കുമ്പള (കാസർകോട്): കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എന്നതാണ് സത്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അധോലോക കൊള്ളസംഘങ്ങൾ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പൽക്കാട്ടിലെ കൊള്ളക്കാർ ഇവരെ കണ്ടാൽ നമിക്കും. മന്ത്രിമാർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്നം യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് കൊള്ളക്കാർക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുള്ളതാണ് സത്യം.' ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായി വിജയൻ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാൻ കഴിയില്ല. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവൻ നടന്ന് വർഗീയത പറയുകയാണ് സിപിഎം. മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. കേരളത്തിൽ വർഗീയ ആളിക്കത്തിക്കാനാണ് ശ്രമം. ഈ വർഗീയതക്കെതിരെയാണ് യു.ഡി.എഫിന്റെപോരാട്ടം. മതേതരത്വം നിലനിർത്താൻ പോരാട്ടത്തിന് കേരളജനത പൂർണ പിന്തുണ നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.



നമ്മുടെ ദൗത്യം വളരെ വലുതാണ് കേരളത്തെ മോചിപ്പിക്കൻ വേണ്ടയുള്ള ദൗത്യമാണ് അത്. 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങൾ, 7 മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തി. മാർക്സിസ്റ്റുകാർക്കല്ലാതെ മറ്റാർക്കും നീതി കിട്ടാത്ത ഭരണകാലമായിരുന്നു ഇത്.

സർക്കാർ നേട്ടങ്ങളായി ഉയർത്തിക്കാണിക്കുന്ന ഗെയിൽ പൈപ്പ് ലൈൻ ഉൾപ്പടെയുള്ള പദ്ധതികളിൽ പലതും മുൻസർക്കാരിന്റെ കാലത്ത് പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ സമരം നടത്തി വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് ഇടതുപക്ഷം അന്ന് സ്വീകരിച്ചത്. ഇടതുപക്ഷ സർക്കാരിന് സ്വന്തമായി എന്തെങ്കിലും പദ്ധതികൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ജനങ്ങളുടെ മാനിഫെസ്റ്റോ ആയിരിക്കും യുഡിഎഫിന്റേത്. അത് ജനങ്ങളുടെ കണ്ണുനീരൊപ്പുന്ന മാനിഫെസ്റ്റോ ആയിരിക്കും. ന്യായ് പദ്ധതി നടപ്പാക്കും.അടുത്ത സർക്കാർ യുഡിഎഫ് ആയിരിക്കുമെന്നും. എല്ലാ കള്ളത്തരങ്ങളെയും വർഗീയതയും ചെറുത്ത് തോൽപിച്ച് മതേതരത്വത്തിന്റെ മാറ്റൊലി ഉയർത്തിക്കൊണ്ട് യുഡിഎഫ് അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ചെന്നിത്തലയെ പ്രശംസിച്ചത്.

ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞു. വിജയിയായിട്ടാണ് അദ്ദേഹം ജാഥ നയിക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ അഞ്ചു വർഷം പാഴായിപ്പോയി. വലിയ വികസനം നടത്തിയെന്ന സർക്കാർ വാദം സത്യമല്ല. നാടിനോ ജനങ്ങൾക്കോ യാതൊരു പ്രയോജനവും ഉണ്ടായില്ല. സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവർ നീതിക്കായി ഓടി നടക്കുമ്പോൾ സർക്കാരിന്റെ നീക്കം ചെറുപ്പക്കാർക്കുള്ളിൽ തീക്കനൽ ആയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിനും കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിനുമെതിരായ വിജയരാഘവന്റെ ആരോപണങ്ങൾക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു.

എ.വിജയരാഘവൻ ഇടതുമുന്നണി കൺവീനറാണോ അതോ ഹിന്ദുമുന്നണി കൺവീനറാണോ എന്ന ചോദ്യമുന്നയിച്ചാണ് യുഎഡിഎഫ് കൺവീനർ എം.എം.ഹസൻ വിമർശിച്ചത്. എ.വിജയരാഘവൻ വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രമാണ്. മുസ്ലിംകളെയും ക്രൈസ്തവരെയും തമ്മിലിടിപ്പിക്കാൻ ഇന്ധനം പകരുകയാണ്. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് രണ്ടു വോട്ടുകിട്ടാനാണ് മുഖ്യമന്ത്രിയുടെയും എ.വിജയരാഘവന്റെയും ശ്രമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

പാണക്കാട് സന്ദർശനത്തെ വിജയരാഘവൻ സങ്കുചിത താൽപര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് സിപിഎം ലീഗിനെതിരെ പറയുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പാണക്കാട്ടെ സന്ദർശനങ്ങളുടെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആരോപണങ്ങൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. പാണക്കാട് സന്ദർശനങ്ങളുടെ പേരിലുള്ള വിജയരാഘവന്റെ പരാമർശങ്ങൾ വരുംദിവസങ്ങളിൽ തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫ് നീക്കം.



അടുത്തമാസം 22ന് തിരുവനന്തപുരത്താണു ജാഥയുടെ സമാപനം. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ. എൽഡിഎഫിന്റെ ദുർഭരണവും അഴിമതിയും അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. യുഡിഎഫിന്റെ ശക്തി പ്രകടനമാകുന്ന യാത്രയിൽ ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങിയ നേതാക്കളെല്ലാം അണിചേരും.