- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് മുക്ത ഭാരതത്തിന് തുടക്കമിട്ട രാജസ്ഥാൻ പിടിച്ചു മോദി വിരുദ്ധ ഇന്ത്യയ്ക്ക് തുടക്കം ഇടാമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; ആകെ ആശങ്ക ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുന്നതും സിപിഎമ്മും ചെറു കക്ഷികളും ചേർന്ന് മത്സരിക്കുന്നതും വോട്ടു ചോർത്തുമോ എന്നു മാത്രം; കൈവിടുമെന്ന് ഉറപ്പായിട്ടും പ്രതിപക്ഷ ഐക്യത്തിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി; രാജസ്ഥാനിൽ സംഭവിക്കുന്നത് ഇങ്ങനെ
ഡൽഹി; കോൺഗ്രസ് മുക്തഭാരതമെന്ന് മുദ്രവാക്യം ഉയർത്തി ബിജെപി തേരോട്ടത്തിന് തുടക്കം കുറിച്ച ആദ്യ സംസ്ഥനമാണ് രാജസ്ഥാൻ. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ രാജസ്ഥാനിൽ ബിജെപിയുടെ നില പരിതാപകരമാണ്. ഇതുകൂടാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വന്ന സർവെകളിലെ പ്രവചനങ്ങളും ബിജെപിക്ക് അത്ര സുഖകരമല്ല. സർവേകളെല്ലാം ഒരുപോലെ പ്രവചിച്ചത് ഒരു കാര്യമാണ്: രാജസ്ഥാൻ ബിജെപിയെ കൈവിടും എന്നു തന്നെയാണ്. പ്രവചനങ്ങളുടെ ചുവട് പിടിച്ച് കോൺസ് പ്രചരണം കൊഴുപ്പിച്ചു കഴിഞ്ഞു. എന്തു വിലകൊടുത്തും തങ്ങളുടെ മുൻ കുത്തക തട്ടകം തിരിച്ചുപിടിക്കുമെന്ന നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ദേശീയ നേതാക്കളടമുള്ള കോൺഗ്രസ് പ്രവർത്തകർ. റഫാൽ അടക്കം കോൺഗ്രസിന് ആയുധമാകുമ്പോൾ പ്രതിരോധിക്കാൻ ബിജെപി ഏറെ വിയർപ്പൊഴുക്കേണ്ടി വരു. ഇതിനു പുറമേ ആരോപണങ്ങൾ ശക്തമാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം അഞ്ചു വർഷം മുൻപു രാജസ്ഥാൻ തിരിച്ചുപിടിച്ചുകൊണ്ടാണു ബിജെപി കോൺഗ്രസ് മുക്ത ഭാരത റാലിക്കു തുടക്കമിടുന്നത്. പാർട്ടി ആ ലക്ഷ്യത്തോട്
ഡൽഹി; കോൺഗ്രസ് മുക്തഭാരതമെന്ന് മുദ്രവാക്യം ഉയർത്തി ബിജെപി തേരോട്ടത്തിന് തുടക്കം കുറിച്ച ആദ്യ സംസ്ഥനമാണ് രാജസ്ഥാൻ. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ രാജസ്ഥാനിൽ ബിജെപിയുടെ നില പരിതാപകരമാണ്. ഇതുകൂടാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വന്ന സർവെകളിലെ പ്രവചനങ്ങളും ബിജെപിക്ക് അത്ര സുഖകരമല്ല. സർവേകളെല്ലാം ഒരുപോലെ പ്രവചിച്ചത് ഒരു കാര്യമാണ്: രാജസ്ഥാൻ ബിജെപിയെ കൈവിടും എന്നു തന്നെയാണ്.
