- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിശീലകനെന്ന നിലയിൽ ദ്രാവിഡിന് സർവ സ്വാതന്ത്ര്യം നൽകണം; അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ടീമിനെ വിട്ടുകൊടുക്കുക; കാഴ്ചപ്പാടിന് അനുസരിച്ച് ടീമിനെ ഒരുക്കാൻ സമ്മതിക്കുക; 'കോച്ചിങ് പഠിപ്പിക്കാൻ' ശ്രമിക്കരുത്; ബിസിസിഐയോട് ജഡേജ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകൻ രാഹുൽ ദ്രാവിഡിന് സർവ പിന്തുണയും ഉറപ്പാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ മുൻ താരം അജയ് ജഡേജ. ഇന്ത്യൻ ടീമിനെ എങ്ങനെ പരിശീലിപ്പിക്കണമെന്ന കാര്യത്തിൽ ദ്രാവിഡിനെ പഠിപ്പിക്കാൻ ശ്രമിക്കരുതെന്ന ഉപദേശവും ജഡേജ ബിസിസിഐയ്ക്ക് നൽകി.
അച്ചടക്കത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കാര്യത്തിൽ ഉത്തമ മാതൃകയാണ് ദ്രാവിഡെന്ന് ജഡേജ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിന്റെ പരിശീലകനെന്ന നിലയിൽ ദ്രാവിഡിന് സർവ സ്വാതന്ത്ര്യം അനുവദിക്കുകയാണ് ബിസിസിഐ ചെയ്യേണ്ടതെന്ന് ജഡേജ അഭിപ്രായപ്പെട്ടു.
ട്വന്റി20 ലോകകപ്പിനു പിന്നാലെ സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിയുടെ പിൻഗാമിയായി കഴിഞ്ഞ ദിവസമാണ് രാഹുൽ ദ്രാവിഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്.
'ഇന്ത്യൻ ക്രിക്കറ്റിൽ അച്ചടക്കത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും കാര്യത്തിൽ ഒരു മാതൃകയുണ്ടെങ്കിൽ അത് രാഹുൽ ദ്രാവിഡാണ്. ഒരു പരിശീലകനിൽനിന്ന് താരങ്ങൾ പഠിച്ചെടുക്കേണ്ട കാര്യങ്ങൾ പലതുണ്ട്. അതിൽത്തന്നെ പ്രധാനപ്പെട്ട രണ്ടെണ്ണം അച്ചടക്കവും സമർപ്പണ മനോഭാവവുമാണ്.
വിരാട് കോലി സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് അടുത്ത ട്വന്റി20 ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് ദ്രാവിഡാണോ എന്ന് അറിയാൻ കാത്തിരിക്കുന്നു. ദ്രാവിഡിന്റെ കഴിവിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ, ഒരാൾ പരിശീലകനാകുമ്പോൾ അദ്ദേഹത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിക്കണം. അല്ലെങ്കിൽപ്പിന്നെ ആരെയും പിടിച്ച് പരിശീലകനാക്കാമല്ലോ' ജഡേജ ചൂണ്ടിക്കാട്ടി.
'അതുകൊണ്ട് ദ്രാവിഡിനെ പരിശീലകനായി നിയമിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് സമ്പൂർണ സ്വാതന്ത്ര്യം നൽകുക. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ടീമിനെ വിട്ടുകൊടുക്കുക. അതാണ് ബിസിസിഐയോട് എന്റെ അഭ്യർത്ഥന. ദ്രാവിഡിനേപ്പോലൊരു വ്യക്തി ടീമിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ച് ടീമിനെ ഒരുക്കാൻ സമ്മതിക്കുക. എങ്ങനെയാണ് ടീമിനെ പരിശീലിപ്പിക്കേണ്ടതെന്ന് ദ്രാവിഡിനെ പഠിപ്പിക്കാൻ പോകരുത്' ജഡേജ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്