മുളന്തുരുത്തി:കോവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് സംസ്ഥാനത്തെ അസംഘടിത മേഖലാ തൊഴിലാളികളും, സംഘടിത മേഖലയിലെ കാഷ്വൽ / കരാർ തൊഴിലാളികളും തൊഴിലിന് പോകാൻ കഴിയാതെ വീട്ടിൽ കഴിയുകയാണ്. കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും, ഓട്ടോ - ടാക്‌സി, മത്സ്യം, കശുവണ്ടി, നിർമ്മാണം, തയ്യൽ, ഗാർഹികം തുടങ്ങിയ മേഖലകളിൽ പണിയെടുക്കുന്നവരും, സർക്കാറിന്റെ നിരോധനം മൂലമോ, എത്തിച്ചേരാൻ കഴിയാത്തതു കൊണ്ടോ, തൊഴിലുടമകളുടെ തീരുമാനം മൂലമോ പണി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവർ ദിവസക്കൂലി / കാഷ്വൽ/ കരാർ തൊഴിലാളികൾ ആയതു കൊണ്ട് കൂലി / വേതനം ലഭിക്കുന്നുമില്ല.

കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സംഘടിത മേഖലയിൽ പണിയെടുക്കുന്ന കാഷ്വൽ - കരാർ തൊഴിലാളികൾക്കും ഇപ്പോൾ യാതൊരു വരുമാനവും ഇല്ലാതായിരിക്കുന്നു. അതുമൂലം ഈ തൊഴിലാളികളുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്.

ആയതിനാൽ, കോവി ഡ് വ്യാപനം വഴി സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ഈ തൊഴിലാളികൾക്കെല്ലാം ഗവണ്മെണ്ട് നേരിട്ടോ, ക്ഷേമനിധി മുഖാന്തിരമോ ( ക്ഷേമനിധി അംഗങ്ങൾക്ക് ) പ്രതിമാസം ചുരുങ്ങിയത് 10,000 രൂപ (പതിനായിരം) സാമ്പത്തിക സഹായമായി (income support) ഈ അടച്ചിടൽ സാഹചര്യം തീരും വരെ നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എ.ഐ.യു.റ്റി.യു.സിസംസ്ഥാന പ്രസിഡണ്ട് ആർ. കുമാർ,സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ എന്നിവർ കേരളത്തിലെ ചീഫ് സെക്രട്ടറിയായ ഡോ.വി.പി.ജോയിക്ക് നിവേദനം നൽകി.