പ്രവചനങ്ങളുടെ ചുവട് പിടിച്ച് കോൺസ് പ്രചരണം കൊഴുപ്പിച്ചു കഴിഞ്ഞു. എന്തു വിലകൊടുത്തും തങ്ങളുടെ മുൻ കുത്തക തട്ടകം തിരിച്ചുപിടിക്കുമെന്ന നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ദേശീയ നേതാക്കളടമുള്ള കോൺഗ്രസ് പ്രവർത്തകർ. റഫാൽ അടക്കം കോൺഗ്രസിന് ആയുധമാകുമ്പോൾ പ്രതിരോധിക്കാൻ ബിജെപി ഏറെ വിയർപ്പൊഴുക്കേണ്ടി വരു. ഇതിനു പുറമേ ആരോപണങ്ങൾ ശക്തമാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ചിടത്തോളം അഞ്ചു വർഷം മുൻപു രാജസ്ഥാൻ തിരിച്ചുപിടിച്ചുകൊണ്ടാണു ബിജെപി കോൺഗ്രസ് മുക്ത ഭാരത റാലിക്കു തുടക്കമിടുന്നത്. പാർട്ടി ആ ലക്ഷ്യത്തോട് അടുക്കുമ്പോൾ, രാജസ്ഥാൻ അമിത് ഷാ നരേന്ദ്ര മോദി കൂട്ടുകെട്ടിന് ഇതേവരെ ഉണ്ടായിട്ടുള്ളതിൽ വലിയ വെല്ലുവിളിയായി മാറുന്ന കാഴ്ചയാണു നിയമസഭാ തിരഞ്ഞെടുപ്പു സമ്മാനിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് രാജസ്ഥാനിൽ തരണം ചെയ്യേണ്ടത് വലിയ കടമ്പകളാണ്. ഇതിൽ കാലിക്കടത്തും ആൾക്കൂട്ട കൊലപാതകവും പീഡനം ഉൾപ്പടെയുള്ള ആരോപണങ്ങൾ ചെറുത്തു തോൽപ്പിക്കേണ്ടിവരും. ആകെ സീറ്റ്: 200 , ബിജെപി 163, കോൺഗ്രസ് 21. മറ്റുള്ളവർ: 16. ആൾകൂട്ട കൊലപാതകങ്ങളായിരുന്നു രാജസ്ഥാനെ പോയ വർഷം ഏറ്റവും കൂടുതൽ വാർത്തയിൽ നിറച്ചത്.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഏഴു കക്ഷികൾ ബിജെപിക്കും കോൺഗ്രസിനുമെതിരേ ഒന്നിച്ചു മത്സരരംഗത്തിറങ്ങാൻ തീരുമാനിച്ചു. സിപിഎമ്മിനെ കൂടാതെ ജനതാദൾ, മതേതര ജനതാദൾ (ജെ.ഡി.എസ്), സമാജ് വാദി പാർട്ടി, സിപിഐ, സിപിഐ. (എം.എൽ), രാഷ്ട്രീയ ലോക്ദൾ എന്നീ കക്ഷികളാണ് ആർ.എൽ.എം മുന്നണിയിലുള്ളത്.
രാജസ്ഥാൻ ലോക് താന്ത്രിക് മോർച്ച (ആർ.എൽ.എം) എന്ന മുന്നണിയുടെ ബാനറിലാവും ഈ കക്ഷികൾ തെരഞ്ഞെടുപ്പിനെ നേരിടുക.
