- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകവികളിൽ 99 ശതമാനവും നല്ല എഴുത്തുകാരികളല്ല; പലരും പുരുഷകവികളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങുന്നു; മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെയുള്ള വാഗ്ദാനത്തിൽ വീഴുന്നവർ അവരുടെ പിന്നാലെ പോകുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസൻ
വൈക്കം: സോഷ്യൽ മീഡിയയിൽ കവിതാ ചർച്ചക്ക് വഴിവെച്ച് അജീഷ് ദാസന്റെ വിവാദ പരാമർശം. കേരളത്തിലെ സ്ത്രീ എഴുത്തുകാർക്കെതിരെയാണ് കവിയും ഗാനരചയിതാവുമായ അജീഷ് ദാസൻ വിവാദ പരാമർശം നടത്തിയത്. കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99 ശതമാനവും നല്ല എഴുത്തുകാരികളല്ലെന്നും നല്ല എഴുത്ത് എഴുതുന്ന പെൺകവികളിൽ പലരും വലിയ എഴുത്തുകാരാക്കാമെന്ന ആൺ കവികളുടെ വാഗ്ദാനങ്ങളിൽ വീണ് എഴുത്ത് അവസാനിപ്പിക്കുകയാണെന്നുമായിരുന്നു അജീഷ് ദാസന്റെ പരാമർശം. പരാമർശം വിവാദമായിട്ടുണ്ട്.
'കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാൽ തന്നെ ഇവിടുത്തെ പ്രമുഖ ആൺ കവികൾ ഉടനെ അവരുടെ ഇൻബോക്സിൽ ചെല്ലുകയായി. പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങൾ നൽകുന്നു, ഈ വാഗ്ദാനങ്ങളിൽ കുടുങ്ങി പെൺകവികൾ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെൺ കവികൾ ഇവിടെ ഇല്ലാതാകുന്നു. പ്രമുഖ ആൺ കവികളുടെ ഇൻബോക്സ് പ്രോത്സാഹനങ്ങളിൽ വീഴുന്നകവികൾ പിന്നീട് അവർ പറയും പ്രകാരം മാത്രമേ പ്രവർത്തിക്കുന്നു,' എന്നുമായിരുന്നു അജീഷ് ദാസ് പറഞ്ഞത്.
വൈക്കം പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന മീരബെന്നിന്റെ പെൺമൊണോലോഗുകൾ എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അജീഷിന്റെ വിവാദ പ്രസ്താവന. അജീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്മണിക്ക് ജീർണ്ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അജീഷ് ദാസൻ നടത്തിയ പ്രസ്താവനയെന്ന് വിവിധ സ്ത്രി കവികൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയിയലും അജീഷിന്റെ വിവാദ പരാമർശത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടഉണ്ട്. നിരവധി പേരാണ് അജീഷിനെിരെ ട്രോളുകളുമായി രംഗത്തുവന്നത്. അജീഷിന്റെ അഭിപ്രായം അങ്ങേയറ്റം അപമാനകരമാണെന്നും പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്‌കാരിക പ്രവർത്തകർ ഈ വിഷയത്തിൽ പുലർത്തിയ കുറ്റകരമായ മൗനത്തേയും കേരളപ്പെൺകവികൾ ഗൗരവത്തോടെ കാണുന്നെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്. അജീഷ് ദാസൻ സ്ത്രീവിരുദ്ധതയും ധാർഷ്ട്യവും നിറഞ്ഞ സ്വന്തം അഭിപ്രായം പിൻവലിച്ച് കേരളത്തിലെ സ്ത്രീകവികളോട് നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ തന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും മാപ്പ് പറയില്ലെന്ന് അജീഷ് ദാസൻ പറഞ്ഞു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും അജീഷ് ചോദിച്ചു. മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ? അതോ, ആ നല്ല കവിത എഴുതുന്ന പെൺ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നൽകി ഇല്ലാതാക്കുന്ന മുതിർന്ന ആൺ കവികളുടെ ഞരമ്പ് രോഗത്തെ വിമർശിച്ചതോ? ഇതല്ലാതെ ഞാൻ അവിടെ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് അജീഷ് പറയുന്നത്.
തന്റെ ജീവിതത്തിൽ ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല, ഇന്നലെ നടന്ന ഒരു ചടങ്ങിൽ ഞാൻ പങ്കുവെച്ച എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ അവരോട് ഐക്യപ്പെടുന്നു. ഇനി മേലിൽ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങൾ പറയില്ലെന്നും അജീഷ് ദാസൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