ന്യൂഡൽഹി: രാജ്യസഭയിൽ സീറ്റ് ഉറപ്പിച്ചശേഷമാണ് സുശീൽ ഗുപ്ത കോൺഗ്രസിൽനിന്നു രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ. എഎപിയുടെ ഡൽഹിയിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഒരാളായി സുശീൽ ഗുപ്തയെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ ആരോപണം. രാജ്യസഭയിൽ സീറ്റ് ഉറപ്പിച്ചശേഷമാണ് സുശീൽ ഗുപ്ത കോൺഗ്രസിൽനിന്നു രാജിവച്ചതെന്നും അന്നുതന്നെ രാജ്യസഭാ സീറ്റിന്റെ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നെന്നും മാക്കൻ ആരോപിച്ചു.

അതേസമയം തന്നെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധവുമായി പാർട്ടിയുടെ സ്ഥാപകനേതാവായ കുമാർ വിശ്വാസ് രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായി ആഞ്ഞടിച്ചു. സത്യങ്ങൾ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷയാണിതെന്നും തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും കുമാർ വിശ്വാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.