സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ നിർണ്ണായ പങ്ക് വഹിക്കുന്ന കുടിയേറ്റ തൊഴിലാളികളോട് കടുത്ത അവജ്ഞയും വിവേചനവും മനുഷ്യത്വമില്ലായ്മയും പ്രകടമാക്കുന്ന, കോവിഡ് രോഗബാധിതരായ കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമെന്ന അധാർമ്മികവും അന്യായവും കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നതുമായ ഉത്തരവ് ഉടൻ പിൻവലിച്ച് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് എ.ഐ.യു.റ്റി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

'അതിഥി തൊഴിലാളികൾ' എന്ന് വിളിച്ച് മേനി നടിച്ച സർക്കാർ, പുറപ്പെടുവിച്ച ഉത്തരവിലൂടെ അവരെ അടിമ തൊഴിലാളികളാക്കി മാറ്റുകയാണ് ചെയ്തതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ക്വാറന്റിൻ നിർദ്ദേശങ്ങൾ തടസ്സമാകുന്നുവെന്ന വ്യവസായ വകുപ്പിന്റെ കണ്ടെത്തലും കരാറുകാരുടെയും കങ്കാണിമാരുടെയും താല്പര്യങ്ങളും പരിഗണിച്ചാണ് പൊതുഭരണ വകുപ്പ് ഇത്തരമൊരു മനുഷ്യത്വ രഹിതമായ ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡിന്റെ പേരിൽ സമരങ്ങൾ നിരോധിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന സർക്കാർ, ഏറ്റവും വിശ്രമവും മുൻകരുതലും ആവശ്യമുള്ള കോവിഡ് രോഗികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നിൽ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചന മനസ്ഥിതിയും മുതലാളികളോടുള്ള വിധേയത്വവുമാണ് പ്രകടമാകുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. കുമാർ അധ്യക്ഷത വഹിച്ചു. പ്രമേയം സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ അബ്ദുൾ അസീസ്, എസ്. സീതിലാൽ, പി.എം.ദിനേശൻ, എൻ.ആർ.മോഹൻ കുമാർ, കെ.എസ്.ഹരികുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.