തൃപ്പൂണിത്തുറ: പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുതുലക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യമെമ്പാടും വളർന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിപിസിഎൽ തൊഴിലാളികൾ ടേഡ് യൂണിയൻ വ്യത്യാസങ്ങൾക്കും രാഷ്ടീയ വ്യത്യാസങ്ങൾക്കും അതീതമായി ഒറ്റക്കെട്ടായി സെപ്റ്റംബർ 7, 8 തീയതികളിൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രസ്തുത സമരം രാജ്യത്തെ സ്വകാര്യവൽക്കരണവിരുദ്ധ പോരാട്ടങ്ങൾക്ക് ആക്കം കൂട്ടുമെന്നും ആൾ ഇന്ത്യ യുണൈറ്റഡ് ടേഡ് യൂണിയൻ സെന്റർ (എ.ഐ.യു.റ്റി.യു.സി) അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എം. ദിനേശൻ അഭിപ്രായപ്പെട്ടു.

ബി.പി.സി.എൽ കൊച്ചി റിഫൈനറി തൊഴിലാളികൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8 രാവിലെ റിഫൈനറി ഗേറ്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ബാബു, ഡി.സി.സി സെക്രട്ടറി കെ.പി.തങ്കപ്പൻ, സിഐ.റ്റി.യു മേഖല സെക്രട്ടറി എൻ.കെ.ജോർജ് , എച്ച്.ഒ.സി യൂണിയൻ നേതാവ് എം.കുര്യാച്ചൻ, കൊച്ചി റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. പ്രവീൺ കുമാർ കൊച്ചി റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജി.അജി, റിഫൈനറി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജെ. സോയി , ഭാരതീയ മസ്ദൂർ സംഘം സെക്രട്ടറി ബിനിൽ എന്നിവർ പ്രസംഗിച്ചു. സമര പരിപാടികൾക്ക് സംയുക്ത സമരസമിതി നേതാക്കളായ എൻ.ആർ. മോഹൻ കുമാർ, പി.പി. സജീവ് കുമാർ, ജോസഫ് ഡെന്നീസ്, സി.കെ.ജോൺസ്, എസ്.കെ.നസിമുദ്ദീൻ സുനിൽകുമാർ, ദിനേശ് എന്നിവർ നേതൃത്വം നൽകി.