ലോസ് ഏഞ്ചൽസ്: ഹോളിവുഡിൽ ഇത് പീഡന കാലമാണ്. നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ പീഡന കഥകളാണ് അനുദിനം പുറത്തുവരുന്നത്. ആഞ്ജലീന ജൂലി, വെയ്ൻത്ത് പാൽട്രോ, മെറിൽ സ്ട്രീപ്, ജെന്നിഫർ ലോറൻസ്, കേറ്റ് വിൻസ്ലെറ്റ് തുടങ്ങിയ മുൻനിര താരങ്ങൾ വരെ ഹാർവിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. ആരോപണങ്ങളെ തുടർന്ന് സ്വന്തം സ്ഥാപനമായ വെയ്ൻസ്റ്റീൻ കമ്പനിയിൽ നിന്നുവരെ ഹാർവി പുറത്താക്കപ്പെട്ടു. ഹാർവിയുടെ പീഡന വാർത്തകളുടെ ഞെട്ടലിൽ കഴിയുകയാണ് ഹോളിവുഡ്. എന്നാൽ, ഇന്ത്യയെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി ഇതിനിടെ പുറത്തുവന്നു.

ഹാർവിയുടെ പീഡനശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ ബോളിവുഡ് താരം ഐശ്വര്യ റായിയും ഉൾപ്പെട്ടു എന്നകാണ് ഇന്ത്യയെ ഞെട്ടിച്ചത്. വെറൈറ്റി ഡോട്ട് കോമാണ് ഈ ഞെട്ടുന്ന വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഇന്റർനാഷണൽ ടാലന്റ് മാനേജർ സിമോൺ ഷെഫീൽഡാണ് വെറൈറ്റിയിലെഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഹാർവിയുടെ ലൈംഗിക പീഡനത്തിൽ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീൽഡ് പറഞ്ഞു.

കാൻ ചലച്ചിത്രോത്സവം, ആം ഫാർ ഗാല തുടങ്ങിയവയിൽ വച്ച് കണ്ട് ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനുമായി ഹാർവി നല്ല അടുപ്പത്തിലായിരുന്നു. ഇതുവെച്ച് ഒരിക്കൽ ഐശ്വര്യയെ തനിച്ചു കാണണമെന്ന് ഹാർവി ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള കരുനീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഞാൻ ഇടപെട്ടാണ് ഇത് തടഞ്ഞ് അപകടം ഒഴിവാക്കിയത്-ഷെഫീൽഡ് വെളിപ്പെടുത്തി.

അവളെ ഒറ്റയ്ക്ക് ഒന്ന് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഹാർവി ഒരിക്കൽ ചോദിച്ചതായും ഷെഫീൽഡ് പറയുന്നു. ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാതിരുന്നപ്പോൾ താക്കീതായി. അധിക്ഷേപിച്ചു. മേലിൽ ഒരു ജോലിയും ലഭിക്കില്ലെന്ന് ഭീഷണി മുഴക്കി. ഒന്നുറപ്പ്, എന്റെ ക്ലയന്റിന്റെ അടുത്ത് ഒന്ന് ശ്വാസം വിടാനുള്ള അവസരം പോലും ഞാനുണ്ടാക്കിക്കൊടുത്തിട്ടില്ല-ഷെഫീൽഡ് എഴുതി.

സ്ത്രീകളെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ എന്നു പറഞ്ഞ് തന്റെ ഹോട്ടൽ മുറിയിലേയ്ക്ക് ക്ഷണിക്കുകയും അവരെ നഗ്‌നരാക്കി വരവേൽക്കുകയും ചെയ്യുന്നതാണത്രെ ഹാർവിയുടെ പതിവ്. അല്ലെങ്കിൽ അവരെ കൊണ്ട് ഉഴിച്ചിൽ നടത്തിക്കുകയോ അവർക്ക് മുന്നിൽ നഗ്‌നനായി കുളിക്കുകയോ ചെയ്യാറുണ്ടെന്നും വിവിധ സ്ത്രീകൾ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് ഇങ്ങനെ നിരവധി സ്ത്രീകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ട്.