തിരുവനന്തപുരം : ഇറാഖിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാരിനൊപ്പം നിന്ന് അജീഷ് ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലാണ്. അജീഷിന്റെ പ്രതിശ്രുത വധു യെമനിൽ നേഴ്‌സാണ്. വിവാഹ തീയതിയും നിശ്ചയിച്ച് പ്രിൻസി വരുന്നതും കാത്തിരിക്കുകയാണ്. യെമിലെ യുദ്ധം കാരണം പ്രിൻസിയുടെ വരവും അനിശ്ചിതത്വത്തിലായാ.

ഇറാക്കിലെ കുർദ്ദിസ്ഥാനിൽ നഴ്‌സായ അജീഷ് യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ചവരിൽ പ്രധാനിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ ശ്രമഫലമായി അജീഷ് ഉൾപ്പടെയുള്ളവർ നാട്ടിലെത്തി. പിന്നീട് യുദ്ധം അവസാനിച്ച ശേഷം അജീഷ് കുർദ്ദിസ്ഥാനിലെ സ്വകാര്യ ആശുപത്രിയിൽ ജോലി തേടി പോവുകയായിരുന്നു. ഈ മാസം ഇരുപതിനാണ് അജീഷും പ്രിൻസുമായുള്ള വിവാഹം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിലെ സനാ നഗരത്തിൽ കുടുങ്ങിയ ചങ്ങനാശേരിക്കാരി നഴ്‌സ് പ്രിൻസിക്ക് എപ്പോൾ നാട്ടിലെത്താൻ കഴിയുമെന്ന് ഉറപ്പില്ല. വരുന്ന ശനിയാഴ്ചയാണ് മോതിരം മാറൽ, 20ന് മിന്നുകെട്ട്. പ്രിൻസി രണ്ടുമാസം അവധിയെടുത്ത് മാർച്ച് 30ന് പുറപ്പെടാനിരുന്നതാണ്. പക്ഷേ, അതിനിടെ ആഭ്യന്തരകലാപം രൂക്ഷമായി. യാത്ര ചെയ്യാനിരുന്ന വിമാനം റദ്ദാക്കി. സനാ വിമാനത്താവളത്തിൽ വിമതർ ആക്രമണം നടത്തിയതോടെ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. രക്ഷാദൗത്യവുമായി ഇന്ത്യൻ വിമാനം സനായിൽ ഏപ്രിൽ രണ്ടിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം റദ്ദാക്കി.

വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടാൻ രാവിലെ വിമാനത്താവളത്തിലെത്തിയ പ്രിൻസിയും കൂട്ടുകാരും ഒൻപത് മണിക്കൂർ കാത്തിരുന്ന് നിരാശരായി മടങ്ങി. ചങ്ങനാശേരി പുതുപ്പറമ്പിൽ ദേവസ്യയുടെയും മോനിമ്മയുടെയും മകളായ പ്രിൻസി ഏറെനാളത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ശേഷം രണ്ടുവർഷം മുമ്പാണ് യെമനിലെത്തിയത്. യെമൻ സർക്കാരിന് കീഴിലുള്ള സനായിലെ അൽത്തോറ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ഇവിടെ 600 ഓളം ഇന്ത്യക്കാരുണ്ടെന്ന് പ്രിൻസി പറയുന്നു.

സ്ഥിതിഗതികൾ അറിയാനായി അജീഷ് ദിവസവും രണ്ടുതവണ പ്രിൻസിയെ ഫോണിൽ വിളിക്കും. കഴിഞ്ഞ ദിവസം പ്രിൻസിയുടെ ആശുപത്രിക്ക് നേരെയും ഷെല്ലാക്രമണമുണ്ടായതായി അറിഞ്ഞു. ഇറാക്ക് യുദ്ധകാലത്ത് രക്ഷാപ്രവർത്തനവുമായി സജീവമായി ബന്ധപ്പെട്ടിരുന്ന അജീഷിന് ആ വഴിക്ക് എംബസിയിലെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഓഫീസുമായി അല്പം പരിചയമുണ്ട്. അതുപയോഗിച്ച് പ്രതിശ്രുത വധുവിനെ കല്യാണത്തിന് മുമ്പ് സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.