- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവിട്ട വാക്കിൽ കുരുക്കിലായി; രാജ്യദ്രോഹ കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാൻ നെട്ടോട്ടമോടി ഐഷ സുൽത്താന; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി; വിവാദമായത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മേൽ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശം; നടിയുടെ ഹർജി നാളെ പരിഗണിക്കും
കൊച്ചി: കേന്ദ്രസർക്കാറിനും ബിജെപിക്കും എതിരായ പ്രതികരണത്തിന്റെ പേരിൽ രാജ്യദ്രോഹ പരാമർശം നടത്തിയ നടിയും സംവിധായികയുമായി ഐഷ സുൽത്താന അറസ്റ്റു ഭീതിയിൽ. ചാനൽ ചർച്ചയിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഇടതു കേന്ദ്രങ്ങളും നേതാക്കളും അവരെ പിന്തുണച്ചു രംഗത്തുവരുമ്പോഴും കവരത്തി പൊലീസ് ഉറച്ച നിലപാടിൽ അറസ്റ്റു ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതോടെ അറസ്റ്റു ഭയന്നു കൊണ്ടു കൂടിയാണ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യാപേക്ഷക്ക് ഐഷ സുൽത്താന ഹർജി നൽകിയത്.
ഐഷ സുൽത്താനയുടെ ഹർജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷദ്വീപിൽ എത്തിയാൽ തന്നെ അവിടെ തളച്ചിടാൻ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താൻ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുൽ ഗോഡാ പട്ടേലിന് വിമർശിക്കുകയാണ് ചെയ്തതെന്നമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഐഷയുടെ വാദം.
ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐഷയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന ശക്തമായ ആരോപണം ഐഷക്ക് മേലുണ്ട്. കുറഛ്ചു ദിവസങ്ങൾക്ക് മുമ്പ് മീഡിയ വൺ ചാനൽ നടത്തിയ രാത്രി ചർച്ചയിലാണ് ലക്ഷദ്വീപ് നിവാസികൾക്കു നേരേ കേന്ദ്ര സർക്കാർ കൊറോണ എന്ന ബയോവെപ്പൺ(ജൈവായുധം) പ്രയോഗിച്ചു എന്ന് ഐഷ പറഞ്ഞത്. ഐഷയുടെ പരാമർശം ഉണ്ടായ ഉടൻ അതു പിൻവലിക്കണമെന്നും കടുത്ത രാജ്യവിരുദ്ധതയാണ് പറയുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി വിഷ്ണു വ്യക്തമാക്കിയിരുന്നു.
ഒരു ഭരണകൂടം അവരുടെ പൗരന്മാരുടെ നേർക്ക് ജൈവായുധം പ്രയോഗിച്ചു എന്ന എങ്ങനെ പറയാൻ സാധിക്കുന്നു എന്നും വിഷ്ണു ഐഷയോട് ചോദിച്ചു. എന്നാൽ, താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും ചൈന മറ്റു രാജ്യങ്ങൾക്ക് മേൽ പ്രയോഗിച്ച ജൈവായുധമാണ് കൊറോണ എന്നു പറയുന്നതു പോലെയാണ് ഇതെന്നും ഐഷ പറഞ്ഞിരുന്നു. കോവിഡ് ഇല്ലാതിരുന്ന നാട്ടിൽ ഇളവുകൾ നൽകിയാണ് അഡ്മിനിസ്ട്രേറ്റർ കോവിഡ് രോഗം എത്തിച്ചതെന്നും ഐഷ ആരോപിച്ചു. ഐഷ പറഞ്ഞത് അതീവ ഗുരുതര ആരോപണമാണെന്ന് ചാനൽ അവതാരകൻ നിഷാദും വ്യക്തമാക്കിയിരുന്നു. അതു ഏറ്റെടുക്കാനോ തള്ളിക്കളയാനോ താനില്ലെന്നും പറഞ്ഞത് തെളിയിക്കാൻ ഐഷ തയാറാണെന്നും വ്യക്തമാക്കുകയാണ് ഉണ്ടായത്. തുടർന്നു അഡ്മിനിസ്ട്രേറ്ററുടെ ബയോവെപ്പൺ തന്നെയാണ് കോവിഡെന്നും പലതവണ ഐഷ ആവർത്തിച്ചു.
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന് രാജ്യദ്രോഹ പരാമർശം നടത്തിയ ഐഷ സുൽത്താനക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവമോർച്ച പരാതി നൽകിയിരുന്നു. പാലക്കാട്ടും, പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനും, പത്തനംതിട്ട പൊലീസിൽ ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തിലും തിരുവനന്തപുരത്ത് യുവമോർച്ചസംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണുവുമാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം കേരളത്തിൽ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി പ്രഫുൽ കെ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തും. . ലക്ഷദ്വീപിലേക്കുള്ള യാത്ര ദാമൻ ദിയു വഴി മാറ്റിയെന്നാണ് വിവരം. മുൻപ് അറിയിച്ച പ്രകാരം നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രഫുൽ പട്ടേലിനെ നേരിട്ട് കാണാൻ വിമാനത്താവളത്തിലെത്തിയ ഹൈബി ഈഡൻ എംപി, ടിഎൻ പ്രതാപൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരാണ് യാത്രാമാർഗം മാറ്റിയതായി സ്ഥിരീകരിച്ചത്. ഇന്ന് അഗത്തി ദ്വീപിലേക്ക് എത്തുന്ന പ്രഫുൽ പട്ടേൽ ജൂൺ 20 വരെ ലക്ഷദ്വീപിൽ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളിൽ അഡ്മിനിസ്ട്രേറ്റർ സന്ദർശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