കോട്ടയം: മകളുടെ ആഡംബര കല്യാണത്തിന്റെ പേരിൽ നാട്ടിക എംഎൽഎ ഗീതാ ഗോപിക്കെതിരേ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്തിന് പിന്നാലെ മറ്റൊരു വിവാഹം കൂടി വിവാദത്തിൽ. ഇത്തവണ യുവ നേതാവാണ് കഥാനായകൻ. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുൺകുമാറിന്റെ വിവാഹമാണ് പാർട്ടിയിലെ പുതിയ ചർച്ച.

വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയുമായ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സിപിഐയിലെയും യുവജന സംഘടനകളിലെയും പ്രമുഖ നേതാക്കളെല്ലാം അണിനിരന്ന വിവാഹത്തിൽ വധു എത്തിയത് സ്വർണത്താൽ മൂടിയെന്നാണ് ആക്ഷേപം. ഇതിന് ആധാരമായത് വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതാണ്.

ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിനെതിരേ ഫേസ്‌ബുക്ക് പോസ്റ്റിടുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത നേതാക്കളുടെ മുന്നിലായിരുന്നു ആഡംബരപൂർവമുള്ള യുവനേതാവിന്റെ മിന്നുചാർത്ത്. വിവാഹത്തിന് പിന്നാലെ യുവനേതാവും വധുവും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് അണികൾ വിമർശനം തുടങ്ങിയത്. ആഡംബര വിവാഹത്തെ പരിഹസിച്ച് പാർട്ടി അണികൾ തന്നെ രംഗത്തുവന്നതും ആലപ്പുഴ സിപിഐയിൽ ചർച്ചയായിട്ടുണ്ട്.

ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹത്തെ പരിഹസിച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ 'ഈ മാതൃകാവിവാഹം നാട്ടിക എംഎൽഎയ്ക്ക് സമർപ്പിക്കുന്നു' എന്നാണ് പറഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ വിവാഹങ്ങൾ ആർഭാടരഹിതമായിരിക്കണമെന്ന ഓർമപ്പെടുത്തലും ജിസ്‌മോൻ നടത്തിയിരുന്നു.

ഈ പോസ്റ്റിട്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വന്തം ജില്ലയിലെ സഹപ്രവർത്തകന്റെ ആഡംബര വിവാഹം ജിസ്‌മോനെ തിരിഞ്ഞുകൊത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഗീതാഗോപിയെ ഉപദേശിച്ചപോലുള്ള പോസ്റ്റുകളൊന്നും ജിസ്‌മോൻ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നടന്നത് ആഡംബര വിവാഹമല്ലെന്നാണ് യുവനേതാക്കൾ വിശദീകരിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങലിൽ വലിയ കാര്യമൊന്നും ഇല്ലെന്നും ചിത്രങ്ങളിലെ കാര്യം യാഥാർത്ഥ്യമല്ലെന്നുമാണ് സംഘടനാ നേതാക്കളും സുഹൃത്തുക്കളും വിശദീകരിക്കുന്നത്. ലളിതമായ ചടങ്ങു മാത്രമാണ് നടന്നതെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കിയത്.