ങ്കേതത്തിന്റെ ധാർമ്മികതയെക്കുറിച്ച് എഴുതിയ കുറിപ്പിട്ട ശേഷം വ്യത്യസ്തമായ പ്രതികരണങ്ങൾ എനിക്കു കിട്ടി. അതിൽ പ്രസക്തമായവയ്ക്ക് മറുപടി നൽകേണ്ടതുള്ളതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. മാദ്ധ്യമ പ്രവർത്തകർ ഷിഫ്റ്റ് ഡ്യൂട്ടിയും മറ്റും കഴിഞ്ഞ് വരുമ്പോൾ സങ്കേതത്തിലിരുന്ന് മദ്യം പുറത്ത് നിന്ന് കൊണ്ട് വന്ന് മദ്യപിക്കുന്നതിലെന്താണ് തെറ്റെന്നാണ് ലളിതമായ ഒരു ചോദ്യം. ഇതിനുള്ള ലളിതമായ ഉത്തരം ഈ പ്രവൃത്തി നിയമവിരുദ്ധമാണ് എന്ന് മാത്രമാണ്.

സമൂഹത്തെ നിയമവും നീതിയുമൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുമ്പേ നടക്കേണ്ടവർ നിരന്തരമായി തെറ്റു ചെയ്തുകൊണ്ടിരിക്കുന്നു. പ്രസ്സ് ക്ലബ്ബ് ലൈസൻസുള്ള ബാറോ ലൈസൻസോടെ നിർമ്മാണം അനുവദിച്ചിട്ടുള്ള കേന്ദ്രമോ അല്ല. നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങി വച്ച് വിതരണം ചെയ്യുന്നതിന് അനുമതിയുമില്ല. അപ്പോൾ പുറത്തു നിന്ന് വാങ്ങിക്കൊണ്ട് വന്ന്, മദ്യപിക്കുകയേ മാർഗ്ഗമുള്ളൂ. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് പ്രസ്സ്‌ക്ലബ്ബ് നിയോഗിച്ചിരിക്കുന്ന ജോലിക്കാർ നിലവിലുള്ള നിയമത്തിനു വിരുദ്ധമായി (അതായത് ഒരാൾക്ക് എത്രമാത്രം ബോട്ടിലുകൾ വാങ്ങാമെന്ന് നിയമമുണ്ട്) അവിടെ സൂക്ഷിച്ചു വച്ച് ആവശ്യക്കാർക്ക് കുറെശ്ശയായി മദ്യപിക്കുന്നതിനോ ബോട്ടിലുകൾ വീട്ടിൽ കൊണ്ടു പോകുന്നതിനോ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു സീനിയർ പത്രപ്രവർത്തകൻ ആഭ്യന്തര മന്ത്രിയെ നേരിട്ടു ബോദ്ധ്യപ്പെടുത്തിയതു പോലെ ഓരോ അംഗങ്ങൾക്കു വേണ്ടിയും പ്രത്യേകം അറകളുണ്ടാക്കി വച്ചിരിക്കുകയാണ്. മറ്റൊരു മുൻകാല സങ്കേതം ചുമതലക്കാരൻ ഫെയ്‌സ് ബുക്കിൽപോസ്റ്റു ചെയ്തിരുന്നതുപോലെ നാരങ്ങയും സോഡയും തണുത്തവെള്ളവും ഐസ് കട്ടകളും ഫ്രീസറുമെല്ലാം സജ്ജീകരിച്ചിട്ടുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവിടെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ലാത്തതു കൊണ്ട് പുറത്തു നിന്ന് ചിലർ കൊണ്ടു വരുന്നു, ചിലർക്ക് വാങ്ങിക്കൊണ്ടു വന്നു കൊടുക്കുന്നു. ഭക്ഷണസൗകര്യത്തിനു വേണ്ടിയാണ് പ്രസ്സ് ക്ലബ്ബിന്റെ താഴത്തെ നിലയിൽ ഒരു തട്ട് കട അടുത്തിടെ ആരംഭിച്ചിട്ടുള്ളത്. അതിന് ലൈസൻസ് എടുത്തിട്ടുമില്ല. ചിലർ അതിഥികളോടൊപ്പവും ചിലർ അംഗങ്ങളോടൊപ്പവും രാത്രിയും പകലും മദ്യപിക്കുന്നു. ഭക്ഷണം കഴിക്കുന്നു.