ബിജെപിയും കോൺഗ്രസും ജനവിരുദ്ധ രാഷ്ട്രീയശക്തികളാണെന്നും ഇവരെ അധികാരത്തിൽനിന്നു പുറത്താക്കലാണ് മുന്നണിയുടെ ലക്ഷ്യമെന്നും സിപിഎം. നേതാവ് രവീന്ദ്ര ശുക്ല പറഞ്ഞു. ഈ രണ്ടു കക്ഷികളും മുമ്പ് സംസ്ഥാനം ഭരിച്ചപ്പോഴെല്ലാം കർഷകരുടെയും പിന്നാക്ക-ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളുടെയും ക്ഷേമത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെങ്കിലും ബി.എസ്‌പി, ജാട്ട് നേതാവ് ഹനുമാൻ ബെനിവാലിന്റെ അടുത്തിടെ രൂപീകരിക്കപ്പെട്ട പാർട്ടി എന്നിവയുടെ നിലപാടുകളും തെരഞ്ഞെടുപ്പിൽ സ്വാധീനിക്കപ്പെടും. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള ആർ.എൽ.എം മുന്നണിയുടെ സീറ്റ് വിഭജനചർച്ചകൾ പൂർത്തിയായിട്ടുണ്ട്. സിപിഎം. 29 സീറ്റിലാണ് മൽസരിക്കുക. ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പു ഫലങ്ങൾ നിർണയിക്കുന്നതിൽ ഏറ്റവും നിർണായകമാകുന്നതു ജാതിസമവാക്യങ്ങളാണ്. ജാട്ട്, രജപുത്ര, ഗുജ്ജർ, മീണ വിഭാഗങ്ങൾ ഇതിൽ ഏറെ പ്രധാനം. ജാട്ടുകൾ കോൺഗ്രസിന്റെയും രജപുത്രർ ബിജെപിയുടെയും പരമ്പരാഗത വോട്ടുബാങ്കുകളായിരുന്ന കാലവും മാറിയിരിക്കുന്നു.
ഭരണവിരുദ്ധ വികാരം
ശക്തമായ ഭരണവിരുദ്ധ വികാരത്തെയാണു ബിജെപിക്കു മറികടക്കേണ്ടത്. സർക്കാർ മാറിയേതീരൂ എന്നു പറയുന്നവരിൽ ബിജെപി അനുഭാവികളും കുറവല്ല. കേന്ദ്രസർക്കാർ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണു രാജസ്ഥാനെന്നു കേന്ദ്രനേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മറ്റും ആവർത്തിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കു തൃപ്തി പോരാ.
ഇരുനൂറിൽ 163 സീറ്റും നേടിയാണു ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത്. എന്നാൽ, ഇപ്പോൾ അവരുടെ അംഗസംഖ്യ 160 ആയി കുറഞ്ഞു. അതേസമയം, 21 എംഎൽഎമാർ ഉണ്ടായിരുന്ന കോൺഗ്രസിന്റെ അംഗസംഖ്യ 25 ആയി ഉയരുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടെണ്ണം കോൺഗ്രസിനു മുന്നിൽ അടിയറവയ്‌ക്കേണ്ടിവന്നതും കനത്ത തിരിച്ചടിയായി.
കൃഷിമേഖല തകർച്ചയിൽ
കൃഷിമേഖല നേരിടുന്ന തകർച്ച ഗ്രാമീണ മേഖലയിൽ ബിജെപിക്കെതിരെ ശക്തമായ വികാരമാണ് ഇളക്കിവിട്ടിരിക്കുന്നത്. സിക്കറിൽ ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രക്ഷോഭം വലിയ പ്രതികരണമാണു സൃഷ്ടിച്ചത്. ഇതെ തുടർന്നു സംസ്ഥാന സർക്കാർ ബജറ്റിൽ കാർഷിക കടാശ്വാസം പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് ഇതു വലിയ പ്രയോജനം ചെയ്തില്ല. വിലയിടിവും കൃഷിനാശവുംമൂലം ഏറ്റവുമേറെ കർഷകർ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങളുടെ കൂടെയാണു രാജസ്ഥാൻ. കേന്ദ്രസർക്കാർ താങ്ങുവില ഉയർത്തിയതുകൊണ്ടും കർഷകരുടെ രോഷം ശമിപ്പിക്കാനായിട്ടില്ല.
