മെൽബൺ: ഓസ്‌ട്രേലിയായിലെ യുവജനങ്ങൾക്ക് പ്രസംഗപരിശീലനം നല്കുന്നതിൽ പ്രശസ്തരായ റോസ്ട്രം ഓസ്‌ട്രേലിയയുടെ ഈ വർഷത്തെ വിക്‌ടോറിയ വോയ്‌സ് ഓഫ് യൂത്ത് പ്രസംഗ മൽസരത്തിൽ മലയാളിയായ അജയ് ജെയ് വിജയിയായി. ഓസ്‌ട്രേലിയായിലെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കഴിഞ്ഞ 40 വർഷമായി നടത്തി വരുന്ന പ്രസംഗ മൽസരത്തിൽ ആദ്യമായാണ് ഒരു മലയാളി വിദ്യാർത്ഥി ജൂനിയർ വിഭാഗത്തിൽ വിക്‌ടോറിയ സംസ്ഥാനത്തിൽ വിജയി ആകുന്നത്.

സൗത്ത് മൊറാങ്ങിലെ മെരിമെഡ് കാത്തലിക് കോളേജിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയായ അജയ്, മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകാഗംങ്ങളായ ജെയ് കുര്യന്റെയും ഷാന്റി ജെയിന്റെയും മകനാണ്. പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന അജയ് അക്കാഡമിക് സ്‌കോളർഷിപ്പും നേടിയിട്ടുണ്ട്. ഡിബേറ്റിങ്ങ് മൽസരങ്ങളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള അജയ്, സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ അൾത്താര സംഘത്തിന്റെ ലീഡറായും പ്രവർത്തിക്കുന്നു. മലയാളം  എഴുതുന്നതിലും സ്ഫുടമായി സംസാരിക്കുന്നതിലും അഭിമാനം കൊള്ളുന്ന അജയ് ഒന്നാം ക്ലാസ്സു മുതൽ ഓസ്‌ട്രേലിയയിലെ സ്‌കൂളുകളിലാണ് പഠിച്ചത് എന്നത് ശ്രദ്ധേയമാണ്.

ജൂലൈ 24 മുതൽ ന്യൂ സൗത്ത് വെയിൽസിലെ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന നാഷണൽ ലെവൽ മൽസരത്തിനായി തയ്യാറെടുക്കുന്ന അജയിനെ, മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, കത്തീഡ്രൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരക്കൽ എന്നിവർ അഭിനന്ദിച്ചു. ഓസ്‌ട്രേലിയായിലെ വളർന്നു വരുന്ന മലയാളി യുവജനങ്ങൾക്ക് മാതൃകയും പ്രചോദനവുമായി മാറി കഴിഞ്ഞ ഈ മിടുക്കന്റെ അടുത്ത വിജയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയായിലെ മലയാളി സമൂഹം.