- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുപമയും അജിത്തും ഒരുമിക്കാൻ വൈകിയത് ഡിവോഴ്സ് നീണ്ടുപോയതിനാൽ ; നസിയ ഇപ്പോഴും അജിത്തിന്റെ ഭാര്യയാണെന്ന പ്രചരണം പച്ചക്കള്ളം; ഷിജൂഖാനെ രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി സാക്ഷാൽ ആനാവൂർ അതിരാവിലെ രംഗത്ത്; ഈ ജില്ലാ സെക്രട്ടറി പറയുന്നതെല്ലാം നട്ടാൽ കുരുക്കാത്ത നുണ; ആരാണ് അജിത്ത്? ആനാവൂരിന് വായിച്ച് തിരിച്ചറിവുണ്ടാകാൻ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എത്തുന്നത് വീണ്ടും പച്ചക്കള്ളം പറഞ്ഞ്. അജിത്തിന് ഒരു ഭാര്യയുണ്ടെന്നും അവരുടെ അവകാശങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും കടന്നാക്രമണം നടത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. ദത്ത് നടപടിയിൽ വീഴ്ചയില്ലെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് അജിത്തിനെതിരെ വീണ്ടും വ്യാജ പ്രചരണം.
ആരെങ്കിലും സമരം ചെയ്താൽ നടപടി സ്വീകരിക്കില്ല. പാർട്ടിക്ക് ബോധ്യമാകണം. അജിത്തിന് ഒരു ഭാര്യയുണ്ട്. അവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അവർ ഒരു സ്ത്രീയല്ല. അവർക്കും അവകാശമില്ലേ എന്നതാണ് ആനാവൂർ ഉയർത്തുന്ന ചോദ്യം. ഇതു തീർത്തും വ്യാജമാണ്. അജിത്തും ആദ്യ ഭാര്യ രസിയയും തമ്മിൽ വിവാഹ മോചനം നേടിക്കഴിഞ്ഞു. ഡിവോഴ്സ് നടപടി ക്രമങ്ങൾ കോവിഡ് കാലത്ത് വൈകിയതു മൂലമാണ് അനുപമയ്ക്ക് ഈ ദുരവസ്ഥകൾ ഉണ്ടായത്. ഡിഗ്രി പഠനകാലത്തെ ആൾമാറാട്ട കേസിലെ വില്ലനായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് അജിത്തിനെതിരെ കള്ള പ്രചരണം ആനാവൂർ നടത്തുന്നത്.
ഇപ്പോൾ ഒരു നടപടിയും ഷിജൂഖാന്റെ പേരിൽ എടുക്കില്ല. ദത്ത് വിവാദത്തിൽ ഷിജൂഖാന്റെ പേരിൽ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാൻ ഷിജൂഖാനും പരിമിതിയുണ്ടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഎമ്മിന്റെ ജോലിയല്ല. എന്നാൽ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാൽ പാർട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ല എന്നത് തെറ്റായ വാർത്തയാണെന്നും ആനാവൂർ വ്യക്തമാക്കി.
ആരെങ്കിലും സമരം ചെയ്തെന്ന് വിചാരിച്ച് ഒരാൾക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളിൽ രേഖാമൂലം പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നൽകിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതലയെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജൻസിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ശിശുക്ഷേമ കൗൺസിൽ ചെയർമാൻ ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. ഷിജുഖാൻ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങൾ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് തിരുത്താൻ തയ്യാറായിട്ടില്ല.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സർക്കാരിന്റേയും പാർട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ തെറ്റ്പറ്റിയതായി പാർട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല. അനുപമ ഐഎഎസ് നൽകിയ റിപ്പോർട്ടിൽ എവിടെയെങ്കിലും ശിശുക്ഷേമ സമിതിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നാൽ പരിശോധിക്കാമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
ആരാണ് അജിത്ത്? ആനാവൂരിന് വായിച്ചറിയാൻ
അജിത്തിന്റെ അച്ഛൻ കെ. ബേബി സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ്. ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന ബേബി അക്കാലത്ത് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ നേതാവായിരുന്നയാളാണ്. അജിത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബേബി പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുന്നു. അജിത്തിന്റെ അമ്മ ശ്യാമളയും പാർട്ടി അനുഭാവിയാണ്. അജിത്തിന്റെ സഹോദരനും അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം പാർട്ടി അംഗങ്ങളാണ്. ഇവരെല്ലാം ബാലസംഘം മുതൽ തന്നെ പാർട്ടി പ്രവർത്തനം ആരംഭിച്ചവരാണ്. സ്കൂൾ പഠനം നടത്തിയ പട്ടം സെന്റ് മേരീസിലും ശാസ്തമംഗലം ആർകെഡി എൻഎസ്എസിലും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്ത് തന്നെ തിരുവനന്തപുരം മോഡൽ സ്കൂളിലും എസ്എംവിയിലും പഠിച്ചിരുന്ന സുഹൃത്തുക്കൾക്കൊപ്പം എസ്എഫ്ഐ പ്രവർത്തനത്തിലും സജീവമായിരുന്നു അജിത്ത്.
തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ നേതൃരംഗത്തേയ്ക്ക് അജിത്ത് ഉയർന്നു. അന്ന് തിരുവനന്തപുരത്തെ എസ്എഫ്ഐ അന്തരിച്ച പി ബിജുവിന്റെയും ഇപ്പോഴത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന്റെയും നേതൃത്വത്തിൽ രണ്ട് വിഭാഗമായി നിൽക്കുകയായിരുന്നു. പി ബിജുവിന്റെ വിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ റഹീമിന്റെ ടീം കൊണ്ടുപിടിച്ചുശ്രമിക്കുന്ന കാലത്ത് പി ബിജുവിനൊപ്പമായിരുന്നു അജിത്ത് നിലകൊണ്ടത്. ആ കാലഘട്ടം മുതൽ തന്നെ ഷിജുഖാനുമായും അജിത്തിന് ബന്ധമുണ്ടായിരുന്നു.
അതിന് ശേഷം ബാംഗ്ലൂർ വിജയനഗർ കോളേജ് ഓഫ് നേഴ്സിങിൽ നിന്നും അജിത്ത് നേഴ്സിങ് ബിരുദവും സ്വന്തമാക്കി. ഇതിനിടെ സ്കൂൾ പഠനകാലത്ത് തന്നെ അജിത്ത് സിനിമാറ്റിക് ഡാൻസിൽ വൈദഗ്ധ്യം നേടുകയും ഒരു ഡാൻസ് സ്കൂൾ ആരംഭിച്ച് ഡാൻസ് മാസ്റ്റർ എന്ന നിലയിൽ പേരെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനവും നൃത്താധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന സമയത്താണ് ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്യാനുള്ള അവസരം അജിത്തിന് ലഭിക്കുന്നത്. അന്ന് അവിടെ ഡാൻസറായി എത്തിയതാണ് അജിത്തിന്റെ ആദ്യഭാര്യ നസീമ. അവർ ആദ്യഭർത്താവിന്റെ ഗാർഹികപീഡനത്തെ തുടർന്ന് ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. നസീമയുടെ കഷ്ടപ്പാടുകളിൽ തോന്നിയ സഹാനുഭൂമി ഒടുവിൽ പ്രണയമായി ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുകയായിരുന്നു.
അജിത്തിന്റെയും നസീമയുടെയും വിവാഹജീവിതം ഒട്ടും സുഗമമായിരുന്നില്ല. നിരവധി കുടുംബപ്രശ്നങ്ങളിലൂടെ കടന്ന് പോയ ബന്ധം വേർപെടുത്താൻ ഇരുവരും തീരുമാനിക്കുമ്പോഴാണ് അജിത്ത് അനുപമയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് നസീമയുമായി ഡിവോഴ്സ് കേസ് വേഗത്തിലായി. ഇതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അജിത്തിന് ഡിവോഴ്സ് നൽകാതിരുന്നാൽ നസീമയ്ക്ക് ജോലിയും പണവും വാഗ്ദാനം ചെയ്തെങ്കിലും നസീമ അതിന് വഴങ്ങിയില്ല.
ഇതിനിടെ അനുപമ പ്രസവിക്കുകയും ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റുകയും ചെയ്തു. അനുപമയെ തൊടുപുഴയിൽ അമ്മയുടെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. അവിടെ നിന്നും രക്ഷപ്പെട്ടാണ് അനുപമ അജിത്തിനൊപ്പം ചേരുന്നത്.
മറുനാടന് മലയാളി ബ്യൂറോ