ഒമാനിലെ എയർപോർട്ട് ടാക്‌സി ഡ്രൈവർമാർക്ക് അനുകൂല നടപടിയുമായി റോയൽ ഒമാൻ പൊലീസ് രംഗത്ത്. ഓറഞ്ച് ടാക്‌സി ഡ്രൈവർമാർ എയർപോർട്ടിലെ യാത്രക്കാരെ കയറ്റിയാൽ പിഴ ഈടാക്കുമെന്ന നടപടിയുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഓറഞ്ച് ടാക്‌സി ഡ്രൈവർമാരുടെ നടപടികൾ മൂലം ജീവിതം വഴിമൂട്ടിയ അവസ്ഥയിലായിരുന്നു എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ. ഇതിനു പരിഹാരമാവുകയാണ് റോയൽ ഒമാൻ പൊലീസിന്റെ പുതിയ നടപടി.

ഇതിന്റെ അടിസ്ഥാനത്തിൽ ഓറഞ്ച് ടാക്‌സികൾക്ക് എയർപോർട്ടിൽ നിന്നും യാത്രക്കാരെ എടുക്കാൻ കഴിയില്ല. യാത്രക്കാരെ കയറ്റുകയാണെങ്കിൽ അതിനു പിഴയും ഈടാക്കും. മുനിസിപ്പൽ കൗൺസിൽ അംഗം സലിം അൽ ഖമാറിയാണ് ഇക്കാര്യം അറിയിച്ചത്. നടപടിയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ ഓറഞ്ച് ടാക്‌സികൾക്ക് യാത്രക്കാരെ എയർപോർട്ടിലെത്തിക്കാൻ മാത്രമെ കഴിയൂ. ഇവിടെ നിന്നും യാത്രക്കാരെ കയറ്റാൻ കഴിയില്ല.

എയർപോർട്ട് യാത്രക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന ടാക്‌സി ഡ്രൈവർമാരുടെ ജീവിതം വഴിമുട്ടിച്ചുകൊണ്ടാണ് ഓറഞ്ച്് ടാക്‌സി ഡ്രൈവർമാർ എയർപോർട്ട് യാത്രക്കാരെ കയറ്റി തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ശക്തമായ നടപടിയുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തിയത്. കൂടാതെ ഓറഞ്ച് ടാക്‌സി ഡ്രൈവർമാർ ഉയർന്ന നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നതെന്നും പരാതി ഉയർന്നിരുന്നു.