ന്യൂഡൽഹി: രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ റിലയൻസ് ജിയോക്ക് തടയിടാൻ പുത്തൻ ഫ്രീ ഡേറ്റ ഓഫർ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയർടെലിന്റെ ഓഫർ. ചില നിബന്ധനകൾ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കൾക്ക് സൗജന്യ ഡേറ്റ സേവനം ലഭ്യമാകുക. എയർടെൽ നെറ്റ്‌വർക്കിന് പുറത്തുള്ള 4ജി ഹാൻഡ്സെറ്റ് ഉപഭോക്താക്കളെ നോട്ടമിട്ടാണ് എയർടെല്ലിന്റെ പുത്തൻ ഓഫർ. അതുപോലെ പുതിയ 4ജി ഹാൻഡ് സെറ്റുകളിലേക്ക് മാറുന്ന എയർടെൽ ഉപഭോക്താക്കൾക്കും ഫ്രീ ഡേറ്റ സേവനം ലഭിക്കും.

ജനുവരി 4 മുതൽ ഫെബ്രുവരി 28 വരെയാണ് ഓഫർ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ്-പോസ്റ്റ്പെയ്ഡ് പാക്കുകളാണ് ഫ്രീ ഡേറ്റ സേവനത്തിന് അർഹമാവുക. 2017 ഡിസംബർ 31 വരെ സൗജന്യ ഡേറ്റ സേവനം അനുഭവിക്കാം. തെരഞ്ഞെടുത്ത പ്രത്യേക പാക്കുകളുടെ ഗുണത്തിനൊപ്പമാണ് സൗജന്യ ഡേറ്റ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഏറ്റവും വേഗത്തിലുള്ള 4ജി നെറ്റ്‌വർക്ക് സേവനം ആസ്വദിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നുവെന്നാണ് എയർടെൽ അറിയിച്ചത്. സാധാരണ പാക്കുകളിൽ ലഭിക്കുന്ന സേവനത്തിനൊപ്പം തന്നെ കൂടുതലായി 3ജിബി ഡേറ്റ ലഭിക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എയർടെലിന്റെ 345 പാക്ക് ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താവിന് പാക്ക് പ്രകാരമുള്ള സാധാരണ സേവനങ്ങളായ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ ലോക്കൽ എസ്ടിഡി കോളുകൾ ഒരു ജിബി ഡേറ്റ എന്നിവയ്ക്കൊപ്പം 3 ജിബി ഫ്രീ ഡേറ്റയും ലഭിക്കും. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. ഇത്തരത്തിൽ അധിക സൗജന്യ ഡേറ്റക്കായി ഡിസംബർ 31 വരെ 13 റീചാർജുകൾ സാധ്യമാകും.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 3ജിബി സൗജന്യ ഡേറ്റ ലഭ്യമാകുന്നതിന് 549 രൂപയുടെ ഇൻഫിനിറ്റി പ്ലാൻ ചെയ്താൽ മതിയാകും. സൗജന്യ കോൾ സേവനങ്ങൾക്കൊപ്പം 3 ജിബി പാക്ക് പ്രകാരമുള്ള ഡേറ്റയും 3ജിബി സൗജന്യ ഡേറ്റയുമടക്കം 6 ജിബി പ്രതിമാസം ലഭ്യമാകും. 799 രൂപയുടെ ഓഫർ ചെയ്യുന്നവർക്ക് 5 ജിബി സാധാരണ ഡേറ്റക്കൊപ്പം മൂന്ന് ജിബി സൗജന്യ ഡേറ്റയും ലഭിക്കും.