ഇതിലെന്താണ് തെറ്റ് എന്നാണ് ചോദിക്കുന്നത്. തികച്ചും ന്യായമായ ചോദ്യം. ഇതിന് എക്‌സൈസ് വകുപ്പാണ് വിശദീകരണം നൽകേണ്ടത്. എന്നാൽ ഇത് സമൂഹത്തിൽ മറ്റേതെങ്കിലും വിഭാഗത്തില്പെട്ടയാളുകൾ ചെയ്താൽ പൊലീസ് പിടിക്കും. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്ത ചില സ്ത്രീകളുൾപ്പെടെ ബിവറേജസിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ മദ്യം ശേഖരിച്ച് സ്വന്തം വീട്ടിൽ വച്ച് വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്താൽ പൊലീസുകാർ റെയ്ഡ് ചെയ്ത് അറസ്റ്റു ചെയ്യുന്നുണ്ട്. എന്നാൽ നിരന്തരം പൊലീസുകാർ കയറിയിറങ്ങുകയും മന്ത്രിമാർ വരുമ്പോൾ കാവൽ നിൽക്കുകയും ചെയ്യുന്ന പ്രസ്സ്‌ക്ലബ്ബ് സങ്കേതത്തിൽ ഈ പ്രവൃത്തി നിർബാധം തുടരുന്നു. ഇത് നിലനിൽക്കുന്ന അബ്കാരി നിയമമനുസരിച്ച് കുറ്റകരമാണ്. നിയമം നടപ്പിലാക്കേണ്ടവർ കുറ്റകരമായ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നു.

പ്രസ്സ് ക്ലബ്ബിലെ അദ്ധ്യാപകൻ കൂടിയായ ഒരാൾ എന്നോട് പറഞ്ഞത് തനിക്ക് ചിലപ്പോഴൊക്കെ അവിടെ മദ്യപിക്കേണ്ടി വന്നിട്ടുള്ളത് കുറ്റബോധത്തോടെയാണെന്നാണ്. അവിടെ നടക്കുന്നതൊക്കെ തെറ്റായ കാര്യങ്ങളാണെന്നാണ്. എല്ലായിടത്തും നിയന്ത്രണവും നിരോധനവുമൊക്കെ വന്നപ്പോഴെങ്കിലും അവരിതൊക്കെ നിർത്തുമെന്ന് കരുതിയെന്നാണ്.

പത്രപ്രവർത്തകർ സമൂഹത്തിന് മുമ്പേ നടന്ന് നിയമങ്ങളുടെയും അറിവുകളുടെയും വെളിച്ചം പകർന്നു നൽകേണ്ടവരാണ്. സമൂഹത്തെ നയിക്കേണ്ടവരാണ്. നിയമലംഘനങ്ങൾ അധികാരികളെ ബോധ്യപ്പെടുത്താൻ ബാധ്യതപ്പെട്ടവരാണ്. എന്നാൽ അവർ തന്നെ ഇതൊക്കെ ലംഘിച്ചാലോ? എല്ലാ നിയമങ്ങളും പാലിക്കാൻ മറ്റുള്ളവരെല്ലാം ചുമതലപ്പെട്ടവരാണെന്ന് എപ്പോഴും ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ലെന്നു വന്നാലോ?

