വെള്ളിത്തിരയിൽ 20 വിജയവർഷങ്ങൾ പൂർത്തിയാക്കി ഐശ്വര്യ റായ് ഇപ്പോഴും സിനിമാ ലോകത്തെ മിന്നും താരം തന്നെയാണ്. ഇരുവറിലൂടെ സിനിമാലോകത്ത് കാൽവച്ച ഐശ്വര്യ 44 ന്റെ ചെറുപ്പവുമായി ഇന്നും താരറാണിമാരിൽ മുൻനിരയിൽ തന്നെ നിലകൊള്ളുകയാണ്.
അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം തുടർന്ന നടി ആരാധ്യക്ക് ജന്മം നൽകി അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയായിരുന്നു. നാൽപ്പത്തിനാലാം വയസ്സിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് ഇപ്പോഴും ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിനില്ക്കുകയാണ്. ഐശ്വര്യയ്‌ക്കൊപ്പം ഇപ്പോൾ ആരാധ്യയുടെ ആരാധകരുടെ പ്രിയങ്കരിയാണ് താനും. ഐശ്വര്യയ്‌ക്കൊപ്പം ചടങ്ങുകളിലും പൊതുവേദികളിലുമൊക്കെയായി ആരാധ്യയും ഒപ്പമുണ്ടാകും. അടുത്തിടെ മകളെപ്പറ്റിയും അവരുടെ യാത്രകളെ പറ്റിയുമൊക്കെ നടി മനസ് തുറക്കുകയുണ്ടായി.കോണ്ടെ നാസ്റ്റ് ട്രാവെലർ ഇന്ത്യ മാഗസിന്റെ 50-ാം ലക്കത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങൾ പങ്ക് വച്ചത്.

ആരാധ്യ ജനിച്ചതിനു ശേഷം നടത്തുന്ന യാത്രകൾ പോലും മകളുടെ ഇഷ്ടത്തിനാണെന്ന് ഐശ്വര്യ പറയുന്നു. എനിക്കും അഭിഷേകിനും എവിടെ പോകാനും സന്തോഷമാണ്. എന്നാൽ ആരാധ്യ ജനിച്ചതിനു ശേഷം ബീച്ചുകളിലേക്കുള്ള യാത്രകൾ കൂടിയിട്ടുണ്ട്, ഐശ്വര്യ പറയുന്നു. യാത്ര ചെയ്യുമ്പോൾ എപ്പോഴും ബാഗിൽ കൊണ്ടു നടക്കുന്നതെന്തെന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു ഐശ്വര്യയുടെ മറുപടി. അയ്യോ അത് ചോദിക്കരുത്! അഭിഷേക് എപ്പോഴും പറഞ്ഞ് ചിരിക്കും എന്റെ ബാഗ് മേരി പോപ്പിൻസ് ബാഗാണെന്ന്. ആരാധ്യ ജനിക്കുന്നതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു. നിങ്ങൾക്ക് എന്തു വേണോ അതെല്ലാം അതിൽ കിട്ടും. നിങ്ങൾക്ക് ചിന്തിക്കാവുന്നതെല്ലാം ആ ബാഗിൽ ഉണ്ടാകും, ഐശ്വര്യ പറയുന്നു.

അടുത്തിടെയാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ ചേരുന്നത്. അതിന് മുമ്പ് സോഷ്യൽ മീഡിയയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയായിരുന്നു ഐശ്വര്യ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാകുക എന്നത് ഒരാളുടെ ജനപ്രിയതയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയുമെല്ലാം പ്രതിഫലനമായാണ് ആളുകൾ കണക്കാക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.
ഇതുവരെയുള്ള തന്റെ സോഷ്യൽ മീഡിയ യാത്ര, അല്ലെങ്കിൽ ഇടപെടലുകൾ വളരെ സ്വാഭാവികമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. കാരണം അത് പിന്നെ ഒരു ജോലിയായി മാറും. നിങ്ങളുടെ ശ്രദ്ധ സ്ഥിരമായി അതിലേക്ക് വഴിതിരിയും. അതിൽ പോസ്റ്റ് ചെയ്ത ശേഷമുണ്ടാകുന്ന റിസൽട്ടിനെക്കുറിച്ചായിരിക്കും ചിന്ത, മറിച്ച് യഥാർത്ഥ അനുഭവത്തെക്കുറിച്ചായിരിക്കില്ല. എനിക്ക് എന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കാനാണ് താത്പര്യം, ഐശ്വര്യ പറയുന്നു.

പിന്നീട് എന്തുകൊണ്ടാണ് പെട്ടെന്നൊരു ദിവസം ഐശ്വര്യ സോഷ്യൽ മീഡിയയിലേക്ക് വന്നതെന്നുള്ള ചോദ്യത്തിനും മറുപടിയായി. എന്റെ അഭ്യുദയകാംക്ഷികളുടെ ക്ഷമയും പ്രചോദനവും നിരന്തരമായ ആവശ്യവും കണക്കിലെടുത്തായിരുന്നു അതെന്നും നടി പറഞ്ഞു.

നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഐശ്വര്യയാണ് മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. . എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ എന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിൽ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ഐശ്വര്യ റായ് ഒരു ഒബ്സസീവ് മദർ ആണെന്ന് മുൻപ് ഇന്ത്യൻ എക്സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ഐഡിയ എക്സ്ചേഞ്ചിൽ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. മരുമകൾ ഐശ്വര്യ റായ് ഒരു മുഴുവൻ സമയ സിനിമാ ജീവിതം ചെയ്യുന്നുണ്ട് എന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.