാനത്താവളമെങ്കിലും സംഘർഷത്തിന് അയവൊന്നുമുണ്ടായില്ല. ടെർമിനലിനകത്ത് യാത്രക്കാർ ആശങ്കയിലായിരുന്നു. പലപ്പോഴും കൃത്യമായ വിവരമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയശേഷമാണ് സംഘർഷാവസ്ഥയ്ക്ക് നേരിയ അയവു വന്നത്. ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡി എ്തിയാണ് ചർച്ചകൾ തുടങ്ങിയത്. കേന്ദ്ര സർക്കാരും സജീവമായതോടെ പ്രശ്‌ന പരിഹാരം സാധ്യമായി. ഇതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലേക്ക് മടങ്ങാൻ തുടങ്ങിയത്. വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിന് മുൻഗണന നൽകണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടും ഇതിന് സഹായകമായി.
ബുധനാഴ്ച രാത്രി 9.45 നാണ് അതീവ സുരക്ഷയുള്ള വി.ഐ.പി ഗേറ്റിൽ സംഘർഷമുണ്ടായത്. അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് മറ്റ് ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനായ സണ്ണി തോമസ് വി.ഐ.പി ഗേറ്റിലൂടെ പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യൂണിഫോമിലായിരുന്ന തന്നെ പരിശോധിക്കുന്നത് സണ്ണി തോമസ് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിച്ചതോടെ വിമാനത്താവള അഥോറിറ്റി ജീവനക്കാർ സംഘടിച്ചത്തെുകയായിരുന്നു. എസ്.എസ്. യാദവ് തോക്ക് ലോഡ് ചെയ്യുന്നതിനിടെ വെടിയുതിരുകയായിരുന്നു. ജവാന് വെടിയേറ്റതോടെ സിഐഎസ്.എഫ് ജവാന്മാർ വിമാനത്താവള അഥോറിറ്റി ജീവനക്കാരെ മർദിച്ചു. മർദനത്തിലാണ് സണ്ണി തോമസിന് പരിക്കേറ്റത്. തുടർന്ന് സിഐഎസ്.എഫ് ജവാന്മാർ വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു. എയർപോർട്ട് ഡയറക്ടറെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. റൺവേയിൽ എയർപോർട്ട് അഥോറിറ്റി ജീവനക്കാർ സമരം തുടങ്ങിയതോടെ വിമാനത്താവളം അരക്ഷിതാവസ്ഥയിലായി. സിഐഎസ്.എഫ്. ഹെഡ്‌കോൺസ്റ്റബിൾ എസ്.എസ്. യാദവ് (38) ആണ് മരിച്ചത്.
വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനാജീവനക്കാരും വിമാനത്താവളത്തിന്റെ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്ര വ്യവസായസുരക്ഷാസേനയും തമ്മിലാണ് സംഘർഷമുണ്ടായത്. എയർട്രാഫിക് കൺട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചിടത്തുനിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ തിരിച്ചറിയൽകാർഡ് ആവശ്യപ്പെട്ട വ്യവസായ സുരക്ഷാസേനാജവാന്മാരും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സിഐഎസ്.എഫുകാർ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ സജിതോമസ് (38), അജികുമാർ (36) എന്നിവരെ തടഞ്ഞുവച്ചു.
സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനാ ജീവനക്കാർ സംഘടിച്ചെത്തി സിഐഎസ്.എഫ് ജവാന്മാരെ ചോദ്യംചെയ്തു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്.എഫ്. ജവാൻ അഗ്‌നിരക്ഷാസേനാജീവനക്കാരെ പിന്തിരിപ്പിക്കാനായി തോക്കുപുറത്തെടുത്തു. തോക്കുപിടിച്ചുവാങ്ങാൻ അഗ്‌നിരക്ഷാസേനാജീവനക്കാരും ശ്രമിച്ചു. ഇതിനിടയിൽ ജവാനെ പിന്തിരിപ്പിക്കാനും പ്രശ്‌നം തണുപ്പിക്കാനും ശ്രമിക്കുകയായിരുന്നു വെടിയേറ്റുമരിച്ച ഹെഡ്‌കോൺസ്റ്റബിൾ യാദവ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള പിടിവലിക്കിടയിലാണ് തോക്കുപൊട്ടി യാദവിന് വെടിയേറ്റത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കുമാറ്റി.