ബിഎസ്‌പി
സഖ്യസാധ്യതകൾ തള്ളി സംസ്ഥാനത്തെ 200 സീറ്റുകളിലും മൽസരിക്കുമെന്ന ബിഎസ്‌പിയുടെ തീരുമാനം ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിൽനിന്നു ചോരാൻ ഇടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2013ൽ 3.37% വോട്ടുകൾ നേടി മൂന്ന് എംഎൽഎമാരെ ജയിപ്പിച്ച പാർട്ടി 2008ൽ കോൺഗ്രസ് വിജയിച്ചപ്പോൾ 7.60% വോട്ടുകളും ആറു സീറ്റുകളും നേടിയിരുന്നു. കോൺഗ്രസ് നൽകാമെന്നേറ്റ ഒൻപതു സീറ്റുകൾ നിരസിച്ചാണു ബിഎസ്‌പി ഒറ്റയ്ക്കു മൽസരിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ ബിഎസ്‌പി പങ്കുവയ്ക്കുന്നത് അറുപതോളം സീറ്റുകളിൽ നിർണായകമാകും.
മാനവേന്ദ്ര സിങ്, ഹനുമാൻ ബേനിവാൾ, കിരോരി സിങ് ബൈൻസ്‌ല
രജപുത്രർ രാജെയിൽ തികച്ചും അതൃപ്തരാണ്. വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച ഭൈരോൺ സിങ് ഷെഖാവത്തിനെ വേണ്ടപോലെ ഗൗനിക്കാതിരുന്നത്, മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിനു ലോക്‌സഭാ സീറ്റ് നിഷേധിച്ചത് എന്നു തുടങ്ങി കൊള്ളക്കാരൻ അനന്തപാൽ സിങ്ങിന്റെ കൊലപാതകം വരെ നീളുന്നു പരാതികൾ. ജസ്വന്ത് സിങ്ങിന്റെ മകനും എംഎൽഎയുമായ മാനവേന്ദ്ര സിങ്ങും കുടുംബവും കോൺഗ്രസിൽ ചേർന്നതോടെ കൂനിന്മേൽ കുരുപോലെയായി ബിജെപിക്കു കാര്യങ്ങൾ.
എന്നാൽ, രജപുത്രർക്ക് എതിർചേരിയിൽ നിൽക്കുന്ന ജാട്ടുകളുടെ പിന്തുണ നേടിയെടുക്കാൻ ജാട്ട് പാരമ്പര്യമുള്ള വസുന്ധര രാജെയ്ക്കു വലിയ അളവുവരെ സാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പാർട്ടി പ്രഖ്യാപിച്ചു രംഗത്തു വന്ന തീപ്പൊരി ജാട്ട് നേതാവ് ഹനുമാൻ ബേനിവാളിന്റെ തീരുമാനങ്ങൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാകും.
ഗുജ്ജർ, മീണ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയും തിരഞ്ഞെടുപ്പിൽ നിർണായകമാകും; പ്രത്യേകിച്ചും ഗുജ്ജർ വിഭാഗക്കാരനായ സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെന്നിരിക്കെ. ഇടക്കാലം ബിജെപിയുമായി അകന്ന ഗുജ്ജർ പ്രക്ഷോഭ നേതാവ് കിരോരി സിങ് ബൈൻസ്‌ലയുടെ നിലപാടുകളും ഈ വിഭാഗത്തിന്റെ വോട്ടുകളെ സ്വാധീനിച്ചേക്കും. ആറുതവണ എംഎൽഎയും രണ്ടു തവണ മന്ത്രിയുമായിരുന്ന ഗണശ്യാം തിവാരി ബിജെപി വിട്ടു സ്വന്തം പാർട്ടിയുമായി രംഗത്തു വന്നിരിക്കുന്നതു ബ്രാഹ്മണ വോട്ടുകളിലും പിളർപ്പ് ഉണ്ടാക്കിയേക്കും.
ജാതിസമവാക്യങ്ങൾ ഏറ്റവും വിജയകരമായി അനുകൂലമാക്കിയിട്ടുള്ള ബിജെപി അധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് രാജസ്ഥാനിൽ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദികൂടി രംഗത്തിറങ്ങുന്നതോടെ ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരത്തിലെത്താം എന്ന ആത്മവിശ്വാസത്തിലാണു ബിജെപി. മന്ത്രിമാരിൽ പലരെയുമടക്കം മാറ്റിനിർത്തി 100 സീറ്റുകളിലെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിച്ച് ഇതിനെ മറികടക്കാനുമുള്ള ശ്രമങ്ങളും ആലോചനയിലുണ്ട്. എന്നാൽ, ശക്തമായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ എല്ലാ സമവാക്യങ്ങളെയും മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.
