ഷിക്കാഗോ: ഷിക്കാഗോ ഡൗൺടൗണിൽ നിന്നും ഒഹെയർ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് എയർ ടാക്‌സി സമ്മറിൽ മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബർ എയർ മൊബിലിറ്റി പ്രൊവൈഡർ പ്രസ്താവനയിൽ അറിയിച്ചു.

ഡൗൺടൗൺ ഹെലിപോർട്ട് വെർട്ടിഫോർട്ട് ഷിക്കാഗോയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇലക്ട്രിക് പവർ ഹെലികോപ്റ്ററുകളാണ് ടാക്‌സിയായി ഉപയോഗിക്കുക. പദ്ധതി വിജയകരമായാൽ സേവനം ഷിക്കാഗോയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഇല്ലിനോയ് മെഡിക്കൽ ഡിസ്ട്രിക്റ്റിൽ നിന്നും ഒഹെയർ വിമാനത്താവളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സാധാരണ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് ഉടനെ ആരംഭിക്കുമെന്ന് കമ്പനി സിഇഒ റോബ് വൈസെന്തൽ പറഞ്ഞു.

അരമണിക്കൂർ ദൂരം ഡ്രൈവ് ചെയ്യുന്നതിനു പകരം 5 മിനിട്ടു കൊണ്ടു സ്ഥലത്തെത്തി ചേരാൻ കഴിയുന്ന ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ഒരേസമയം ഇതിൽ ആറു പേർക്ക് യാത്ര ചെയ്യാൻ കഴിയും. ഇപ്പോൾ സർവീസ് നടത്തുന്ന ന്യുയോർക്ക് എയർപോർട്ടിലേക്ക് ഒരാൾക്ക് 95 ഡോളറിനു താഴെ മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ഷിക്കാഗോയിലെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇലക്ട്രിക്ക് വെർട്ടിക്കൽ എയർ ക്രാഫ്റ്റിന്റെ നിർമ്മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി വെർട്ടിപോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ അറിയിച്ചു.