സംഘർഷത്തിന്റെ വിവരം അറിഞ്ഞതോടെ മെഡിക്കൽകോളേജ് കാഷ്വാലിറ്റിയിൽ അടിയന്തരസന്ദേശം നൽകി. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നു. 11.10ഓടെയാണ് സിഐഎസ്.എഫ്. എസ്.ഐ. സീതാറാം ചൗധരിയെ (33) മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇടതുകൈപ്പത്തിയിൽ രണ്ട് വെടിയുണ്ടയേറ്റ മുറിവുണ്ടായിരുന്നു. കൈവെള്ളയിൽ ഒരു വെടിയുണ്ടയും കൈയുടെ പുറംഭാഗത്ത് ചൂണ്ടുവിരലിനോട് ചേർന്ന് മറ്റൊരു വെടിയുണ്ടയും ഏറ്റ മുറിവാണ് ഉണ്ടായിരുന്നത്. സ്വന്തം പിസ്റ്റളിൽ നിന്നുതന്നെ വെടിയേറ്റുവെന്നാണ് ഇദ്ദേഹം മെഡിക്കൽ കോളേജ് അധികൃതരോട് പറഞ്ഞത്. മിംസ് ആശുപത്രിയിൽ എയർപോർട്ട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിലെ ജീവനക്കാരെയാണ് എത്തിച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ സീനിയർ സൂപ്രണ്ട് സണ്ണിതോമസ് (57), സൂപ്പർവൈസർ അജികുമാർ (42) എന്നിവരെ 11.20നകം തന്നെ അവിടെ എത്തിച്ചു. സണ്ണിതോമസിന് ഇടുപ്പിനാണ് പരിക്കേറ്റത്. അജികുമാറിന് താടിയെല്ല്, നാഭി, നെഞ്ച് എന്നിവിടങ്ങളിൽ കാര്യമായ ക്ഷതമുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എൻ.സി. ഗോയൽ കേരള ഡി.ജി.പി. ടി.പി. സെൻകുമാറിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡി.ജി.പി. ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികളെടുക്കാൻ സിഐഎസ്.എഫ്. ഡയറക്ടർ ജനറലിനും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. വ്യാഴാഴ്ച സിഐഎസ്.എഫിന്റെ മുതിർന്ന ഉദ്യോഗസ്ഥർ കരിപ്പൂർ സന്ദർശിക്കുമെന്നും എൻ.സി. ഗോയൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും എൻ.സി. ഗോയൽ വിവരങ്ങൾ ധരിപ്പിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) ജവാന്മാരും എയർപോർട്ട് അഥോറിറ്റി ജീവനക്കാരും തമ്മിൽ ഉണ്ടായ സംഘർഷവും വെടിവെപ്പും അപൂർവങ്ങളിൽ അപൂർവമാണ്. ഇന്ത്യൻ വ്യോമചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരിക്കും കരിപ്പൂരിൽ നടന്നത്. സംഘർഷത്തെ തുടർന്ന് സിഐഎസ്.എഫ് ജവാന്മാരുടെ തേർവാഴ്ചയാണ് നടന്നത്. ജവാൻ വെടിയേറ്റ് മരിച്ചതോടെ സംഘടിച്ചത്തെിയ മറ്റു ജവാന്മാർ കണ്ണിൽ കണ്ടവർക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യാത്രക്കാരെ സ്വീകരിക്കാൻ എത്തിയവർക്ക് നേരെയും വിമാനത്താവളത്തിലെ മറ്റ് ജീവനക്കാർക്ക് നേരെയും ജവാന്മാർ തിരിഞ്ഞു. അകത്തേക്ക് പ്രവേശിപ്പിക്കാതെ എയർപോർട്ട് ഡയറക്ടറെയും എയർട്രാഫിക് കൺട്രോൾ ജീവനക്കാരെയും തടഞ്ഞുവെക്കുകയും ചെയ്തു. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചു. രാത്രിയിൽ വിമാനത്താവളത്തിലെത്തേണ്ട വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറന്നെങ്കിലും ഇറങ്ങാനുള്ള സിഗ്നൽ കിട്ടിയില്ല.
ഈ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കാൻ എത്തിയവരും പുറത്തുണ്ടായിരുന്നു. വിമാനത്താവളത്തിനകത്തെ പ്രശ്‌നങ്ങൾ ആർക്കും അറിയില്ലായിരുന്നു. അവർ ആശങ്കയിലായി. വിമാനത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതായിരുന്നു സംശയം. പിന്നെയാണ് എല്ലാം മനസ്സിലായത്. വിമാനത്താവളം എപ്പോൾ തുറുക്കുമെന്നോ വിമാന സർവ്വീസ് എപ്പോൾ തുടങ്ങുമെന്നോ അറിയാതെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ പലസ്ഥലത്തും പിടിച്ചിട്ടു. അങ്ങനെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. സംഘർഷത്തെ തുടർന്ന് ഫയർഫോഴ്‌സ് ജീവനക്കാർ റൺവേ ഉപരോധിച്ചതോടെയാണ് വിമാനങ്ങൾ ലാൻഡ് ചെയ്യാനാകാതെ വലഞ്ഞത്. മുംബൈയിൽനിന്നത്തെിയ ഇൻഡിഗോ എയർലൈൻസും ദുബൈയിൽ നിന്നത്തെിയ എയർ ഇന്ത്യ എക്സ്‌പ്രസും ലാൻഡിങ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി. വിമാനത്തിലെ ഇന്ധനം തീരാറായപ്പോഴായിരുന്നു ഈ തിരിച്ചുവിടൽ.