ഭിന്നിച്ച് ബിജെപി; ഒന്നും മിണ്ടാതെ കോൺഗ്രസ്
കേന്ദ്ര സംസ്ഥാന നേതൃത്വത്തിനിടയിലെ ഭിന്നിപ്പാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം അവസാനവാക്ക് വസുന്ധര രാജെയുടേതായിരുന്നു. എംഎൽഎമാരിലും എംപിമാരിലും കൂടുതൽപേരും അവരോടു കൂറു പുലർത്തുന്നവരുമാണ്. ഇപ്പോഴും സംസ്ഥാനത്ത് അവർക്കൊപ്പം തലയെടുപ്പുള്ള മറ്റൊരു നേതാവിനെ പാർട്ടിക്ക് ഉയർത്തിക്കാണിക്കാനുമില്ല.
എന്നാൽ, അമിത് ഷാ മോദി കൂട്ടുകെട്ടിനോ ആർഎസ്എസ് നേതൃത്വത്തിനോ വസുന്ധരയോടു തീർത്തും താൽപര്യമില്ല. ഇതുമൂലമുള്ള ശാക്തിക വടംവലി പാർട്ടിയെ ബാധിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെയുടെ വലംകൈ ആയിരുന്ന സംസ്ഥാന പ്രസിഡന്റ് അശോക് പർനാമിയെ മാറ്റി രജപുത്ര വിഭാഗത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള അമിത് ഷായുടെ നീക്കം രണ്ടു മാസത്തെ അനിശ്ചിതത്വത്തിനുശേഷം ഉപേക്ഷിക്കേണ്ടിവന്നു. ആർഎസ്എസ് നേതൃത്വവും വസുന്ധരയെ മാറ്റി പുതിയ നേതാവിനെ കൊണ്ടുവരണമെന്ന ആഗ്രഹത്തിലായിരുന്നു.
മുൻ മഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും മുഖ്യമന്ത്രിപദവിയിൽ കണ്ണുവച്ചു നീങ്ങുന്നതു കോൺഗ്രസിനെ ബാധിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എങ്കിലും പരസ്യമായ ഒരു പോരിനോ പ്രവർത്തകർക്കിടയിൽ ഭിന്നിപ്പിനോ കാരണമാകുന്ന രീതിയിലേക്ക് ഇതുവരെ കാര്യങ്ങൾ നീങ്ങിയിട്ടില്ല.
കാലിക്കടത്തു നിരോധനവും ആൾക്കൂട്ട കൊലപാതകവും
ഗോസംരക്ഷണത്തിന്റെ പേരിൽ കാലികളെ വിൽക്കാനോ വാങ്ങാനോ നേരിടുന്ന പ്രയാസവും തിരിച്ചടിയായതു രാജസ്ഥാനിലെ കർഷകർക്കാണ്. ലോകമെമ്പാടും അറിയപ്പെടുന്ന പുഷ്‌കർ മേളപോലും പേരു മാത്രമായി മാറുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കാലിക്കടത്തിന്റെ പേരിലുണ്ടായ ആൾക്കൂട്ട കൊലപാതകങ്ങൾ ന്യൂനപക്ഷ സമുദായങ്ങളിൽ പാർട്ടിക്കെതിരായ വികാരം ആളിക്കത്തിച്ചിട്ടുണ്ട്. എന്നാൽ, ഹിന്ദുവികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാൻ താൽപര്യമില്ലാത്തതിനാൽ പ്രധാന പാർട്ടികളാരും ഇതു തിരഞ്ഞെടുപ്പു വിഷയമായി ചർച്ച ചെയ്യാനുള്ള താൽപര്യം കാണിക്കുന്നില്ല.