കോഴിക്കോട്: മാനാഞ്ചിറയിലെ ചരിത്ര പൈതൃക സ്ഥാപനമായ കോംട്രസ്റ്റ് വീവിങ് ഫാക്ടറിയെ സംരക്ഷിക്കാൻ ഇടത് സർക്കാർ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് പ്രക്ഷോഭം തുടരാൻ എ ഐ ടി യു സി. ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തെത്തുടർന്ന് നടന്ന സമരത്തിന്റെ ഭാഗമായി 2012 ൽ കേരള നിയമസഭ പാസാക്കിയ ബില്ലിന് 2018 ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു.

ഇതിന് ശേഷം മൂന്നു വർഷം പിന്നിട്ടിട്ടും നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിൽ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സമരം തുടരാൻ കോമൺവെൽത്ത് ഹാന്റ്‌ലൂം വർക്കേഴ്‌സ് യൂണിയൻ (എ ഐ ടി യു സി) യോഗം തീരുമാനിച്ചു.

2019 ൽ തൊഴിലാളികൾ എ ഐ ടി യു സി നേതൃത്വത്തിൽ തിരുവനന്തപുരത്ത് മാസങ്ങളോളം സത്യാഗ്രഹ സമരം നടത്തിയിരുന്നു. എന്നാൽ സിപിഐ അനുകൂല തൊഴിലാളി സംഘടന സമരം നടത്തിയിട്ടും സർക്കാർ സമരത്തോട് മുഖം തിരിക്കുകയായിരുന്നു. ഒടുവിൽ ലോക് ഡൗണിനെത്തുടർന്ന് സമരം നിർത്തിവെക്കുകയായിരുന്നു.

തുടർ ഭരണം ലഭിച്ചിട്ടും സർക്കാർ പഴയകാല സമീപനം തന്നെ തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് സമരം വീണ്ടും ആരംഭിക്കാൻ യൂണിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. കോട്രസ്റ്റ് സമരസമിതി നേതാവും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ഇ സി സതീശൻ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സർക്കാർ ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കോംട്രസ്റ്റ് ഫാക്ടറിയിലെ സിപിഐ മെമ്പർമാരുടെ ബ്രാഞ്ച് യോഗവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2012 ജൂലൈ 25ന് നിയമസഭ ഏകകണ്ഠമായാണ് കോമൺവെൽത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബിൽ അംഗീകരിച്ചത്. നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉൽപ്പാദനകേന്ദ്രവും ആരംഭിക്കാൻ ഉദ്ദേശിച്ചാണ് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.

1884ലാണ് ബാസൽ മിഷനറിമാൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കോമൺവെൽത്ത് സ്ഥാപിക്കുന്നത്. എന്നാൽ കാലക്രമത്തിൽ മാനേജ്‌മെന്റിന്റെ തെറ്റായ നടപടികളുടെ ഭാഗമായി സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നഷ്ടത്തിലാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത് 2009 ഫെബ്രുവരി ഒന്നിനാണ്. അന്നുമുതൽ സർക്കാറിന്റെ ഇടപെടൽ കാത്തുകഴിയുകയായിരുന്നു ഇവിടെ നിന്നും തൊഴിൽ നഷ്ടപ്പെട്ട 107 കുടുംബങ്ങൾ.

ഫാക്ടറി പൂട്ടുമ്പോൾ 287 തൊഴിലാളികളാണ് അവശേഷിച്ചിരുന്നത്. ഇതിൽ 180 പേരാണ് മാനേജ്‌മെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് ആനൂകൂല്യങ്ങൾ കൈപ്പറ്റി പിരിഞ്ഞുപോയത്. എന്നാൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് ചെക്ക് മാനേജ്‌മെന്റിനെ തിരിച്ചേൽപ്പിച്ച് കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമര രംഗത്ത് തുടരുകയായിരുന്നു 107 പേർ. ഇതിൽ രണ്ടുപേർ പിന്നീട് മരണപ്പെട്ടു. ദുരിതങ്ങൾ വേട്ടയാടിയപ്പോഴും തങ്ങൾ ജോലി ചെയ്ത സ്ഥാപനം സംരക്ഷിക്കപ്പെടണം എന്നാഗ്രഹിച്ച് സമര രംഗത്ത് തുടരുകയായിരുന്നു മറ്റുള്ളവർ.

തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞു പോകണമെന്ന വ്യവസ്ഥ എ ഐ ടി യു സി, ബി എം എസ് സംഘടനകളും സി ഐ ടി യു, ഐ എൻ ടി യു സി സംഘടനകളിലെ ഒരു വിഭാഗവും അംഗീകരിച്ചില്ല. ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ഇവർ. പിന്നീട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ നടന്ന ചർച്ചക്കിടെ ഒരു വിഭാഗം മാനേജ്‌മെന്റുമായി രഹസ്യ കരാർ ഉണ്ടാക്കി പിരിഞ്ഞുപോയി.

എന്നാൽ എ ഐ ടി യു സിയും ബി എം എസും ഐ എൻ ടി യു സിയിലെ ഒരു വിഭാഗവും ഈ തീരുമാനം അംഗീകരിക്കാതെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. സർക്കാർ സ്ഥാപനം ഏറ്റെടുക്കണമെന്ന നിർദ്ദേശവുമായി തൊഴിലാളികൾ ഈ സമരം മുന്നോട്ട് കൊണ്ടുപോയി.

ഒടുവിൽ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോംട്രസ്റ്റ് ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനുള്ള ബിൽ 2012 ജൂലൈ 25 ന് നിയമസഭ പാസ്സാക്കി. ഈ ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം ലഭിച്ചതോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. എന്നാൽ ഇടത് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതോടെ നിരാശരായിരിക്കുകയാണ് തൊഴിലാളികൾ. ഇതോടെയാണ് പ്രക്ഷോഭം വീണ്ടും ശക്തമാക്കാനുള്ള തീരുമാനം.