സിഐഎസ്.എഫ് ജീവനക്കാരും എയർപോർട്ട് അഥോറിറ്റി ജീവനക്കാരും തമ്മിലെ മൂപ്പിളമ തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. സുരക്ഷാ പരിശോധനക്ക് വിധേയരാകാൻ എയർപോർട്ട് അഥോറിറ്റി അധികൃതർ തയാറാകാത്തതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. അതീവ സുരക്ഷാ മേഖലയായ വി.ഐ.പി ഗേറ്റിലടക്കം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാൽ, യൂണിഫോം ധരിച്ച എയർപോർട്ട് ജീവനക്കാരെ പരിശോധിക്കുന്നതിൽ ജീവനക്കാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. അതേസമയം, സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച നൽകാൻ സിഐഎസ്.എഫ് ജവാന്മാരും തയാറായില്ല. വിമാനത്താവളത്തിന് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥർ തന്നെ വിമാനത്താവളത്തിൽ അക്രമം അഴിച്ചുവിട്ടതിൽ എല്ലാവർക്കും ആശങ്കയുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും തമ്മിൽ കരിപ്പൂർ എയർപേർട്ടിൽ തർക്കം സ്ഥിരമാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥനും വ്യക്തമാക്കി. കരിപ്പൂരിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവല്ല സ്വദേശി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സീനിയർ സൂപ്രണ്ട് സണ്ണി തോമസാണ് ഇക്കാര്യം പറഞ്ഞത്. സഹപ്രവർത്തകൻ അജികുമാറിനെ സുരക്ഷാ വിഭാഗക്കാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് സണ്ണി പറഞ്ഞു. പരിക്കേറ്റ് വീണ അദ്ദേഹത്തെ ആശുപത്രിയിലാക്കാൻ ആംബുലൻസ് വിളിക്കാൻ പോകവെ സുരക്ഷാ വിഭാഗക്കാർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഓടാൻ പറഞ്ഞു. പെട്ടെന്ന് ഓടാൻ പറ്റാത്ത തന്നെ ക്രൂരമായി മർദിച്ചു. നാഭിക്കും മുഖത്തും ബൂട്ടിട്ട് ചവിട്ടി.
സംഭവംനടന്ന കാർഗോ കോംപ്ലക്‌സിനു മുന്നിലും എ.ടി.സി ടവർ ഗേറ്റിനും ശക്തമായ കാവലാണ് ഏർപ്പെടുത്തിയത്. അതിനിടെ സിഐഎസ്.എഫ് ജവാൻ മരിച്ച വിവരമറിഞ്ഞതോടെ നിരവധി അഗ്‌നിസേനാവിഭാഗം ജീവനക്കാരെ സിഐഎസ്.എഫ്. ജവാന്മാർ വളഞ്ഞു പിടിച്ചു. വിമാനത്താവളത്തിലെ ഏറ്റവുംവലിയ ഉദ്യോഗസ്ഥസംഘടനയാണ് അഗ്‌നിരക്ഷാസേനയ്ക്കുള്ളത്. ഇവരും വിമാനത്താവള സുരക്ഷാസേനയുമായുള്ള വടംവലി 2004 മുതൽ തുടങ്ങിയതാണ്.തങ്ങളെ യാതൊരു പരിശോധനയുംകൂടാതെ വിമാനത്താവള റൺവേയിലേക്കും മറ്റു സെക്യൂരിറ്റി മേഖലയിലേക്കും കടത്തിവിടണമെന്നതായിരുന്നു അഗ്‌നിരക്ഷാസേനാംഗങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നിരവധിതവണ സിഐഎസ്.എഫുമായി ഉരസൽ ഉണ്ടായിട്ടുണ്ട്. പലഘട്ടങ്ങളിലും വിമാനത്താവള അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രശ്‌നങ്ങൾ രമ്യതയിലാക്കിയിരുന്നത്.
പ്രത്യേക സുരക്ഷ ആവശ്യമുള്ള വിമാനത്താവളമായതിനാൽ പരിശോധനകൂടാതെ ആരെയും അകത്തുകടത്താൻ സിഐഎസ്.എഫിന് അനുവാദമില്ല. ഇതേത്തുടർന്ന് പരിശോധന ശക്തമാക്കുന്നതായി കാണിച്ച് എല്ലാവിഭാഗം ഉദ്യോഗസ്ഥർക്കും സിഐഎസ്.എഫ്. നോട്ടീസ് നൽകിയിരുന്നു. ദേഹപരിശോധന അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അഗ്‌നിരക്ഷാസേനാംഗങ്ങൾ. ഈ വടംവലിയാണ് ഒടുവിൽ ബുധനാഴ്ച കൈയാങ്കളിയിലേക്കും സിഐഎസ്.എഫ് ജവാന്റെ മരണത്തിലേക്കും നയിച്ചത്.