- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യപ്പെട്ട ചലച്ചിത്ര പ്രവർത്തക; കേസിലെ കുടുക്കുകൾ ഒന്നും നാട്ടുകാർക്ക് വേണ്ടി ശബ്ദമുയർത്താൻ തടസ്സമായില്ല; കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിന്റെ മതിൽ ചാടിക്കടന്ന് പ്രതിഷേധം; ഒടുവിൽ നാട്ടുകാർക്ക് നീതിയും; ആയിഷാ സുൽത്താന വീണ്ടും ശബ്ദമുയർത്തിയപ്പോൾ
കൊച്ചി: വീണ്ടും ആയിഷ സുൽത്താന. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെ വിമർശിച്ച് ചർച്ചകളിൽ നിറഞ്ഞ ആയിഷ വീണ്ടും വാർത്തകളിൽ എത്തുകയാണ്. നാട്ടുകാർക്ക് വേണ്ടി വീണ്ടുമൊരു പ്രതിഷേധം. യാത്രക്കപ്പലുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ദുരിതത്തിലായ ലക്ഷദ്വീപുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ഭരണ സിരാകേന്ദ്രത്തിന്റെ മതിൽ ചാടിക്കടന്ന് ആയിഷ സുൽത്താനയുടെ പ്രതിഷേധം വലിയ ചർച്ചയായി കഴിഞ്ഞു.
ലക്ഷദ്വീപ് യാത്രയ്ക്ക് ഏഴു കപ്പലുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടു കപ്പലുകൾ മാത്രമാക്കി കുറച്ചു. ഇതോടെ ദ്വീപുകാരിൽ പലർക്കും നാടെത്താൻ കഴിയാതായി. ഈ സാഹചര്യത്തിലാണ് വീണ്ടും ആയിഷ എത്തിയത്. അപ്രതീക്ഷിത സമരത്തിന് മുമ്പിൽ അധികാരികളും പെട്ടു. അവർക്ക് ന്യായമായ ആവശ്യമെല്ലാം അംഗീകരിക്കേണ്ടിയും വന്നു. വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യപ്പെട്ട ചലച്ചിത്ര പ്രവർത്തകയാണ് ആയിഷ സുൽത്താന
ദ്വീപിലേക്ക് പോകാനാകാതെ അഞ്ഞൂറോളം പേർ കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നറിഞ്ഞാണ് ആയിഷ സുൽത്താന വെല്ലിങ്ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് ആസ്ഥാനത്ത് എത്തിയത്. ഡെപ്യൂട്ടി ഡയറക്ടർ ആദ്യം സന്ദർശനാനുമതി നിഷേധിച്ചു. ഗെയ്റ്റും പൂട്ടിയിട്ടു. അതോടെ, മതിൽ ചാടിക്കടന്ന് ആയിഷയും കൂട്ടരും ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിലെത്തി. അവിടെ ലക്ഷദ്വീപ് പൊലീസും കേരള പൊലീസും ചേർന്ന് തടഞ്ഞു. ഓഫീസിനു മുന്നിൽ കുത്തിയിരുന്ന ആയിഷയും ദ്വീപുകാരും പിന്മാറില്ലെന്ന് മനസ്സിലായതോടെ ചർച്ചയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറായി.
പ്രതിഷേധക്കാരും ഡെപ്യൂട്ടി ഡയറക്ടറുമായി വാക്കുതർക്കമായി. കപ്പലിൽ ടിക്കറ്റ് കൂടുതലായി അനുവദിക്കുമെന്നും കൂടുതൽ കപ്പലിന് നാവികസേനയുടെയും അനുകൂല തീരുമാനമുണ്ടാകുമെന്നും ഉറപ്പു ലഭിച്ച ശേഷമാണ് ആയിഷയും കൂട്ടുകാരും മടങ്ങിയത്. ഒമ്പതുമണിക്കൂറോളമാണ് ലക്ഷദ്വീപ് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയത്.
ഓൺലൈൻ ടിക്കറ്റ് വിതരണം തട്ടിപ്പാണെന്നും കൗണ്ടറിലൂടെ ടിക്കറ്റ് നൽകണമെന്നും പ്രതിഷേധ സംഘം ആവശ്യപ്പെട്ടു. താത്കാലിക പരിഹാരമല്ല, സ്ഥിരം സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, തീരുമാനം എടുക്കേണ്ടത് അഡ്‌മിനിസ്ട്രേഷനാണെന്നും രേഖാമൂലം ആവശ്യം അറിയിക്കാനും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
ഇതേ തുടർന്ന് കപ്പലുകൾ ആവശ്യത്തിനില്ലെങ്കിൽ നാവികസേനയുടെയോ കോസ്റ്റ് ഗാർഡിന്റെയോ കപ്പലുകൾ ഉപയോഗപ്പെടുത്തണമെന്ന് ആയിഷ സുൽത്താന രേഖാമൂലം ആവശ്യപ്പെട്ടു. നാട്ടിലേക്ക് കപ്പൽ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ദ്വീപുകാരാണ് കൊച്ചിയിലെ ഹോട്ടലുകളിൽ കഴിയുന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ഇവർ സംഘടിക്കുകയായിരുന്നു. ഓൺലൈൻ ടിക്കറ്റ് വിതരണം തട്ടിപ്പാണെന്നും കൗണ്ടറിലൂടെ ടിക്കറ്റ് നൽകണമെന്നും പ്രതിഷേധസംഘം ആവശ്യപ്പെട്ടു.
പുറത്ത് കാത്തുനിന്ന ദ്വീപുകാരോടും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി രാത്രി പത്തോടെയാണ് ആയിഷയും സംഘവും പിരിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