തിരുവനന്തപുരം: ടോമിച്ചൻ മുളകുപാടത്തിന് സന്തോഷമായി. തമിഴ് സൂപ്പർതാരം അജിത്തിന്റെ പുതിയ ചിത്രമായ വിവേകം ആദ്യദിനമായ ഇന്നലെ തിയേറ്ററുകളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. അജിത്തിന്റെ കിടിലൻ ഡയലോഗുകളും സ്റ്റണ്ടുമാണ് മുഴുനീളെ ആക്ഷൻ ചിത്രമായ വിവേകത്തിന്റെ പ്രത്യേകത. ചിത്രം കേരളത്തിൽ ഹിറ്റാകുമെന്ന് ഉറപ്പായി. ഇതോടെ ടോമിച്ചൻ മുളകുപാടവും മലയാള സിനിമയും വീണ്ടും പ്രതീക്ഷയിലായി.

വിവേകത്തിന്റെ കേരളത്തിലെ വിതരണാവകാശം നാലരക്കോടിക്കാണ് മുളകുപാടം ഏറ്റെടുത്തത്. കോടികൾ മുടക്കിയ ദിലീപിന്റെ രമാലീല പെട്ടിയിലാണ്. പുലിമുരുകന്റെ ത്രിഡിയിലും കൈനഷ്ടം വന്നു. അതുകൊണ്ട് തന്നെ വിവേകം കൂടി പൊളിഞ്ഞാൽ മുളകുപാടം വലിയ പ്രതിസന്ധിയിലേക്ക് പോകുമായിരുന്നു. അതാണ് തിയേറ്ററുകിലെ ആവേശം മാറ്റുന്നത്. ഓണത്തിന് മുമ്പ് കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമായി. ദിലീപിന്റെ അറസ്റ്റിന് ശേഷം തിയേറ്ററുകളിലേക്ക് ആരും എത്തിയിരുന്നില്ല. ഇതാണ് മാറുന്നത്. അതുകൊണ്ട് തന്നെ ഓണക്കാലത്തും നല്ല ചിത്രങ്ങൾ പണം വാരുമെന്ന് സിനിമാ ലോകം പ്രതീക്ഷിക്കുന്നു.

വിവേകത്തിൽ അജിത്തിന്റെ മാസ് എൻട്രിയിൽ കേരളത്തിലെ തിയേറ്ററുകൾ ഇളകി മറിഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അജിത്ത് എത്തുന്നത്. റോയിലെ ഭീകരബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥനാണ് പ്രതിനായകൻ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ഈ വേഷം അവതരിപ്പിക്കുന്നത്. അജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്ന കാജൽ അഗർവാളാണ് നായിക.

അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേതാളത്തിന്റെ സംവിധായകൻ ശിവയാണ് വിവേകവും ഒരുക്കിയിരിക്കുന്നത്. കേരളത്തിലാകെ മൂന്നൂറോളം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നു.