തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അജീഷ് അയ്യപ്പനെ കൂടാതെ മറ്റ് രണ്ട് പേരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നയത്. ലഹരിക്ക് അടിമയായ ഇയാൾ ഒരു സൈക്കോ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് യാതൊരു കൂസലും കൂടാതെ ഇയാൾ പൊലീസിനോട് തന്റെ കൊലപാതകശ്രമം വെളിപ്പെടുത്തിയത്.

സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റായ നീലൻ എന്ന അയ്യപ്പനെ (34) വകവരുത്തിയ ശേഷം നെടുമങ്ങാട് കല്ലിയോട് തന്റെ വീടിന് സമീപത്തുള്ള രണ്ട് പേരെക്കൂടി വകവരുത്താനായിരുന്നു ഇയാളുടെ ശ്രമം. മുമ്പ് അജീഷിന്റെ സുഹൃത്തുകളായിരുന്ന ഇരുവരും പിന്നീട് ഇയാളുമായി തെറ്റിപ്പിരിയുകയും പലതവണ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. അയ്യപ്പനെ വെട്ടിനുറുക്കി കൊന്ന ശേഷം ഇവരെ ലക്ഷ്യമിട്ടായിരുന്നു അജീഷ് പോയത്. ഇതാണ് പകക്ക് കാരണമായതും.

അയ്യപ്പനെ വകവരുത്തിയ ശേഷം ഇരുവരെയും അന്വേഷിച്ച് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ശ്രമം പരാജയപ്പെടുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്നിന് അടിയമായ അജീഷ് വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ഓവർബ്രിഡ്ജിലെ സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വകവരുത്തിയത്. ലഹരിപദാർഥങ്ങളുടെ നിരന്തര ഉപയോഗം ഇയാളെ 'സൈക്കോ' ആക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അയ്യപ്പൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകൾ. ഒമ്പത് തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും'- അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപാതകത്തിലൂടെ നാലാളറിയുന്നതിന് വേണ്ടിയാണ് നഗരഹൃദയത്തിൽ തന്നെ പട്ടാപ്പകൽ കൊലപാതകം നടത്താൻ തീരുമാനിച്ചതും മറ്റ് രണ്ട് കൊലകൾ കൂടി ആസൂത്രണം ചെയ്തിരുന്നതും.

ആനായിക്കോണം പാലത്തിന് സമീപം പൊലീസ് ഇയാളെ പിടികൂടാനെത്തിയ വേളയിൽ പൊലീസുകാർക്കെതിരെയും ഇയാൾ അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന് അതിസാഹസികമായാണ് നെടുമങ്ങാട് പൊലീസും ഷാഡോസംഘവും ചേർന്ന് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ മാർച്ച് 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്താലേ കൊലക്ക് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ. ഇതിനായി കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ നൽകും.

കൊല നടന്ന ഹോട്ടൽ സിറ്റി ടവറിൽ ശനിയാഴ്ച രാവിലെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ നാഗർകോവിലിലേക്ക് കൊണ്ടുപോയി. കൊലക്ക് ഉപയോഗിച്ച വെട്ടുകത്തി ഫോറൻസിക് പരിശോധനക്കായി നൽകിയിട്ടുണ്ട്.

അജീഷ് പറയുന്ന കഥയൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിന് നെടുമങ്ങാടുമായും ബന്ധമുണ്ട്. അതുകൊണ്ടാണ് സംശയങ്ങൾ. എന്തുകൊണ്ടാണ് സ്ഥിരമായി ഈ ഹോട്ടലിൽ അജീഷ് മുറിയെടുത്തത് എന്നതിൽ സംശയമുണ്ട്. എന്നാൽ അന്വേഷണം അജീഷിൽ മാത്രമൊതുങ്ങാനും സാധ്യത ഏറെയാണ്. കുറ്റിച്ചൽ രാധാകൃഷ്ണൻ എന്ന പ്രവാസി വ്യവസായിയുടേതാണ് ഈ ഹോട്ടൽ. കുറ്റിച്ചൽ രാധാകൃഷ്ണൻ നെടുമങ്ങാട്-ആര്യനാട് മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യവസായിയാണ്. ഈ വ്യവസായിയോടുള്ള ആരുടെയെങ്കിലും പകയും ആക്രമത്തിന് കാരണമായിട്ടുണ്ടോ എന്ന സംശയം സജീവമാണ്.

1996ൽ പുറത്തിറങ്ങിയ മയൂരനൃത്തം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഗൾഫിൽ നിരവധി സ്ഥാപനങ്ങളുള്ള രാധാകൃഷ്ണൻ. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായ വിക്രമായിരുന്നു ഈ സിനിമയിലെ നായകൻ. നെടുമങ്ങാട്-ആര്യനാട് മേഖലയിലെ സാമൂഹിക പ്രശ്നങ്ങളിൽ അടക്കം നിരന്തരം ഇടപെടൽ നടത്തുന്ന വ്യക്തിയാണ് കുറ്റിച്ചൽ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ രാധാകൃഷ്ണന്റെ വിശ്വസ്തന്റെ മരണം ഈ മേഖലയേയും ഞെട്ടിച്ചിട്ടുണ്ട്.