പ്രസ്സ് ക്ലബ്ബ് ബാറിനെക്കുറിച്ച് വാർത്ത കൊടുത്തതിന്റെ പേരിൽ ഷാജൻ സ്‌കറിയക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ചില മാന്യന്മാരായ പത്രപ്രവർത്തകർ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നത് കണ്ടു. അദ്ദേഹം മുമ്പ് ചെയ്തിരുന്ന തൊഴിലിനെ ആക്ഷേപിച്ചിരിക്കുന്നതും ആക്രമിക്കുന്ന തരത്തിൽ വെല്ലുവിളിക്കുന്നതും കണ്ടു. പത്ര പ്രവർത്തകൻ വന്ന വഴിയന്വേഷിക്കുന്നതും അവരുടെ കുടുംബത്തെ കൂടി വലിച്ചിഴക്കുന്നതും കണ്ടു. അവരവരുടെ വഴികളും കുടുംബപശ്ചാത്തലവും കൂടി വിലയിരുത്താനുള്ള വിവേകമുണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ പ്രതികരിക്കാനിടയില്ല. ഏതായാലും എനിക്കു നേരിടേണ്ടി വന്ന തരത്തിലുള്ള ശാരീരികാക്രമണ ഭീഷണികളും കൊള്ളരുതായ്മകളും ഇപ്പോഴുണ്ടായില്ല എന്നാശ്വസിക്കാം. പലർക്കും തിരിച്ചറിവു വന്നിട്ടുണ്ട്, ചിലരൊക്കെ ശേഷിയില്ലാത്തവരായി തീർന്നിട്ടുമുണ്ട്.

കേരളത്തിലെ ബാർ പ്രശ്‌നം രൂക്ഷമാക്കിയതിൽ നിർണ്ണായക പങ്ക് മാദ്ധ്യമങ്ങൾക്കാണ്. ഓരോ ബാറിന്റെയും പിന്നാലെ നടന്ന് നിരന്തരം വാർത്തകൾ സൃഷ്ടിക്കുകയും ഗവൺമെന്റിനെയും പാർട്ടികളെയുമെല്ലാം വിഷമവൃത്തത്തിലാക്കിയതും ചെയ്തത് മാദ്ധ്യമങ്ങളാണ്. ഇപ്പോൾ സർക്കാരിന് നഷ്ടം വരുമെന്ന് വാദിച്ചു കൊണ്ട് വാർത്ത നൽകുന്നതും ഇതേ മാദ്ധ്യമങ്ങൾ തന്നെ.

ഏതായാലും നിയന്ത്രണമില്ലാത്ത മദ്യപാനം കൊണ്ട് ശിഥിലമായ കുടുംബങ്ങളും കലുഷിതമായ സമൂഹങ്ങളും അമിതമദ്യപാനം കൊണ്ട് തെരുവുകളിൽ പൊലിഞ്ഞു പോയിട്ടുള്ളവരുടെയും അംഗവൈകല്യം ബാധിച്ചവരുടെയും, അമിത മദ്യപാനം കൊണ്ട് തൊഴിൽ നഷ്ടപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെയുമൊക്കെ കുടുംബങ്ങൾ ആശ്വസിക്കുന്നുണ്ട്. ഇത് ഒരു തിരിച്ചറിവിനുള്ള സമയമാണ്. സമൂഹത്തിന് നിഷിധമെന്ന് തോന്നുന്ന ഒരു കാര്യം തങ്ങൾക്കു ബാധകമല്ല എന്ന് മാദ്ധ്യമപ്രവർത്തകർ വാദിക്കുന്നത് തെറ്റാണ്. ആ തെറ്റ് തിരുത്താനും അവസാനിപ്പിക്കാനും അധികാരികൾക്ക് ചുമതലയുണ്ട്. അതവർ നിർവ്വഹിക്കണം.

(സക്കാൾ എന്ന മറാത്തി പത്രത്തിന്റെ കേരള ലേഖകൻ ആണ് അജയകുമാർ)