മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് മോഷ്ടിച്ചു കടത്തുകയും സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട അടൂർ ഏഴംകുളം ഗ്രേസ് വില്ലയിൽ അജി ഫിലിപ്പ് നൽകിയിരുന്ന ഹർജി ഹൈക്കോടതി തള്ളി. ഈ ഹർജിയുടെ പേര് അജി ഫിലിപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുകയും ഒളിവിൽ കഴിയാൻ അനുവദിക്കുകയും ചെയ്ത പൊലീസ് ഇനി എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യവുമായി പരാതിക്കാർ. ഒരു കാരണവശാലും അറസ്റ്റ് ചെയ്യരുതെന്ന് അടൂർ ഡിവൈഎസ്‌പിക്ക് സിപിഎം ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയെന്നും സൂചന.

40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് മുറിച്ചു കടത്തിയതിനും കല്ലട ഇറിഗേഷൻ പദ്ധതി ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിയതിനുമാണ് അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് അടൂർ പൊലീസ് കേസെടുത്തിരുന്നത്. കേബിൾ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേരെ ജൂൺ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, അജി ഫിലിപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. അയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ അറസ്റ്റ് വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്ന് നിയമോപദേശം കിട്ടിയെന്നായിരുന്നു ഇതിന് കാരണമായി പൊലീസ് പറഞ്ഞിരുന്നത്. ഇങ്ങനെ ഒരു നിർദ്ദേശം എജിയുടെ ഓഫീസിൽ നിന്ന് നൽകിയിരുന്നില്ല. മാത്രവുമല്ല, മുൻകൂർ ജാമ്യഹർജി നൽകിയതിന്റെ പേരിൽ ഒരാളുടെ അറസ്റ്റ് ഒഴിവാക്കാനോ വൈകിപ്പിക്കാനോ പൊലീസിന് അധികാരവുമില്ല.

അജി ഫിലിപ്പ് നൽകിയത് മുൻകൂർ ജാമ്യഹർജി ആയിരുന്നില്ല. കേസിൽ മൂന്നു പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ആയിരുന്നു. ഈ ഹർജിയിൽ പരാതിക്കാരും കക്ഷി ചേർന്നതോടെയാണ് കോടതി തള്ളിയത്. ഇത്രയും കാലം ഈ ഹർജിയുടെ പേര് പറഞ്ഞ് അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഇനി എന്തു നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഹർജി തള്ളിയതിന് പിന്നാലെ അജി ഫിലിപ്പ് സിപിഎം ജില്ലാ സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും വീടുകൾ സന്ദർശിച്ചു. ഇതേ തുടർന്നാണ് ജില്ലാ നേതൃത്വം അജിയെ അറസ്റ്റ് ചെയ്യരുതെന്ന് അടൂർ ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകിയത് എന്നാണ് സൂചന.
എന്നാൽ, ഒരു കാരണവശാലും അറസ്റ്റ് വൈകിപ്പിക്കാൻ കഴിയില്ല. അജിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം പൊലീസിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ.

സിപിഎം നേതാക്കളുടെ സംരക്ഷണയിലുള്ള അജി ഒളിവിൽ ആണെന്നാണ് പുറമേ പറയുന്നത്. എന്നാൽ, ഇയാൾ സധൈര്യം പൊലീസിന് മുന്നിലൂടെ കറങ്ങി നടക്കുകയാണ്. ഇയാളെ തൊട്ടു പോകരുതെന്ന് കർശന നിർദേശമുള്ളതിനാൽ പൊലീസും നിസഹായരാണ്. ഒളിവിലുള്ള അജി കഴിഞ്ഞ ദിവസം നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് ചെന്നിരുന്നു. മിനുട്സ് ബുക്കിൽ ഒപ്പിട്ട് അജിയെ പോകാൻ അനുവദിച്ചത് ബാങ്ക് പ്രസിഡന്റാണ്. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടമാകുമെന്ന് വന്നപ്പോഴാണ് മോഷണക്കേസ് പ്രതിക്കായി ഒപ്പിടാൻ അവസരം ഒരുക്കിയത്.

ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.