- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയെന്ന നിലയിൽ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതല എച്ച്ആർഡിഎസിനുണ്ട്; ബിലീവേഴ്‌സ് ചർച്ചിന്റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഷാജ് കിരൺ ഒന്നരമാസം മുൻപ് പാലക്കാട് ഓഫിസിൽ എത്തി; എച്ച്ആർഡിഎസിന്റെ പ്രവർത്തനം സുതാര്യം: വിശദീകരണവുമായി അജി കൃഷ്ണൻ
പാലക്കാട്: സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുമെന്ന നിലപാട് ആവർത്തിച്ചു എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ. ഇരയെന്ന നിയിൽ സ്വപ്‌നയെ സംരക്ഷിക്കേണ്ട ചുമതല എച്ച്ആർഡിഎസിനുണ്ടെന്നും അജി വ്യക്തമാക്കി. അതേസമയം സംഘടനയുടെ സംഘപരിവാർ ബന്ധം സിപിഎം ആരോപിക്കുമ്പോൾ അതിനെ നിഷേധിക്കാനും അജി കൃഷ്ണൻ തയ്യാറായില്ല.
എച്ച്ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിലീവേഴ്‌സ് ചർച്ചിന്റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഷാജ് കിരൺ ഒന്നരമാസം മുൻപ് പാലക്കാട് ഓഫിസിൽ എത്തിയിരുന്നതായും അജി കൃഷ്ണൻ വെളിപ്പെടുത്തി.
സ്വപ്നയുടെ പുതിയ നീക്കങ്ങൾക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള എൻജിഒ എച്ച്ആർഡിഎസാണെന്ന് ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് സെക്രട്ടറി അജി കൃഷ്ണൻ പ്രതികരിച്ചത്. സ്വപ്ന രഹസ്യമൊഴി നൽകിയതിലും അഭിഭാഷകനെ നിയമിച്ചതിലും പങ്കില്ലെന്ന് എച്ച്ആർഡിഎസ് ആവർത്തിക്കുന്നു. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കാൻ സൗകര്യങ്ങൾ നൽകാനാണു തീരുമാനം.
സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരോട് ആർഎസ്എസ് ബന്ധം മോശം കാര്യമാണോ എന്നാണു മറുചോദ്യം. സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണ്. എച്ച് ആർ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാൻ പ്രവർത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആർ ഡി എസിലുണ്ട് എന്നും അജി കൃഷ്ണൻ പറഞ്ഞു.
സ്ഥാപനത്തിനെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്നും, പരാതി സ്വപ്നയെ സഹായിക്കുന്നതിലെ പ്രതികാരമാണെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ മൂർച്ച കൂടുമ്പോഴും സ്വപ്നയോടൊപ്പം അടിയുറച്ചു നിൽക്കാനാണ് എച്ച്ആർഡിഎസിന്റെ തീരുമാനം. എച്ച്ആർഡിഎസ് ഇടപ്പെട്ടാണ് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡൽഹിയിൽ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.
അതേസമയം, മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഉന്നയിക്കും.
നേരത്തെ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോർജ്ജും കേസിൽ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തി സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജിനെ കണ്ടിരുന്നു. ഇതിന് ശേഷം വൈകിട്ട് മാധ്യമപ്രവർത്തകരെ കണ്ട സ്വപ്ന, ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ രണ്ട് ദിവസത്തിനകം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തുന്നത് സർക്കാരും ജലീലുമാണെന്നും അവർ പറഞ്ഞു. രഹസ്യമൊഴിയിൽ പറഞ്ഞത് ഉടൻ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യവും ഉന്നയിച്ചു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ലെന്നും രഹസ്യമൊഴിയിൽ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