നിർണായകമായ ഐടി സിസ്റ്റം തകരാറിനെ തുടർന്ന് ഹീത്രോവിൽ നിന്നും ഗാത്വിക്കിൽ നിന്നും ശനിയാഴ്ച പറന്നുയാനിരുന്ന എല്ലാ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും റദ്ദാക്കിയതിന്റെ ഫലമായി മൂന്ന് ലക്ഷം യാത്രക്കാർ കുടുങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. ഐടി സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെത്തുടർന്ന് 1000 സർവീസുകളാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. ചെലവ് ചുരുക്കാൻ വേണ്ടി ഇന്ത്യയിലേക്ക് 700 ജോലികൾ മാറ്റിയതിന് ശിക്ഷയായി ബ്രിട്ടീഷ് എയർവേസ് നൽകേണ്ടി വന്നിരിക്കുന്നത് 150 ദശലക്ഷം പൗണ്ടാണ്. വിമാന സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് നിരവധി പേരുടെ ഹാഫ്ടേം ഹോളിഡേ പ്ലാനുകളാണ് പൊളിഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾ വിമാനത്താവളങ്ങളിൽ അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു.

സർവീസുകൾ മുടങ്ങാൻ എന്താണ് യഥാർത്ഥ കാരണമെന്ന് ബ്രിട്ടീഷ് എയർവേസ് ഇനിയും യാത്രക്കാരോട് വിശദീകരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സൈബർ ആക്രമണം കാരണമല്ല പ്രശ്നമുണ്ടായിരിക്കുന്നതെന്നും വൈദ്യുതിമുടങ്ങിയതിനാലാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്നും ഒഴുക്കൻ മട്ടിലുള്ള പേരിന് മാത്രമൊരു വിശദീകരണമാണ് എയർലൈൻ നൽകിയിരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് എയർവേസ് വിശ്വസ്തരും കഴിവുള്ളവരമായ 700ൽ പരം ഐടി സ്റ്റാഫുകളെ കഴിഞ്ഞ വർഷം പിരിച്ച് വിടുകയും ആ ജോലികൾ ഇന്ത്യൻ ടെക്കികൾക്ക് ഔട്ട്‌സോഴ്‌സിന് കൊടുക്കുകയും ചെയ്തതാണ് പ്രശ്നത്തിന് കാരണമായതെന്ന് വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്.

ഈ പ്രശ്നത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് ചീഫ് എക്സിക്യൂട്ടീവായ അലക്സ് ക്രുസ് രാജി വയ്ക്കണമെന്ന ആവശ്യം കഴിഞ്ഞ രാത്രി ശക്തമായിരുന്നു. ചെലവ് ചുരുക്കി സർവീസുകളെ താറുമാറാക്കുന്ന അദ്ദേഹത്തിന്റെ നയം പരക്കെ വിമർശനത്തിന് വിധേയമാകുന്നുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ ക്രുസ് ബ്രീട്ടീഷ്എയർവേസ് ജീവനക്കാർക്ക് ഇമെയിൽ അയച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ വായടപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് ഹീത്രോ, ഗാത്വിക്ക് എയർപോർട്ടുകളിൽ ടെർമിനൽ ബിൽഡിംഗുകൾക്ക് പുറത്ത് കുടുംബങ്ങൾ ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.

പ്രശ്നത്തെക്കുറിച്ച് എയർലൈൻ കൃത്യമായി ആശയവിനിമയം നടത്താത്തതിൽ നിരവധി യാത്രക്കാർ കടുത്ത ഭാഷയിലാണ് പ്രതിഷേധിച്ചിരിക്കുന്നത്. പ്രതിസന്ധി പരമാവധി മുതലാക്കാനായി വിമാനത്താവളങ്ങൾക്ക് സമീപത്തുള്ള ഹോട്ടലുകൾ റൂം വാടക കുത്തനെ ഉയർത്തിയതിലും പ്രതിഷേധം ശക്തമായിരുന്നു. വിമാനം മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ താമസ സൗകര്യം തേടി നെട്ടോട്ടമോടിയതിൽ നിന്നും ലാഭമുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. ഐടി സിസ്റ്റം തകരാറിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കണമെന്ന് ബ്രിട്ടീഷ് എയർവേസിനോട് ആവശ്യപ്പെട്ട് എംപിമാരും മുന്നോട്ട് വന്നിട്ടുണ്ട്.

ഹോളിഡേയ്ക്ക് പോയി അടിച്ച് പൊളിക്കേണ്ടുന്ന സമയത്ത് വിമാനത്താവളങ്ങളിലെ നിലത്ത് കിടന്നുറങ്ങേണ്ടുന്ന ഗതികേടാണ് നിരവധി കുടുംബങ്ങൾക്കുണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള മറ്റൊരു സർവീസ് മുടങ്ങൽ കൂടി ഈ ആഴ്ച യാത്രക്കാരെ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പും അതിനിടെ ഉയർന്നിട്ടുണ്ട്. വിമാനം മുടങ്ങിയത് ബാധിച്ച യാത്രക്കാർക്കെല്ലാം മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം നവംബർ വരെ ഇത് നൽകുന്നതാണ്. യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യാവുന്നതാണെന്നും കമ്പനി പറയുന്നു. ഇതിനായുള്ള ടെംപ്ലേറ്റ് ലെറ്ററുകൾ ലഭ്യമാക്കി കൺസ്യൂമർ ഗ്രൂപ്പായ വിച്ച്..? രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രകാരം www.which.co.uk/consumer-rights എന്ന ലിങ്കിൽ നിന്നും ഇത് ഡൗൺ ലോഡ് ചെയ്തെടുക്കാം.

യൂറോപ്യൻ യൂണിയൻ ഡെനീഡ് ബോർഡിങ് റെഗുലേഷൻ അനുസരിച്ച് വിമാനം വൈകിയാലോ റദ്ദാക്കിയാലോ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യാൻ സാധിക്കും. ഇതനുസരിച്ച് ഹ്രസ്വദൂര വിമാനങ്ങൾ മൂന്ന് മണിക്കൂറിലധികം വൈകിയാൽ 219 പൗണ്ട് നഷ്ടപരിഹാരം ലഭിക്കും. 1500 കിലോമീററർ വരെ പറക്കുന്ന വിമാനങ്ങളാണിതിൽ ഉൾപ്പെടുന്നത്. മധ്യദൂര വിമാനങ്ങൾക്ക് ഇത് 350 പൗണ്ട് വരെയാണ് നഷ്ടപരിഹാരം. 3500കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങളാണിവ. 3500 കിലോമീറ്ററിലധികം പറക്കുന്ന ദീർഘദൂര വിമാനങ്ങൽ മൂന്ന് മണിക്കൂറിനും നാല് മണിക്കൂറിനും ഇടയിൽ വൈകിയാൽ ഇതിന് 262 പൗണ്ടാണ് നഷ്ടപരിഹാരം. നാല് മണിക്കൂറിലധികം വൈകിയാൽ 524 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിക്കും. ഓരോ യാത്രക്കാരനും നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യാം.